Sections

എതിരാളികള്‍ക്കായി ജോലി ചെയ്യുന്ന പരിപാടി വേണ്ട; മൂണ്‍ലൈറ്റിംഗിനെതിരെ വീണ്ടും വിപ്രോ

Thursday, Oct 13, 2022
Reported By admin
wipro

വിപ്രോയുടെ ത്രൈമാസ വരുമാനം 9.3 ശതമാനം ഇടിവ് രേഖപെടുത്തിയിട്ടുണ്ട്

 

ഒരേ സമയം രണ്ടു കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനെതിരെ വീണ്ടും രംഗത്തെത്തി വിപ്രോ. മറ്റ് കമ്പനികളില്‍ ഒരേസമയം ജോലി ചെയ്തതിന് 300 ജീവനക്കാരെ കഴിഞ്ഞ മാസം വിപ്രോ പിരിച്ച് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് കമ്പനിക്ക് വിവിധ കോണുകളില്‍ നിന്നായി നേരിടേണ്ടി വന്നിട്ടുള്ളത്. ആഴ്ചകള്‍ക്ക് ശേഷം വീണ്ടും തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിപ്രോ. 

ചെറിയ മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെങ്കില്‍ പോലും ഒരു മുന്‍നിര കമ്പനിയില്‍ ജോലി ചെയ്യവേ അവരുടെ തന്നെ എതിരാളികളായ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് തെറ്റാണെന്ന് വിപ്രോ മേധാവി  റിഷാദ് പ്രേംജി പറഞ്ഞു. ഇതിനെ വഞ്ചന എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിപ്രോ ഉദ്യോഗാര്‍ത്ഥിക്കു മുന്‍പില്‍ വെയ്ക്കുന്ന കരാറില്‍ മൂണ്‍ലൈറ്റിംഗ് പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇത് നിയമപരമായി പ്രശ്‌നമുള്ള കാര്യമല്ലെങ്കിലും കമ്പനിക്ക് അങ്ങനെയല്ല എന്ന് സിഇഒ വ്യക്തമാക്കി. ഒരു കമ്പനിയില്‍ മുഴുവന്‍ സമയ ജോലി ചെയ്യവേ മറ്റു കമ്പനികള്‍ക്ക് വേണ്ടി കൂടി ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് പറയുന്നത് 

വിപ്രോയുടെ ത്രൈമാസ വരുമാനം 9.3 ശതമാനം ഇടിവ് രേഖപെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിപ്രോ സിഇഒ മൂണ്‍ലൈറ്റിംഗിനെ കുറിച്ച് വീണ്ടും പരാമര്‍ശിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങളെ കുറിച്ചോ സൈഡ് ജോബുകളെക്കുറിച്ചോ അല്ല സംസാരിക്കുന്നത് എന്നും എതിരാളികള്‍ക്ക് വേണ്ടി ജോലി ചെയ്യന്‍ തയ്യാറാകുന്ന പ്രവണതയെ എതിര്‍ക്കുക മാത്രമാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ അത് മനസ്സിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക് കമ്പനിയായ വിപ്രോ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 14,000 പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്, വിപ്രോയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 2.6 ലക്ഷം മാത്രമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.