Sections

രാജ്യത്തെ 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് സൊമാറ്റോ

Sunday, Feb 12, 2023
Reported By admin
zomato

വരുമാനം 1,024 കോടി രൂപയിൽ നിന്ന് 62.2 ശതമാനം വർധിച്ച് 1,661 കോടി രൂപയായി


രാജ്യത്തെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. പ്രതീക്ഷിച്ച ബിസിനസ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷടം നേരിട്ടതുമാണ് തീരുമാനത്തിന് കാരണം. 356 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൻറെ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളിൽ നിന്ന് 0.3 ശതമാനം ഓർഡർ മാത്രമാണ് ലഭിക്കുന്നതെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.

ആയിരം നഗരങ്ങളിലേക്ക് സർവ്വീസ് സൊമാറ്റോ നേരത്തെ വ്യാപിപ്പിച്ചിരുന്നു. എന്നാൽ ഇവയിൽ മിക്ക നഗരങ്ങളിൽ നിന്നും മികച്ച പ്രതികരണമല്ല സൊമാറ്റോയ്ക്ക് ലഭിച്ചത്. ഒക്ടോബർ, ഡിസംബർ മാസത്തെ പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിലും ഏറെ കുറവായിരുന്നു. ജൂലൈ മാസം മുതൽ സെപ്തംബർ വരെ മികച്ച പ്രതികരണം സൊമാറ്റോയ്ക്ക് ലഭിച്ചിരുന്ന നഗരങ്ങളിൽ പോലും മൂന്നാം പാദത്തിലെ നഷ്ടം വലുതായിരുന്നു. ആഗോള തലത്തിൽ ടെക് സ്ഥാപനങ്ങളിൽ വലിയ രീതിയിൽ പിരിച്ച് വിടലുകൾ നടക്കുന്ന സമയത്ത് സൊമാറ്റോ വലിയ രീതിയിലും ആളുകളെ എടുത്തിരുന്നു. ഇതിനിടയിലാണ് 225 നഗരങ്ങളിലെ സേവനം സൊമാറ്റോ അവസാനിപ്പിച്ചത്.

സെപ്തംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 429.6 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 1,024 കോടി രൂപയിൽ നിന്ന് 62.2 ശതമാനം വർധിച്ച് 1,661 കോടി രൂപയായി.

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നവംബർ മുതൽ 2 ലക്ഷത്തോളം ജീവനക്കാർക്കാണ് ഐടി മേഖലയിൽ തൊഴിൽ നഷ്ടമായിട്ടുള്ളത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ അടക്കമുള്ള സ്ഥാപനങ്ങളിലാണ് വലിയ രീതിയിൽ പിരിച്ചുവിടൽ നടന്നത്. ഇതിൽ മുപ്പത് മുതൽ 40 ശതമാനം വരെ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ്. 2023 ജനുവരിയിൽ മാത്രം 91000 പേര്ക്ക് ജോലി നഷ്ടമായെന്നും വരും മാസങ്ങളിൽ ഇത് കൂടുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.