Sections

പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങി സൊമാറ്റോ

Monday, Aug 22, 2022
Reported By admin
zomato

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നത്

 

പുതിയ ആകര്‍ഷകമായ ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുകളാണ് സൊമാറ്റോ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അംഗങ്ങള്‍ക്കായി പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ ഇരിക്കേ, നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാനായ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്‌ക്രിപ്ഷന്‍ പുതുക്കലും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്.

കോവിഡ് കാലത്ത് നിന്ന് രാജ്യം പഴയപടിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും സജീവമായി തുടങ്ങി. വീട്ടില്‍ നിന്ന് കുടുംബം ഒന്നിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നത്. 

ഡെലിവറിയില്‍ മുന്‍ഗണന നല്‍കുക, മണിബാക്ക് ഗ്യാരണ്ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 2020ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്. 2021ല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം എന്ന മട്ടില്‍ അവതരിപ്പിച്ച സൊമാറ്റോ പ്രോ പ്ലസ് ഇതിനോടകം തന്നെ കമ്പനി നിര്‍ത്തി. 

പുതിയ പ്രീമിയം പ്ലാന്‍ വരുന്ന പശ്ചാത്തലത്തില്‍  സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്‌ക്രിപ്ഷന്‍ പുതുക്കലും നിര്‍ത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. ഉപയോക്താക്കളുടെയും റെസ്റ്റോറന്റ് പങ്കാളികളുടെയും അഭിപ്രായം അനുസരിച്ച് പുതിയ പ്ലാനിന് രൂപം നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ സൊമാറ്റോയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് തുടര്‍ന്നും സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.