- Trending Now:
ഒരു കഥ പറയാം. വിഷ്ണു കേരളത്തിലെ ഒരു പ്രധാന നഗരം കേന്ദ്രീകരിച്ച് അരിപ്പൊടി ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ഒരു ബിസിനസുകാരനാണ്. ബാങ്ക് വായ്പ ഒക്കെ എടുത്താണ് ബിസിനസ് ആരംഭിച്ചത്. ഈ ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് അദ്ദേഹം കൃത്യമായി വിപണി പഠിക്കുകയും തന്റെ ഉത്പന്നത്തിന്റെ എതിരാളി ആരാണെന്നും ആ ഉത്പന്നത്തെകഴിഞ്ഞും മികച്ച രീതിയില്‍ എങ്ങനെ തന്റെ ഉത്പന്നം നിര്‍മിച്ചു വിപണനം ചെയ്യാമെന്നും അയാള്‍ ഒരു പദ്ധതി തയ്യാറാക്കി. പദ്ധതി പ്രകാരം ബാങ്ക് വായ്പ ഒക്കെ സുഖമായി അടഞ്ഞു പോയി നല്ലൊരു ലാഭം തനിക്ക് എടുക്കാമെന്ന് വിഷ്ണു കണക്ക് കൂട്ടി.
നിലവില്‍ വിപണിയില്‍ ഉള്ള ഉത്പന്നത്തെ കഴിഞ്ഞും ഗുണമേന്മയുള്ള എന്നാല്‍ വിലയില്‍ കുറവുള്ള ഒരു ഉത്പന്നം നിര്‍മ്മിക്കാന്‍ വിഷ്ണുവിന് സാധിച്ചു. എന്നാല്‍ ബിസിനസ് മുന്നോട്ട് പോകും തോറും വിഷ്ണുവിന് മനസിലായി താന്‍ കണക്ക് കൂട്ടിയ നിലയിലുള്ള വില്പനയും വിപണിയും തന്റെ ഉത്പന്നത്തിന് ലഭിക്കുന്നില്ല. തന്റെ പദ്ധതികള്‍ പാളുന്നത് വിഷ്ണു തിരിച്ചറിഞ്ഞു. നേരത്തെ പത്തും പന്ത്രണ്ടും മണിക്കൂര്‍ ബിസിനസ് കാര്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നു വിഷ്ണു പതിനാറും ഇരുപതും മണിക്കൂര്‍ ഇപ്പോള്‍ ചെലവഴിക്കാന്‍ തുടങ്ങി. എന്നിട്ടും ബിസിനസ് താന്‍ വിചാരിച്ച തലത്തിലേക്ക് ഉയര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. മികച്ച ഗുണമേന്മ ഉള്ള വിലകുറവുള്ള ഉത്പന്നമായിട്ടു കൂടി എന്ത് കൊണ്ട് തന്റെ ഉത്പന്നത്തിന് നിലവില്‍ വിപണിയിലുള്ള മറ്റ് ഉത്പന്നത്തെ മറികടക്കാന്‍ കഴിയുന്നില്ലാ എന്ന് വിഷ്ണു ചിന്തിച്ചു വിഷമിച്ചു.
ഈ വിഷ്ണുവിനെ പോലെ തന്നെയാണ് നല്ലൊരു ശതമാനം ബിസിനസ് ചെയ്യാന്‍ ഇറങ്ങി തിരിക്കുന്ന തുടക്കക്കാരും ഇപ്പോള്‍ ബിസിനസ് നടത്തുന്ന പലരും. നിലവില്‍ വിപണിയിലുള്ള റൈവല്‍ പ്രോഡക്റ്റിനെ കഴിഞ്ഞും നിങ്ങളുടെ ഉത്പന്നം മികച്ചതായിരിക്കും. പക്ഷെ ഏറ്റവും വലിയ ചോദ്യം ഇതാണ്. നിങ്ങളുടെ ഈ ഉത്പന്നത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അല്ലെങ്കില്‍ കസ്റ്റമര്‍ക്ക് എത്രത്തോളം അറിയാം?? വര്‍ഷങ്ങളായി വിപണിയിലുള്ള റൈവല്‍ പ്രോഡക്റ്റ്, അവരെ ആളുകള്‍ക്ക് സുപരിചിതമാണ്. അവര്‍ക്ക് ഒരു പക്ഷെ പരസ്യം ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ മാധ്യമങ്ങളില്‍ ആ ഉത്പന്നത്തെക്കുറിച്ച് പരസ്യങ്ങളോ ലേഖനങ്ങളോ ഇടയ്ക്കിടക്ക് വരുന്നതാകാം. ആ ഉത്പന്നത്തിന്റെ കമ്പനി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പൊതുധാരയില്‍ നിലനിര്‍ത്താന്‍ അവര്‍ 'പിആര്‍' അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍ രീതികള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നവരാകാം. അത് കൊണ്ട് തന്നെ ഒരു ഉപഭോക്താവിന്റെ ആദ്യ ചോയ്സ് ആ കമ്പനിയുടെ ഉത്പന്നമാകും. കാരണം ഉപഭോക്താവിന് ആ ഉത്പന്നത്തെക്കുറിച്ച് കണ്ടും കേട്ടും പരിചയം കാണും.
എന്താണ് പബ്ലിക് റിലേഷന്‍സ്?
നിങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോ അല്ലെങ്കില്‍ കമ്പനിയെയോ കുറിച്ചുള്ള കൃത്യമായ അറിവ് കൃത്യമായ ഇടങ്ങളില്‍ കൃത്യമായി ആളുകളിലേക്ക് എത്തിച്ച് നിങ്ങളുടെ ബ്രാന്‍ഡിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയാണ് പബ്ലിക് റിലേഷന്‍സ് അഥവാ പിആര്‍. നിലവില്‍ വലുതും ഇടത്തരം കമ്പനികളും പബ്ലിക് റിലേഷനായി വലിയ തുക ചെലവാക്കാറുണ്ട്. തങ്ങളുടെ പേര് പൊതു ധാരയില്‍ നിര്‍ത്തണമെന്നത് അവര്‍ക്ക് അത്ര പ്രധാനമാണ്. ഉദാഹരണത്തിന് ഒരു ഒരു രണ്ടു ഐടി കമ്പനികളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ആയിരകണക്കിന് കമ്പനികള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും പറയുക ഇന്‍ഫോസിസും വിപ്രോയും എന്നാകും. കാരണം മാധ്യമങ്ങളിലൂടെയും അല്ലാതെയും അവരുടെ പേര് നമ്മുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞു. ആ കമ്പനികളുടെ പിന്നിലുള്ള പിആര്‍ അത്ര ശക്തമാണ്.
ഏതൊരു ഉത്പന്നത്തിനും പബ്ലിസിറ്റി ആവശ്യമാണ്. അതിപ്പോള്‍ സ്വര്‍ണ്ണമാണെങ്കിലും മൊട്ടുസൂചിയാണെങ്കിലും. നിങ്ങള്‍ ഒരു ഉത്പന്നമോ സേവനമോ പുറത്തിറക്കിയാല്‍ അത് ഉപഭോക്താവ് അല്ലെങ്കില്‍ നിങ്ങളുടെ ഭാവി ഉപഭോക്താവ് അറിയണം. എങ്കിലേ അതിന് നിങ്ങള്‍ വിചാരിക്കുന്ന അല്ലെങ്കില്‍ അതിനപ്പുറമുള്ള ,മാര്‍ക്കറ്റ് ലഭിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ പിആറും മാര്‍ക്കറ്റിങ്ങും ഒരേ തലത്തില്‍ സഞ്ചരിക്കേണ്ട കാര്യമാണ്. പി ആര്‍ അല്ലെങ്കില്‍ പബ്ലിസിറ്റി ഇല്ലാതെ നമ്മള്‍ എത്ര കഠിനാധ്വാനം ചെയ്താലും നമ്മള്‍ക്ക് മാര്‍ക്കറ്റില്‍ ഒന്നാമതാകാന്‍ കഴിയില്ല. ഓര്‍ക്കുക ഇക്കാലത്ത് ഹാര്‍ഡ് വര്‍ക്കല്ല വേണ്ടത് സ്മാര്‍ട്ട് വര്‍ക്കാണ്.
സെല്‍ഫ് പി ആര്‍
നിങ്ങള്‍ നിങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോകുറിച്ച് ഓരോ ദിവസവും പുതിയ ഒരാളെ അറിയിക്കണമെന്ന് തീരുമാനിക്കുക. ഇന്ന് എന്തൊക്കെ വഴികള്‍ നമ്മുടെ മുന്നിലുണ്ട്. സോഷ്യല്‍ മീഡിയ മുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വരെ അതിന് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ഏതെങ്കിലും പൊതു പരിപാടിയിലോ അല്ലെങ്കില്‍ മാധ്യമങ്ങളിലോ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ നമ്മുടെ കമ്പനിയെക്കുറിച്ചോ ഉത്പന്നത്തെക്കുറിച്ചോ പറയാന്‍ ഒരു അവസരം നിങ്ങള്‍ ഉണ്ടാക്കിയെടുക്കുക. അത് വഴി നിങ്ങള്‍ തന്നെ നിങ്ങളുടെ ഉത്പന്നത്തിന്റെയും കമ്പനിയുടെയും പ്രചാരകന്മാരാകുക.
സെല്‍ഫ് പിആറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിജയ് മല്യ. വിജയ് മല്യക്ക് സംസാരിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അയാള്‍ തന്റെ കമ്പനിയുടെ ബിയര്‍ ബ്രാന്‍ഡായ കിങ് ഫിഷറിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കും. കണ്ടോ, മദ്യം എന്നത് നിഷിദ്ധമായി ഇപ്പോഴും കരുതുന്ന ഒരു സമൂഹത്തില്‍ തന്റെ ബ്രാന്‍ഡിനെ പിആറും സെല്ഫ് പിആറും വഴി അയാള്‍ ഒരു ലൈഫ് സ്‌റ്റൈലാക്കി മാറ്റി. കേരളത്തില്‍ സെല്ഫ് പിആറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'ബോചെ' എന്ന് സൈബറിടങ്ങളില്‍ വിളിപ്പേരുള്ള ബോബി ചെമ്മണൂര്‍. ഇന്ന് ബോബി ചെമ്മണൂരിനെയും അയാളുടെ സംരംഭങ്ങളെയും അറിയാത്ത ഒരു കുഞ്ഞും പോലും കേരളത്തില്‍ ഉണ്ടാകില്ല.
പബ്ലിസിറ്റി അഥവാ പിആര്‍ എന്നത് ഏതൊരു ബിസിനസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ബിസിനസിന്റെ വലുപ്പവും സ്വഭാവവും അനുസരിച്ച് നിങ്ങള്‍ക്ക് പിആര്‍ തന്ത്രങ്ങള്‍ മെനയാം, ഏത് തരത്തിലുള്ള പബ്ലിസിറ്റി വേണമെന്ന് തീരുമാനിക്കുകയും ചെയ്യാം. ഓര്‍ക്കുക നിങ്ങളുടെ ബിസിനസ് വളരണമെങ്കില്‍ പബ്ലിസിറ്റി കൂടിയേ തീരൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.