Sections

കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഏഴ് മാസത്തിനകം പുതുക്കി നിശ്ചയിക്കുന്നതിന് നടപടിയാകുമെന്ന് തൊഴിൽ- വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Saturday, Jul 08, 2023
Reported By Admin
Cashew Sector

മിനിമം വേതനം പുതുക്കൽ: തെളിവെടുപ്പ് ഈ മാസം തുടങ്ങും- മന്ത്രി വി ശിവൻകുട്ടി


കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഏഴ് മാസത്തിനകം പുതുക്കി നിശ്ചയിക്കുന്നതിന് നടപടിയാകുമെന്ന് തൊഴിൽ- വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൂലി പുനർനിർണയിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ തെളിവെടുപ്പ് നടത്തുന്നതിന് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 22 ന് തിരുവനന്തപുരത്തും ജൂലൈ 31 ന് കൊല്ലത്തും ഓഗസ്റ്റ് നാലിന് ആലപ്പുഴയിലും ഫാക്ടറികൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. കശുവണ്ടി വ്യവസായ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധ സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് എട്ടിന് കൊല്ലത്ത് പൊതുവായ ഒരു തെളിവെടുപ്പും നടത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാനും നിലവിൽ പ്രവർത്തിക്കുന്നവ ലാഭകരമായി നടത്താൻ കഴിയുന്ന തരത്തിൽ പദ്ധതി ആവിഷ്കരിക്കുന്നതിന് ഒരു വിദഗ്ധ സമിതി സർക്കാർ രൂപീകരിക്കുകയും ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക, 200 ദിവസം തൊഴിൽ നൽകുക, കശുവണ്ടിയുടെ ആഭ്യന്തര ഉത്പ്പാദനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുക.

കശുവണ്ടി മേഖലയ്ക്ക് ബജറ്റിൽ അനുവദിച്ച 37 കോടി രൂപ വിനിയോഗിച്ച് അടഞ്ഞു കിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. തൊഴിലാളികൾക്ക് നൽകാൻ ഉണ്ടായിരുന്ന ഗ്രാറ്റുവിറ്റി കുടിശിക 84 കോടി രൂപ കൊടുത്തു തീർത്തു. കട്ടിങ് മെഷീൻ വികസിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രുയുടെയും വ്യവസായ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ജൂലൈ 19ന് ചേരുന്ന വ്യവസായബന്ധ ബോർഡിൽ ഈ വിഷയങ്ങൾ മുഖ്യ അജണ്ടയായി ചർച്ച ചെയ്യും. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി വ്യവസായ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് വിശദമായ പ്രൊജക്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും ബോണസ് സംബന്ധിച്ച് തിരുവനന്തപുരത്ത് ഉടൻ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

ലേബർ സെക്രട്ടറി അജിത്കുമാർ, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്മെന്റ്) കെ എം സുനിൽ, റീജ്യനൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ്കുമാർ, സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കശുവണ്ടി വ്യവസായ ബന്ധ ബോർഡ് അംഗങ്ങൾ, തൊഴിലുടമകൾ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.