- Trending Now:
നിരവധി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ നിയമവിരുദ്ധമായി രാജ്യത്താകമാനം പ്രവര്‍ത്തനം തുടരുകയാണ്. ഇവ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ മൊബൈല്‍ ഫോണിലുള്ള വ്യക്തിപരമായ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ഗൗരവമേറിയ റിപ്പോര്‍ട്ടുകളുമുണ്ട്
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ അരങ്ങുവാഴുന്നു. ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്ന ആപ്പുകള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുണ്ടായിട്ടും നിര്‍ബാധം പ്രവര്‍ത്തിക്കുന്ന നിരവധി ആപ്പുകള്‍ രാജ്യത്തുണ്ട്. ഇത്തരത്തിലുള്ള ഒരു ആപ്പിലൂടെ തട്ടിപ്പിന് ഇരയായിരിക്കുകയാണ് കോട്ടയം ചുങ്കം സ്വദേശിയായ യുവാവ്. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഈ യുവാവിന് നഷ്ടമായത്.
വീട് പണിയുടെ ആവശ്യത്തിനായാണു ചുങ്കം സ്വദേശി ക്യാഷ് ബസ് എന്ന ആപ്പിലൂടെ 8,000 രൂപ വായ്പയ്ക്ക് ശ്രമിച്ചത്. എന്നാല്‍ കയ്യില്‍ കിട്ടിയത് 5,000 രൂപ മാത്രം. 3,000 രൂപ പ്രൊസസിങ് ഫീസായിരുന്നെന്നാണ് വിശദീകരണം. പണം കൈപ്പറ്റിയ ഉടന്‍ തന്നെ ഏഴുദിവസത്തിനുള്ളില്‍ തിരിച്ചടക്കണമെന്ന നിര്‍ദേശവും എത്തി. പലപ്പോഴായി പണം അടച്ച് തീര്‍ത്തെങ്കിലും വീണ്ടും ലോണ്‍ എടുക്കുന്നതിനും അടച്ച പണം വീണ്ടും അടയ്ക്കുന്നതിനുമായി ഭീഷണിപ്പെടുത്തല്‍ തുടങ്ങി.
ആപ്പിലൂടെ ഗ്യാലറിയിലേക്കും കോണ്‍ടാക്ട്സിലേക്കും ആക്‌സസ് കിട്ടിയ തട്ടിപ്പുസംഘം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മറ്റ് നമ്പറുകളിലേക്കും അയച്ചുതുടങ്ങി. ഇതിനൊപ്പം ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളും സംഘം അയച്ചിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനില്ലെന്നും സ്വയം നേരിടാനുമായിരുന്നു ഉപദേശം. ഇന്‍സ്റ്റന്റ് ലോണിനായുള്ള ആപ്പുകളില്‍ ഭൂരിഭാഗവും തട്ടിപ്പാണെന്നും യുവാവ് പറയുന്നു.
നിയമപരമല്ലാത്ത ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നിലപാട് എടുത്തിട്ടും ഇതിലൂടെ വന്‍തോതില്‍ ബിസിനസ് നടക്കുന്നുണ്ട്. നിരവധി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ നിയമവിരുദ്ധമായി രാജ്യത്താകമാനം പ്രവര്‍ത്തനം തുടരുകയാണ്. ഇവയില്‍ പലതും ലാര്‍ജ് സ്‌കെയില്‍ അടിസ്ഥാനത്തിലാണ് ബിസിനസ് നടത്തുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ വായ്പയുടെ ചുമതലയുള്ള വര്‍ക്കിങ് ഗ്രൂപ്പ് രാജ്യത്തെ 1100 ഡിജിറ്റല്‍ ലോണ്‍ നല്‍കുന്ന കമ്പനികള്‍ നിയമപരമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം പ്രവണതകള്‍ക്കു തടയിടാന്‍ പുതിയ നിയമ നിര്‍മാണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു.
ആഗോള തലത്തില്‍ തന്നെ ഗൂഗിള്‍ ഇത്തരത്തിലുള്ള നൂറു കണക്കിന് ആപ്പുകളെ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്ന് ബ്ലോക്ക് ചെയ്തിരുന്നു. വഞ്ചനാപരവും, ചൂഷണ സ്വഭാവമുള്ളതുമായ ഇടപാടുകളില്‍ നിന്ന് വായ്പ എടുക്കുന്നവരെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു ഇത്.
റിസര്‍വ് ബാങ്കിന്റെ നിലപാടിന് ശേഷവും തങ്ങള്‍ക്ക് അതൊന്നും ബാധകമല്ലെന്ന രീതിയിലാണ് ഇത്തരം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ വിലസുന്നത്. നിരവധി പരാതികളാണ് ഇവയ്‌ക്കെതിരെ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തെവിടെയും കേട്ടു കേഴ്വിയില്ലാത്ത പലിശയാണ് ഇത്തരം ആപ്പുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. കടം വാങ്ങിയവരില്‍ നിന്നും, തിരിച്ചടവു മുടങ്ങിയവരില്‍ നിന്നും പണം തിരിച്ചു പിടിക്കാന്‍ കൊള്ളയ്ക്കു സമാനമായ കാര്യങ്ങളാണ് ഇത്തരം ആപ്പുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്.
പ്രാദേശികമായി നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തുന്ന കണക്കുകള്‍ ഇത്തരം ലോണ്‍ ആപ്പുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ 409 ജില്ലകളിലായി 27,500 ഇന്ത്യക്കാരുടെ ഇടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 14 ശതമാനം ആളുകളും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവരില്‍ 58 ശതമാനവും സ്വയമോ, വീട്ടിലുള്ളവരില്‍ ആരെങ്കിലുമോ 2020 മുതല്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ട്. വാര്‍ഷിക പലിശയായി 25 ശതമാനം പലിശയാണ് ഇവരില്‍ പലര്‍ക്കും അടയ്‌ക്കേണ്ടി വന്നത്.
വേണ്ടത്ര ഈടു നല്‍കാതെ വായ്പ പെട്ടെന്ന് തരപ്പെടുമെന്നതാണ് ആളുകളെ ഇത്തരം ആളുകളിലേക്ക് ആകര്‍ഷിക്കുന്ന ഒന്നാമത്തെ ഘടകം. ലോണ്‍ ലഭിക്കാനായി സമര്‍പ്പിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, പാന്‍ കാര്‍ഡ് മുതലായ തിരിച്ചറിയല്‍ രേഖകളുടെ കോപ്പി അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഇത്തരത്തിലുള്ള ആപ്പുകളുടെ രീതിയാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ മൊബൈല്‍ ഫോണിലുള്ള വ്യക്തിപരമായ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ഗൗരവമേറിയ റിപ്പോര്‍ട്ടുകളുമുണ്ട്. സ്മാര്‍ട് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചതും, കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭ്യമാവും എന്നതും ലോണ്‍ ആപ്പുകള്‍ക്കു തുണയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.