Sections

ജനുവരി ഒന്നിന് പുതിയ 1000 രൂപ നോട്ട് പുറത്തിറങ്ങുമോ ? നിജസ്ഥിതി അറിയാം 

Sunday, Dec 18, 2022
Reported By admin
rupee

1,000 രൂപ നോട്ട് പുറത്തിറങ്ങുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം മുറുകി


കഴിഞ്ഞയാഴ്ച രാജ്യസഭയുടെ ശൂന്യവേളയിൽ ബിജെപി അംഗം സുശീൽ കുമാർ മോദിയാണ് 2,000 രൂപയുടെ കറൻസി നോട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ മറുപടിയെന്നോണം 2,000 രൂപ നോട്ടുകൾ പുതിയതായി അച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കി. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ 2023 ജനുവരി ഒന്നിന് പുതിയ 1,000 രൂപ നോട്ട് പുറത്തിറങ്ങുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം മുറുകി. പലരും വിശ്വസിക്കുകയും നിജസ്ഥിതി അറിയും മുമ്പേ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പുതിയ 1,000 രൂപ നോട്ട് പുറത്തിറക്കുന്നുവെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാരിന്റെ കീഴിൽ വ്യാജവാർത്തകൾ കണ്ടെത്താൻ ഔദ്യോഗികമായി പ്രവർത്തിക്കുന്ന 'പിഐബി ഫാക്ട് ചെക്ക്' രംഗത്തെത്തി. 2023 ജനുവരി ഒന്നനി പുതിയ 1,000 രൂപ പുറത്തിറക്കുമെന്നും 2,000 രൂപ പിൻവലിക്കുമെന്നും പറയുന്ന വൈറൽ വീഡിയോ വ്യാജമാണ്. 2,000 രൂപയുടെ കറൻസി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുമില്ല. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകി.

കള്ളപ്പണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെ 2016 നവംബറിലെ നോട്ട് നിരോധനത്തിലൂടെയാണ് അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 500 രൂപയുടേയും 1,000 രൂപയുടേയും നോട്ടുകൾ ഒറ്റയടിക്ക് കേന്ദ്രസർക്കാർ പിൻവലിച്ചത്. തുടർന്ന് പുതിയ രൂപത്തിൽ 500 രൂപ അവതരിപ്പിക്കുകയും 1,000 രൂപയ്ക്ക് പകരമെന്നോണം 2,000 രൂപ പുറത്തിറക്കുകയും ചെയ്തു. എന്നാൽ 2018-19 സാമ്പത്തിക വർഷത്തിനു ശേഷം 2,000 രൂപയുടെ കറൻസി നോട്ടുകൾ പുതിയതായി അച്ചടിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, 2021-22 സാമ്പത്തിക വർഷത്തിനിടെ 2,30,971 വ്യാജനോട്ടുകൾ പിടിച്ചെടുത്തുവെന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. 2005 മഹാത്മ ഗാന്ധി സീരിസിലെ എല്ലാ വിഭാഗം നോട്ടുകൾക്കും 2015-ഓടെ തന്നെ പുതിയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ നോട്ടുകൾ അച്ചടിക്കുന്നു. പ്രത്യക്ഷത്തിൽ തിരിച്ചറിയാവുന്ന നോട്ടിലെ സവിശേഷതകൾ കാരണം സാധാരണക്കാർക്കും വേഗത്തിൽ വ്യാജനെ കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ട്. താഴ്ന്ന നിലവാരത്തിൽ നിർമിക്കുന്ന 90 ശതമാനം വ്യാജനോട്ടുകളും ബാങ്കിംഗ് സംവിധാനത്തിലൂടെ തന്നെ കണ്ടുപിടിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.