Sections

ഭര്‍ത്താവിന്റെ വരുമാനം അറിയാന്‍ പതിനെട്ട് അടവും പയറ്റി ഭാര്യ, വിവരാവകാശ നിയമപ്രകാരമുള്ള പോരാട്ടത്തിന് ഒടുവില്‍...

Monday, Oct 03, 2022
Reported By admin
legal

ഭര്‍ത്താവിന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം ഭാര്യ അപേക്ഷ നല്‍കിയതാണ് പുതിയ സംഭവം

 

 വിവാഹമോചനത്തിന് ഫയല്‍ ചെയ്യുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇരുപക്ഷത്തിന്റെയും ആസ്തിയും വരുമാനവും അടക്കം എല്ലാ സാമ്പത്തിക കാര്യങ്ങളും വിവാഹ മോചന കേസുകളില്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. ചില സമയങ്ങളില്‍ ഇരുവരുടെയും വരുമാനത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെന്നും വരാം.

ഭര്‍ത്താവ് വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭാര്യയ്ക്ക് മറ്റു വഴികള്‍ നോക്കാവുന്നതാണ്. അത്തരമൊരു കേസാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഭര്‍ത്താവിന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം ഭാര്യ അപേക്ഷ നല്‍കിയതാണ് പുതിയ സംഭവം.

ഭാര്യയുടെ അപേക്ഷ പരിഗണിച്ച് ഭര്‍ത്താവിന്റെ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. നികുതി വിധേയമായ വരുമാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ 15ദിവസത്തിനകം നല്‍കാനാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

സഞ്ജു ഗുപ്തയാണ് ഭര്‍ത്താവിന്റെ വരുമാനം അറിയാന്‍ വിവരാവകാശ നിയമത്തെ ആശ്രയിച്ചത്. തുടക്കത്തില്‍ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ സമ്മതം ആവശ്യമാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ സഞ്ജു ഗുപ്ത ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കി. 

ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയും സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറിന്റെ അതേ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് സഞ്ജു ഗുപ്ത സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്നും സമാനമായ കേസുകളില്‍   മുന്‍പ് ഉണ്ടായിട്ടുള്ള വിധികളുടെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ വിധി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.