- Trending Now:
സംസ്ഥാനത്തെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാന വനിത വികസന കോർപ്പറേഷൻ കോഴിക്കോട് വനിതാ സംരംഭകരുടെ മെഗാ മേള സംഘടിപ്പിക്കുന്നു. 200 വനിതകളാണ് ആഗസ്റ്റ് 20 മുതൽ 26 വരെ ബീച്ചിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി ഫുഡ് കോർട്ടും കലാസന്ധ്യയും ഉണ്ടാകും.
ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.
വനിതകൾക്ക് വേണ്ടി ഒരു പ്രൊജക്റ്റ് കൺസൾട്ടൻസി പദ്ധതി ഈ വർഷം പുതുതായി അവതരിപ്പിക്കുകയാണ് കോർപ്പറേഷൻ. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അതിന്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കൈത്താങ്ങാവുകയുമാണ് ഈ ഏകജാലക സേവന സംവിധാനത്തിലൂടെ ചെയ്യുന്നത്. അതിന്റെ തുടക്കമെന്ന നിലയിലാണ് എസ്കലേറ എന്ന പേരിൽ വനിത സംരംഭക പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.
സംരംഭകരുടെ തനത് ഉൽപന്നങ്ങളാണ് മേളയിലുള്ളത്. റെഡിമെയ്ഡ് കൈത്തറി വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ ഉൽപന്നങ്ങൾ, ശുദ്ധമായ തേൻ, സൗന്ദര്യ വർധക വസ്തുക്കൾ, മറയൂർ ശർക്കര തുടങ്ങിയ ഉൽപന്നങ്ങൾ മേളയിലുണ്ടാകും.
മേളയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. മാലിന്യ സംസ്കരണ രംഗത്തെ തൊഴിൽ സാധ്യതകൾ, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണവും, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ നടക്കുക.
സമാപന സമ്മേളനം ആഗസ്റ്റ് 26 ന് വൈകിട്ട് 5.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.