Sections

പ്രായമേറുകയല്ലേ, സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കേണ്ടേ... ഈ വഴികള്‍ നിങ്ങള്‍ക്ക് വെളിച്ചമേകും

Tuesday, Jan 18, 2022
Reported By Admin
investment

അപ്പോള്‍ ജീവിതത്തിന് ചെലവാക്കലുകള്‍ക്ക് ഏറെ പരിമിതി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്


അമ്പതിന് ശേഷം പല ശാരീരിക രോഗങ്ങള്‍ക്കും വിശ്രമ ജീവിതത്തിനും തുടക്കം കുറിക്കുന്ന കാലമാണ്. കൂടാതെ, കുട്ടികളുടെ വിവാഹം, ഉയര്‍ന്ന വിദ്യാഭ്യാസം, എന്നിവയുടെയും സമയമാണത്. അപ്പോള്‍ ജീവിതത്തിന് ചെലവാക്കലുകള്‍ക്ക് ഏറെ പരിമിതി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഭാവിയിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

വിരമിച്ചതിനു ശേഷം റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ചു ആലോചിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. 50 വയസിനോട് അടുക്കുമ്പോഴോ, 50കളുടെ തുടക്കത്തിലോ എല്ലാ നിക്ഷേപങ്ങളുടെയും തന്ത്രപരമായ അവലോകനത്തിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കണം. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ അവലോകനം ചെയ്യുമ്പോള്‍ മികച്ച സാമ്പത്തിക ഭദ്രതയ്ക്കായി പരിഗണിക്കേണ്ട ഏഴ് സാമ്പത്തിക നടപടികളാണ് താഴെ കൊടുക്കുന്നത്.

1. ശക്തമായ അടിയന്തര ഫണ്ടുകള്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ പ്രായത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിരമിക്കലിനു ശേഷം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ക്ക് ഈ ഫണ്ട് വേണം വിനിയോഗിക്കാന്‍. അല്ലാതെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ചിന്തിക്കുക കൂടി ചെയ്യരുത്. കാരണം നിങ്ങളുടെ ഭാവി നിക്ഷേപങ്ങളെ ആശ്രയിച്ചിരിക്കും.

2. എമര്‍ജന്‍സി ഫണ്ടുകള്‍ വര്‍ധിപ്പിക്കുന്നതിന് സമ്പാദ്യത്തിന്റെ ഒരു ഭാഗം ലിക്വിഡ് ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത് പരിഗണിക്കാം. ലിക്വിഡ് ഫണ്ടുകള്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് താരതമ്യേന മികച്ച വരുമാനം നല്‍കും. കൂടാതെ നിങ്ങള്‍ക്കു യുലിപ് നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍, അവ കാലാവധി പൂര്‍ത്തീകരിക്കുകയാണെങ്കില്‍, ഇക്വിറ്റിയുടെയും ഡെബ്റ്റ് അസറ്റിന്റെയും ആനുകൂല്യങ്ങള്‍ നല്‍കുന്ന സന്തുലിതമായ ഫണ്ടുകളിലേക്ക് മെച്യൂര്‍ഡ് തുക കൈമാറുന്നത് പരിഗണിക്കാം.


 3. എല്ലാ സാമ്പത്തിക ആസ്തികളും ശ്രദ്ധിക്കുകയാണ് വേണ്ടത്. സ്ഥിര നിക്ഷേപങ്ങള്‍, റിക്കറിങ് ഡെപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ബോണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ട്, യൂണിറ്റ്- ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ (യുലിപ്പുകള്‍), ആരോഗ്യ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട് സമ്പാദ്യം, പ്രോപ്പര്‍ട്ടികളിലെ നിക്ഷേപം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെ തന്നെ നിങ്ങളുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ സാമ്പത്തിക ബാധ്യതകളും ശ്രദ്ധിക്കണം. ഭവന വായ്പ, കാര്‍ വായ്പ, വ്യക്തിഗത വായ്പ അല്ലെങ്കില്‍ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഉള്ള ചില വായ്പകള്‍, ഇ.എം.ഐകള്‍ എല്ലാം ഇതില്‍പ്പെടും. കുട്ടികളുടെ വിവാഹമോ, അവരുടെ ഉന്നത വിദ്യാഭ്യാസമോ, വരാനിരിക്കുന്ന കുടുംബ ചടങ്ങുകള്‍ എല്ലാം ഇവിടെ പരിഗണിക്കണം. ഇത്തരം ചെലവുകള്‍ രേഖപ്പെടുത്തുക.

4. ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലും, ഓഹരികളിലും നിങ്ങള്‍ എടുത്തിരിക്കുന്ന റിസ്‌കുകള്‍ കുറയ്ക്കുകയാണ് ചെയ്യേണ്ട പ്രധാന കാര്യം. റിസ്‌ക് എടുക്കാനുള്ള ശേഷി കുറഞ്ഞെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക. കാരണം ജോലിയില്‍നിന്നുമുള്ള സ്ഥിര വരുമാനം വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളിലേക്കു ചുരുങ്ങി കഴിഞ്ഞു. എന്തെങ്കിലും അപകടസാധ്യതകള്‍ ഉണ്ടെങ്കില്‍ അത് കുറയ്ക്കുക. സമാനമായ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക. ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളിലോ, റിക്കറിങ് നിക്ഷേപങ്ങളിലോ ഉള്ള പുതിയ നിക്ഷേപങ്ങള്‍ ഈ പ്രായത്തില്‍ പ്രതീക്ഷിച്ച നേട്ടം നല്‍കണമെന്നില്ല. പണപ്പെരുപ്പവും നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായവും ഇവിടെ പരിഗണിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇതു മികച്ചതാകാന്‍ സാധ്യതയില്ല.

5. നിക്ഷേപങ്ങള്‍ ഡെബ്റ്റ്- ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ടുകളിലേക്ക് മാറ്റുന്നതാകും അഭികാമ്യം. ഇത്തരം ഫണ്ടുകള്‍ 10- 35% ആസ്തികള്‍ ഇക്വിറ്റിയില്‍ അനുവദിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല, പണം ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ പിന്‍വലിക്കാനും സാധിക്കും. സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള നിക്ഷേപങ്ങള്‍ അകാല പിന്‍വലിക്കലുകള്‍ക്കു കൂടുതല്‍ ബാധ്യത വരുത്തും.

6. സ്വര്‍ണത്തിലെ നിക്ഷേപങ്ങള്‍ പണപ്പെരുപ്പത്തിനെതിരേ ഒരു സംരക്ഷണം നല്‍കുമെന്ന് മാത്രമല്ല, അവ നിങ്ങളുടെ നിക്ഷേപങ്ങളില്‍ വൈവിധ്യം കൊണ്ടുവരികയും അനിശ്ചിതകാലങ്ങളില്‍ വളരെ സഹായകരമാകുകയും ചെയ്യും. സ്വര്‍ണ നിക്ഷേപത്തിലേക്കുള്ള എക്സ്പോഷര്‍ നിങ്ങളുടെ മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോയുടെ 10- 15 ശതമാനത്തില്‍ കവിയാനും പാടില്ല.

7. സര്‍ക്കാര്‍ സുരക്ഷയും വരുമാനവും വാഗ്ദാനം ചെയ്യുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപങ്ങളെക്കുറിച്ച് ഈ സമയത്ത് കാര്യമായി തന്നെ പരിഗണിക്കാവുന്നതാണ്. സ്വര്‍ണം നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമല്ലെങ്കില്‍, പോര്‍ട്ട്‌ഫോളിയോയുടെ 10 ശതമാനമെങ്കിലും സ്വര്‍ണാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് നീക്കിവയ്ക്കുക.

50-കളില്‍ എത്തുമ്പോള്‍, നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ പുനഃപരിശോധിക്കുക. അവലോകനത്തിനും നിലവിലെ ആരോഗ്യസ്ഥിതികള്‍ക്കും ശേഷം, കൂടുതല്‍ ആനുകൂല്യങ്ങളും ഫീച്ചറുകളും ചേര്‍ക്കുന്നതും സം അഷ്വേര്‍ഡ് വര്‍ധിപ്പിക്കുന്നതും പരിഗണിക്കാം. നിങ്ങളും കുടുംബവും ഉള്‍പ്പെടുന്ന പോളിസിക്ക് 10-15 ലക്ഷം രൂപയെങ്കിലും സം അഷ്വേര്‍ഡ് ഉണ്ടായിരിക്കുന്നതാണ് ഉചിതം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.