Sections

പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ പൊളിച്ചു കളയൂ; ഡിജിറ്റലില്‍ വിപണി പിടിക്കാം

Friday, Dec 10, 2021
Reported By admin
digital marketing

മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്ത് നിന്നാണ് ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ വിജയം നിശ്ചയിക്കപ്പെടുന്നത്

 

സംരംഭം അതീവ ഗുണമേന്മയോടെ ഉത്പന്നം വിപണികളിലെത്തിച്ചെന്ന ഒറ്റകാര്യം കൊണ്ട് വിപണി പിടിക്കാമെന്നോ അതിശക്തമായ ഒരു ബ്രാന്‍ഡായി നിങ്ങളുടെസംരംഭം മാറുമെന്നോ കരുതാനാകില്ല.അതിന് അതിശക്തമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടിയേ തീരു.ആയിരത്തിലേറെ ചോയിസുകളുള്ള ഈ കാലത്ത് വിപണി പിടിക്കാന്‍ പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊന്നും മതിയാകില്ല അതിന് വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്  തന്നെ ഉപയോഗിക്കുന്നതാകും നല്ലത്.മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്ത് നിന്നാണ് ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ വിജയം നിശ്ചയിക്കപ്പെടുന്നത്. 

ഒരു സ്ഥാപനം വിവിധങ്ങളായ പരസ്യമാര്‍ഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി സെയില്‍സില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനെയാണ് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്.പത്ര പരസ്യങ്ങള്‍, ടിവി പരസ്യങ്ങള്‍ , നോട്ടീസുകള്‍ തുടങ്ങിയവ മുഖേന നടക്കുന്ന പരമ്പരാഗത മാര്‍ക്കറ്റിംഗിലൂടെ പരസ്യങ്ങള്‍ എത്രപേര്‍ കണ്ടുവെന്നോ അനൂകൂലമായോ പ്രതികൂലമായോ പ്രതികരിച്ചുവെന്നോ നമുക്ക് വ്യക്തമായി അറിയാന്‍ സാധിക്കില്ല.

എന്നാല്‍ ഇന്റര്‍നെറ്റ് മുഖാന്തിരം നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ എല്ലാത്തിനും ഒരു കണക്കുണ്ട്.ബിസിനസിന്റെ സ്വഭാവമനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ് പരസ്യങ്ങള്‍ ഉണ്ടാക്കി വലിയ വിജയങ്ങള്‍ നേടാനാവുന്ന എന്നതും പരമ്പരാഗത മാര്‍ക്കറ്റിംഗില്‍ നിന്നും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല, പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ അപേക്ഷിച്ച് ഇവക്ക് ചെലവ് കുറവാണ് എന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ പ്രിയപ്പെട്ടതാക്കുന്നു.


നിങ്ങളുടെ സംരംഭത്തിന്റെ രീതിയും മാര്‍ക്കറ്റിംഗ് പദ്ധതികളെയും അടിസ്ഥാനമാക്കി കൊണ്ടാണ് പരമ്പരാഗത മാര്‍ക്കറ്റിംഗ് ആണോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണോ തെരഞ്ഞെടുക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്.


എന്താണ് നിങ്ങളുടെ ഉല്‍പ്പന്നം? ഓണ്‍ലൈനില്‍ ഈ ഉല്‍പ്പന്നം കണ്ടശേഷം വാങ്ങുന്നതിനായി ആളുകളെത്തുമോ? സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചക്ക് ഇത് സഹായകരമാകുമോ? തുടങ്ങിയ നിരവധി കാര്യങ്ങള്‍ സ്വയം ചോദിച്ചു മനസിലാക്കിയ ശേഷമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് ഇറങ്ങേണ്ടത്.

വെബ്സൈറ്റ് നിര്‍മാണം, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നത്. വീഡിയോ കണ്ടന്റിനും അടുത്തകാലത്തായി പ്രസക്തി വര്‍ധിച്ചു വരികയാണ്.അതിനാല്‍ അത്തരത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് കൊണ്ടാകണം ഡിജിറ്റല്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍. 

പ്രധാനമായും ഭാവി ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍ ആദ്യമെ രൂപപ്പെടുത്തണം.കാലങ്ങളായി നല്ല രീതിയില്‍ നടക്കുന്ന സംരംഭം ആണ് നിങ്ങളുടേതെങ്കില്‍ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് മാറ്റിയെടുത്ത് വേണം ഡിജിറ്റലൈസ് ചെയ്യാന്‍. 

ചെറുകിട, ഇടത്തരം സംരംഭകര്‍ ഭാവിയിലെ സാധ്യതകള്‍ കൂടി വിലയിരുത്തിയ ശേഷം ആകണം ഡിജിറ്റല്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ തീരുമാനിക്കേണ്ടത്.

എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം. ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളുടെ സഹായത്തോടെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ പഠിക്കുന്നതും വിലയിരുത്തുന്നതും ഗുണകരമാകും. വ്യത്യസ്തമായ സ്ട്രാറ്റജികള്‍, പരസ്യ കാമ്പയിനുകള്‍ എന്നിവ പിന്തുടരുക. ഇന്‍ഫ്ലുവെന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് എന്ന രീതിയിലൂടെയും പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള കൊളാബ്രേഷനുകള്‍ വഴിയും നിങ്ങളുടെ സംരംഭം മെച്ചപ്പെടുത്താന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെയും ഇ-കൊമേഴ്സിന്റെയും ഉയര്‍ച്ചയോടെ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ക്ക് വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.ഇത്തരം ഏജന്‍സികളില്‍ മികച്ചവയുടെ സഹായത്തോടെ അതിവേഗം സംരംഭത്തിന്റെ മാര്‍ക്കറ്റിംഗിന് വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കും.

1) വെബ്‌സൈറ്റ്

പ്രധാനമായും നമുക്ക് ഡിജിറ്റല്‍ ചാനലുകള്‍ എന്ന് പറയാവുന്നതില്‍ പ്രമുഖന്‍ വെബ്‌സൈറ്റ് തന്നെയാണ്.

24/7 പ്രവര്‍ത്തിക്കുന്ന ഒരു വെര്‍ച്വല്‍ ഓഫീസായിട്ട് നമുക്ക് സംരംഭത്തിന്റെ വെബ്‌സൈറ്റുകളെ വിശേഷിപ്പിക്കാം.ഇതിലൂടെയാകും ഉപഭോക്താക്കള്‍ നിങ്ങളുടെ സ്ഥാപനത്തെ കൂടുതല്‍ അറിയുന്നത്.അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും അതിനൊപ്പം സന്ദര്‍ശകര്‍ കൂടുതല്‍ സമയം സൈറ്റില്‍ ചെലവിടാനുമുള്ള തന്ത്രങ്ങളാണ് നിങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്.

2) കണ്ടന്റ് മാര്‍ക്കറ്റിംഗ്

കണ്ടന്റ് മാര്‍ക്കറ്റിംഗ് ആണ് ഇക്കൂട്ടത്തില്‍ രണ്ടാമത്തേത്.എപ്പോഴും നിങ്ങളുടെ ബ്രാന്‍ഡിന് വ്യക്തിത്വം പകരുന്നത് കണ്ടന്റുകള്‍ തന്നെയാണ്.എഴുത്ത് നിങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയിലാവണം. ഒരു ക്യാംപയിന്റെ രചനാശൈലി എന്നും ശ്രദ്ധിക്കപ്പെടും. ഉളളടക്കത്തിന്റെ പ്രത്യേകത കൊണ്ട് നിങ്ങളുടെ വെബ് സൈറ്റിലേക്കോ, സോഷ്യല്‍ മീഡിയ പേജുകളിലേക്കൊ ആളുകളെ ആകര്‍ഷിക്കുന്നു.
ബിസിനസ്സുകളും ഉല്പന്നങ്ങളും വിപണിയില്‍ മുന്നേറണമെങ്കില്‍ സമയമെടുക്കും.ഉപഭോക്താക്കളെ നിങ്ങളുടെ ഭാഗത്ത് എത്തിക്കാനും , നിങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ഉത്പന്നത്തെക്കുറിച്ച് കൂടുതല്‍ അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും നല്ല ഉളളടക്കങ്ങള്‍ സഹായകമാകും. നിങ്ങളുടെ ബ്രാന്റുമായി ബന്ധപ്പെട്ട ആകര്‍ഷകമായ വാചകങ്ങളും, കുറിപ്പുകളും ബ്ലോഗുകള്‍ വെബ്‌സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കളുടെ അരികിലെത്താന്‍ ഏറെ സഹായകരമാകും.

3) സോഷ്യല്‍മീഡിയ
 
ബിസിനസിന്റെ വ്യാപ്തിയും വികാസവും എപ്പോഴും സോഷ്യല്‍മീഡിയുടെ കൈകളിലാണ്.ഉപഭോക്താക്കളുമായി കൂടുതല്‍ സംവദിക്കാനും ഇത്തരം പ്ലാറ്റ്‌ഫോമുകളാണ് ഇന്നത്തെ കാലത്ത് സംരംഭകരെ സഹായിക്കുന്നത്.ഇന്‍സ്റ്റഗ്രാം,ഫെയ്‌സ്ബുക്ക്,വാട്‌സ് ആപ്പ് പോലുള്ള പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സമാന്തര വിപണി ഒരുക്കാനും അതിലൂടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനും പോലും മാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട്.

4) എസ്.ഇ.ഒ

സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ വഴി ബിസിനസ് സെര്‍ച്ചബിലിറ്റി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മെറ്റാ ടാഗുകളും കീവേര്‍ഡുകളും ഉപയോഗപ്പെടുത്തി കൂടുതല്‍ പേരിലേക്ക് റീച്ച് ചെയ്യപ്പെടുന്നു.ഇതിനു പുറമെ ഡിസ്‌പ്ലേ പരസ്യങ്ങളും വീഡിയോ പരസ്യങ്ങളും ഒക്കെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താവുന്നവയാണ്.ഈ മെയില്‍ വഴിയും കസ്റ്റമേഴ്‌സിലേക്ക് നിങ്ങളുടെ സംരംഭത്തിന്റെ കണ്ടന്റുകളെത്തിക്കാന്‍ സാധിക്കും.


ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങളുടെ വെബ്സൈറ്റ്, മൊബീല്‍ ആപ്പ്, ബ്ലോഗ്, സോഷ്യല്‍ മീഡിയ, ന്യൂസ് ലെറ്റര്‍ തുടങ്ങിയവയൊക്കെ നിങ്ങളുടെ സ്വന്തം ആയതിനാല്‍ പൂര്‍ണ നിയന്ത്രണം നിങ്ങളുടെ കൈയ്യില്‍ തന്നെയായിരിക്കും.ഇതിനു പുറമെ പെയ്ഡ് മീഡിയ എന്നൊരു വിഭാഗം ഉണ്ട്.ചുരുക്കി പറഞ്ഞാല്‍ വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക്ക് വര്‍ദ്ധിപ്പിക്കാനും നിങ്ങളുടെ ഉത്പന്നങ്ങളോ സേവനങ്ങളോ കൂടുതല്‍ പേരിലേക്കെത്തിക്കാനും വേണ്ടി പണം ചെലവാക്കി നിങ്ങള്‍ ചെയ്യുന്ന പരസ്യമോ മീഡിയ പ്രവര്‍ത്തനങ്ങളോ ഈ ഗണത്തില്‍പ്പെടുന്നു.

മുകളില്‍ പറഞ്ഞ രീതികളിലൂടെയൊക്കെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ വളരെ കുറഞ്ഞ നാളിനുള്ളില്‍ വിപണിയില്‍ ശക്തരായി മാറാന്‍ ചെറുകിട സംരംഭങ്ങള്‍ക്ക് കഴിയും.പരമ്പരാഗത മാര്‍ഗ്ഗങ്ങളെക്കാള്‍ വ്യക്തതയും വേഗതയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നു.ആളുകള്‍ കൂടുതല്‍ സമയവും ഇന്റര്‍നെറ്റിനൊപ്പം ചെലവിടുന്ന സാഹചര്യത്തില്‍ ഭാവിയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിഗിനു ശക്തമായ സ്വാധീനം സമൂഹത്തിലുണ്ടാകുമെന്നുറപ്പാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.