Sections

കേരളാ സര്‍ക്കാരിന്റെ ബാധ്യതകളിലേക്ക് കൊച്ചി മെട്രോയും

Thursday, Oct 13, 2022
Reported By MANU KILIMANOOR

കെഎസ് ആര്‍ ടി സി യില്‍ ദിനംപ്രതി യാത്ര ചെയ്യുന്നത് 18 ലക്ഷം മുതല്‍ 20 ലക്ഷം പേര്‍


നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് സഹായം അനുവദിക്കുന്നതിന് സര്‍ക്കാരിന് ഒരു മടിയുമില്ല. എന്നാല്‍ കെ എസ് ആര്‍ ടി സിയ്ക്ക് സഹായം അനുവദിക്കുന്നതിന് വലിയ ബുദ്ധിമുട്ടും.കൊച്ചി മെട്രോയില്‍ ഒരു ദിവസം യാത്ര ചെയ്യുന്നത് അമ്പതിനായിരം പേരാണെന്നാണ് കണക്ക്. ഒരു ദിവസത്തെ നഷ്ടം 93 ലക്ഷം രൂപയാണെന്ന് 2020 - 21 - ലെ വരവ് -ചിലവ് കണക്കില്‍ വ്യക്തമാക്കുന്നു.അതായത് കൊച്ചി മെട്രോയില്‍ യാത ചെയ്യുന്ന യത്രക്കാരില്‍ ഒരാള്‍ക്ക് ശരാശരി 186 രൂപ സര്‍ക്കാര്‍ സഹായം നല്‍കി വരുന്നു. സാധാരണക്കാര്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന കെ എസ് ആര്‍ ടി സി ഒരു മാസം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് 100 കോടി മാത്രമാണ്. കെഎസ് ആര്‍ ടി സി യില്‍ ദിനംപ്രതി യാത്ര ചെയ്യുന്നത് 18 ലക്ഷം മുതല്‍ 20 ലക്ഷം പേര്‍ വരെയാണ്. ശരാശരി 18 ലക്ഷം യാത്രക്കാര്‍ എന്ന് പരിഗണിച്ചാല്‍ പോലും യാത്രക്കാരില്‍ ഒരാള്‍ക്ക് 18.51 രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടി വരുന്നത്.സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സേവനങ്ങളും കെ എസ് ആര്‍ ടി സി ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍, വികലാംഗരുടെ സൗജന്യ യാത്ര, തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈസേവനത്തിന് തുല്ല്യമായ തുക സര്‍ക്കാര്‍ തിരിച്ചു നല്കാറില്ല. കെഎസ് ആര്‍ ടി സിയ്ക്ക് സര്‍ക്കാര്‍ സഹായമായി നല്കുന്നതുകയുടെ പലയിരട്ടിവരും സേവന പ്രവര്‍ത്തനത്തിലൂടെ നഷ്ടമാകുന്ന തുക. ഈ തുക സര്‍ക്കാര്‍ കൃത്യമായി അനുവദിച്ചാല്‍ തന്നെ ഒരു പക്ഷേ കെ എസ് ആര്‍ ടി സി യ്ക്ക് സര്‍ക്കാര്‍ സഹായം ഒഴിവാക്കാന്‍ കഴിയും.

കെഎസ്ആര്‍ടി സിയ്ക്ക് നല്കുന്ന സഹായത്തിന്റെ എത്രയോ മടങ്ങാണ് കൊച്ചി മെട്രോക്ക് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കുന്നത് എന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. നിരവധി സൗജന്യങ്ങള്‍ നല്‍കുന്ന കെ എസ് ആര്‍ ടി സി ട്രൈബല്‍ മേഖല യിലേക്കും, ഒറ്റപ്പെട്ട ഇടങ്ങളിലേക്കും, പല എംഎല്‍എ സര്‍വ്വീസും വരുമാനം നോക്കാതെ സര്‍വ്വീസ് നടത്തുന്നുണ്ട്. സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു ഗതാഗതം സുഗമമായി നടത്തുന്നതിന്ന് കൊച്ചി മെട്രോക്ക് നല്‍കുന്ന സഹായത്തിന്റെ പത്തിലൊന്ന് സഹായം നല്‍കിയാല്‍ മതിയാവും.ഇതു പോലും നല്‍കാത്തത് കെ എസ് ആര്‍ടിസിയെസ്വകാര്യവല്‍ക്കരിക്കാനും, പ്രൈവറ്റ് ബസ്സുകളെ സഹായിക്കാനും വേണ്ടിയാണെന്ന് ആരോപണവുമുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ ഡീസല്‍ സബ്‌സിഡിയും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കണ്‍സെഷന്‍ തുകയും, സ്ത്രീകര്‍ക്കും, കുട്ടികള്‍ക്കും സൗജന്യ യാത്രക്കുള്ള തുകയും, ബസ്സ് വാങ്ങാനുള്ള തുകയും ബഡ്ജറ്റില്‍ വകയിരുത്തുന്നുണ്ട്. കേരളത്തില്‍ ഇത്തരം സഹായം നല്‍കാതെ അമിതജോലിഭാരം നിയമവിരുദ്ധമായി അടിച്ചേല്‍പ്പിക്കാനാണ് മാനേജ്‌മെന്റും, സര്‍ക്കാരും ശ്രമിക്കുന്നത് എന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.