Sections

പകുതി വിലയ്ക്ക് കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാം; എങ്ങനെയെന്നറിയേണ്ടേ? 

Tuesday, Sep 13, 2022
Reported By admin
machinery

സംരംഭകര്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാന്‍ ധനസഹായം ലഭിക്കും

 
കാര്‍ഷികയന്ത്രങ്ങളും കൃഷി ഉപകരണങ്ങളും ഇപ്പോള്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കാം. സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കര്‍ഷകന് നേരിട്ട് ലഭ്യമാക്കുന്നു. കര്‍ഷകര്‍ക്ക് മാത്രമല്ല കാര്‍ഷികയന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭകര്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാന്‍ ധനസഹായം ലഭിക്കും. ട്രാക്ടര്‍, ടില്ലര്‍, സ്‌പ്രേയറുകള്‍, കാടുവെട്ടി യന്ത്രം തുടങ്ങിയ കൃഷി, കാര്‍ഷികോല്പന്ന സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളും കാര്‍ഷികോപകരണങ്ങളും വാങ്ങാം.

ആര്‍ക്കൊക്കെ കിട്ടും?

രണ്ടു ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് 50% വും രണ്ടു ഹെക്ടറിനു മുകളിലുള്ളവര്‍ക്കു 40% വും സബ്‌സിഡി ലഭിക്കും. സ്ത്രീകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 60% വരെ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങള്‍ 80 വരെ ശതമാനം സബ്‌സിഡിയോടെ വാങ്ങാം. സ്മാം പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡീലര്‍മാരില്‍ നിന്നു മാത്രമേ യന്ത്രങ്ങള്‍ വാങ്ങാന്‍ കഴിയൂ.

എങ്ങനെ അപേക്ഷിക്കും?

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. agrimachinery.nic.in എന്ന വെബ് സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ഫാര്‍മര്‍ മെക്കനൈസേഷന്‍ എന്ന ഹോം പേജ് തുറക്കുന്നു. അവിടെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് സബ്‌സിഡിക്കായുള്ള മെയിന്‍ പേജില്‍ എത്തി റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് മെഷിനറി വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കാം. അലോട്ട്‌മെന്റ് വരുന്ന മുറയ്ക്ക് സന്ദേശം ലഭിക്കും. അതിനു ശേഷം ഡീലറെ കണ്ടെത്തി യന്ത്രം വാങ്ങാം. ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും എത്തുന്ന ഉദ്യോഗസ്ഥര്‍ യന്ത്രം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതോടെ സബ്‌സിഡി തുക അക്കൗണ്ടില്‍ എത്തും.

SMAM പദ്ധതി മുഖേന ലഭ്യമാകുന്ന ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിവരം, വില, സവിശേഷതകള്‍, ഡീലര്‍മാരുടെ പട്ടിക എന്നിവ മേല്‍ സൂചിപ്പിച്ച വെബ് സൈറ്റിലെ സിറ്റിസണ്‍ കോര്‍ണര്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് അറിയാം. നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതിയും ഓരോ ഘട്ടത്തിലെ പുരോഗതിയും പോര്‍ട്ടലിലൂടെ അറിയാനുള്ള സൗകര്യവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത കൃഷിഭവനില്‍ നിന്ന് അറിയാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.