Sections

സീയും സോണിയും ഇനി ഒന്നാണ്; ലയനം; വമ്പന്‍ ഡീല്‍

Wednesday, Sep 22, 2021
Reported By admin
 Zee Entertainment

ലയനത്തിനു ശേഷം രൂപീകരിച്ച കമ്പനിയില്‍ സോണി 11605.94 കോടി രൂപ നിക്ഷേപിക്കും

 

സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയുമായി ലയിക്കാന്‍ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ തീരുമാനം. ഇതിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ലയനത്തിന് ശേഷവും പുനിത് ഗോയങ്ക എംഡിയായും സിഇഒയായും തുടരും.  

ലയനത്തിന് ശേഷം സീ എന്റര്‍ടെയ്ന്‍മെന്റിന് 47.07 ശതമാനം ഓഹരിയുണ്ടാകും. അവശേഷിക്കുന്ന 52.93 ശതമാനം ഓഹരി സോണിയുടേതായിരിക്കും. സാമ്പത്തികമായ അളവുകോല്‍ മാത്രം നോക്കിയല്ല ലയന തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചതെന്ന് സീ പറഞ്ഞു. സോണി മുന്നോട്ടുവെച്ച നയപരമായ മൂല്യങ്ങള്‍ കൂടി പരിഗണിച്ചാണിതെന്നും അവര്‍ വിശദീകരിച്ചു.ലയനത്തിനു ശേഷം രൂപീകരിച്ച കമ്പനിയില്‍ സോണി 11605.94 കോടി രൂപ നിക്ഷേപിക്കും.

എല്ലാ ഓഹരി ഉടമകളുടെയും തത്പരകക്ഷികളുടെയും താത്പര്യം പരിഗണിച്ച് തന്നെയാണ് ലയന തീരുമാനം എന്നും സീ വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ വലിയ മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാവാനും അതുവഴി ലാഭവും വളര്‍ച്ചയും നേടാനുമാണ് സീയുടെ ശ്രമം.

സോണിയുടെ ഓഹരി ഉടമകള്‍ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കും. ഇരു കമ്പനികളുടെയും ലീനിയര്‍ നെറ്റ്വര്‍ക്കുകളും ഡിജിറ്റല്‍ ആസ്തികളും പ്രൊഡക്ഷന്‍ ഓപറേഷനും പ്രോഗ്രാം ലൈബ്രറികളും ഒന്നാക്കാനുള്ള തീരുമാനവും മാനേജ്‌മെന്റ് തലത്തില്‍ കൈക്കൊണ്ടിട്ടുണ്ട്.


അടുത്ത 90 ദിവസത്തിനുള്ളില്‍ ഇടപാടിന്റെ കൃത്യത പൂര്‍ത്തിയാക്കും. നിലവിലുള്ള പ്രൊമോട്ടര്‍ കുടുംബമായ സീക്ക് അതിന്റെ ഓഹരി പങ്കാളിത്തം 4 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനുള്ള അവസരമുണ്ട്. ബോര്‍ഡിലെ മിക്ക ഡയറക്ടര്‍മാരെയും നോമിനേറ്റ് ചെയ്യാന്‍ സോണി ഗ്രൂപ്പിന് അവകാശമുണ്ട്.

കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൂടാതെ, ഭാവി വിപുലീകരണ പദ്ധതിയും ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ലയനം മൂലം ഓഹരിയുടമകളുടെ താല്‍പര്യങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.