- Trending Now:
നമ്മളെ സ്‌നേഹിക്കുന്നവര്‍ക്കായി നമ്മള്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ ഉദാഹരണമാണ് ഡോക്ടര്‍ രജിത നന്ദിനി. ശിശുരോഗ വിദഗ്ദ്ധയായ രജിതയുടെ മകള്‍ ദുര്‍ഗയ്ക്ക് ചെറുപ്പത്തിലേ ചര്‍മ്മ രോഗമുണ്ട്. അതിനാല്‍ മകള്‍ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ട രജിത പല ഡോക്ടര്‍മാരെയും കണ്ടു, നിരവധി മരുന്നുകളും പരീക്ഷിച്ചു. പക്ഷെ ഒന്നും ഫലം ചെയ്തില്ല. അങ്ങനെ ആട്ടിന്‍പാലില്‍ നിര്‍മ്മിച്ച സോപ്പ് ചര്‍മ്മ രോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന വായിച്ചറിവില്‍ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട സോപ്പ് ഓര്‍ഡര്‍ ചെയ്തു. അത് ഫലം കണ്ടു തുടങ്ങിയപ്പോള്‍ രജിതയ്ക്ക് മുന്‍പില്‍ അടുത്ത പ്രതിബന്ധം ഉടലെടുത്തു.
ആ സോപ്പ് നിര്‍മ്മിക്കുന്ന കമ്പനി പൂട്ടിപോയിരിക്കുന്നു. പിന്നെ ആ കമ്പനി തേടി പോയ ഡോക്ടര്‍ ചെന്നെത്തിയത് രാജസ്ഥാനിലാണ്. ചെലവിനനുസരിച്ചുള്ള വില്‍പനയില്ലാത്തതിനാല്‍ പൂട്ടിയ കമ്പനിയുടെ അധികാരികളോട് 10 സോപ്പെങ്കിലും ഉണ്ടാക്കിത്തരാമോ, എത്ര വില വേണമെങ്കിലും തരാമെന്ന് രജിത അപേക്ഷിച്ചു. പക്ഷെ അവര്‍ കൈ മലര്‍ത്തി. എങ്കില്‍ അതുണ്ടാക്കുന്ന മെഷീന്‍ തരാമോ എന്ന് ചോദിച്ചു. അത് കൈകൊണ്ട് നിര്‍മിക്കുന്ന ഹാന്‍ഡ് മെയ്ഡ് സോപ്പ് ആണെന്നും നിങ്ങള്‍ക്കു വേണമെങ്കില്‍ വീട്ടിലുണ്ടാക്കിക്കൂടേ എന്ന് അവര്‍ തിരിച്ചു ചോദിച്ചു. ആ ചോദ്യം രജിതയുടെ മനസില്‍ കൊണ്ടു.
അന്നേ ദിവസം വരെ സോപ്പ് ഹാന്‍ഡ് മെയ്ഡ് ആയി നിര്‍മിക്കാം എന്ന് അറിയുക പോലുമില്ലാതിരുന്ന രജിത അവ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 'അലോഹ സ്‌കിന്‍ എസന്‍ഷ്യല്‍സ്' ജനിക്കുന്നത്. മകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച അമ്മ ഇപ്പോള്‍ നിരവധി പേരുടെ പ്രശ്‌നങ്ങള്‍ അലോഹയിലൂടെ പരിഹരിക്കുന്നു.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി ഡോ.രജിത നന്ദിനി എന്ന ശിശുരോഗ വിദഗ്ധയുടെയും മകള്‍ ദുര്‍ഗയുടെയും 'അലോഹ' എന്ന ബ്രാന്‍ഡിന്റെയും കഥ അവര്‍ 'വണ്ടര്‍ വുമണ്‍'ല്‍ പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.