- Trending Now:
കൊച്ചി: വനിതാ സംരംഭകർക്ക് മികച്ച സംരംഭങ്ങൾ പടുത്തുയർത്താൻ കഴിയുന്നതാണ് ആതിഥേയ മേഖലയെന്ന് കേരള ട്രാവൽ മാർട്ടിൻറെ 12 ാം ലക്കത്തിൽ പങ്കെടുത്ത വനിതാ സംരംഭകർ അഭിപ്രായപ്പെട്ടു.
വെല്ലിംഗ്ടൺ ഐലൻറിലെ സാഗര-സാമുദ്രിക കൺവെൻഷൻ സെൻററിൽ കെടിഎം-2024 ൻറെ ഭാഗമായി നടന്ന 'ടൂറിസത്തിലെ വനിതാ സംരംഭകത്വ യാത്ര' എന്ന സെഷനിൽ സംസാരിക്കവേയാണ് വ്യവസായ മികവ് കൈവരിച്ച സ്ത്രീകൾ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. ഏറെ പ്രയാസങ്ങളില്ലാതെ തന്നെ സ്ത്രീകൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതാണ് ഹോസ്പിറ്റാലിറ്റി മേഖലയെന്ന് അവർ പറഞ്ഞു.
ആതിഥേയ മേഖലയുടെ ഇന്നത്തെ മാറ്റത്തിന് പിന്നിൽ വനിതാ സംരംഭകരുടെ പങ്ക് നിസ്തുലമാണെന്ന് ശ്രീ ചിത്ര ആയുർവേദ അക്കാദമി സ്ഥാപക ഡോ. പ്രതിഭ മധുസൂദനൻ പറഞ്ഞു. പൗരാണിക അറിവുകളും ആധുനിക ഹോസ്പിറ്റാലിറ്റിയും സംയോജിപ്പിച്ച് കേരളത്തിലെ സാംസ്കാരികവും സാമൂഹികവുമായ അനുഭവങ്ങൾ വിനോദസഞ്ചാരികൾക്ക് സമ്മാനിക്കാൻ ഈ മേഖലയിലെ വനിതാ ആയുർവേദ സംരംഭകർക്ക് സാധിക്കുമെന്ന് അവർ പറഞ്ഞു. ഇതിനായി വെൽനസ് ടൂറിസത്തിലും മെഡിക്കൽ ടൂറിസത്തിലും ശ്രദ്ധപതിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കരിയറും വ്യക്തിജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടു പോകുന്ന കാര്യത്തിൽ സ്ത്രീകൾക്ക് ധാരാളം വെല്ലുവിളികളുണ്ട്. അതേസമയം ടൂറിസം വ്യവസായത്തിൽ വനിതകൾക്ക് അവസരങ്ങളുടെ മഹാസമുദ്രമാണുള്ളതെന്ന് അവർ അഭിപ്രായപ്പെട്ടു.
സുസ്ഥിരത, വെൽനെസ്, ഹോസ്പിറ്റാലിറ്റി എന്നിവയിൽ വനിതാ സംരംഭകർക്ക് അനന്ത സാധ്യതയുണ്ട്. സ്ഥിരോത്സാഹത്തിനൊപ്പം കുടുംബത്തിൻറെ പിന്തുണയും കൂടിയാകുമ്പോൾ വിജയം കൈപ്പിടിയിലൊതുക്കാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.
എല്ലാ പ്രവർത്തനങ്ങളിലും സുസ്ഥിരമായ രീതികൾ സംരംഭകർ സ്വീകരിക്കണമെന്ന് ഫ്രാഗ്രൻറ് നേച്ചർ റിസോർട്സ് ഡയറക്ടർ ആനി സജീവ് പറഞ്ഞു. വനിതാ സംരംഭകർ തങ്ങളുടെ കഴിവിൽ വിശ്വസിക്കണമെന്നും ജീവിതത്തെ മാറ്റിമറിക്കാൻ സംരംഭങ്ങൾക്ക് ശക്തിയുണ്ടെന്നും ചലച്ചിത്ര നിർമ്മാതാവ് കൂടിയായ അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളം ഹോസ്പിറ്റാലിറ്റി മേഖലയിൽ സ്ത്രീകളുടെ നേതൃത്വം പ്രകടമാണെന്ന് ആലുവയിലെ പാരഡൈസ് ഹോളിഡേയ്സ് ഡയറക്ടർ ശ്രീദേവി രതീഷ് പറഞ്ഞു. മൾട്ടി ടാസ്കിംഗ്, ടൈം മാനേജ്മെൻറ്, സർഗ്ഗാത്മക ചിന്ത, പ്രചോദനം പിന്തുടരുക എന്നിവ വനിതാ സംരംഭകർക്ക് അത്യന്താപേക്ഷിതമാണെന്ന് അവർ പറഞ്ഞു.
കൃത്യമായ പരിശീലനത്തിൻറെ അഭാവം സ്ത്രീ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. സംരംഭകത്വ അഭിരുചിയും പരാജയങ്ങളെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയും വനിതാ സംരംഭകർക്ക് ഉണ്ടായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി ഡയറക്ടർ നിർമ്മല ലില്ലി മോഡറേറ്ററായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.