Sections

ഗൂഗിള്‍ പേ,പേടിഎം,ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകളിലെ എന്ത് പരാതിയും ഇവിടെ നല്‍കാം 

Thursday, Nov 18, 2021
Reported By Admin
UPI

നമ്മുടെ പണം യുപിഐ ഇടപാടില്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? എവിടെ പരാതിപ്പെടും നമ്മള്‍?

 

പലപ്പോഴും ഗൂഗിള്‍ പേ അല്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ കാശ് നഷ്ടപ്പെടുന്ന അവസ്ഥ ചിലര്‍ക്ക് എങ്കിലും ഉണ്ടാകും. ഗൂഗിള്‍ പേയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിച്ചവര്‍ക്ക് പണി കിട്ടിയ കഥയും നമുക്ക് അറിയാം. നമ്മുടെ പണം യുപിഐ ഇടപാടില്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? എവിടെ പരാതിപ്പെടും നമ്മള്‍?

സര്‍ക്കാര്‍ സുരക്ഷയോടെ ഉപയോക്താക്കള്‍ക്കു നിക്ഷേപങ്ങളില്‍നിന്നു മികച്ച ആദായം നേടാനായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ. അവതരിപ്പിച്ച റീട്ടെയില്‍ ഡയറക്ടിനൊപ്പം ശ്രദ്ധ നേടുകയാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാനും. റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിലൂടെ ആര്‍.ബി.ഐ. നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം കൂടുതല്‍ മെച്ചപ്പെടുകയാണ്. 'ഒരു രാജ്യം- ഒരു ഓംബുഡ്സ്മാന്‍' എന്ന തത്വത്തിലാ
ണ് പദ്ധതിയുടെ പ്രവര്‍ത്തനം.

ബാങ്കുകള്‍ക്കു പുറമേ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, യു.പി.ഐ. തുടങ്ങി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. ധനകാര്യ ഇടപാടുകള്‍ക്കു പുറമേ സ്ഥാപനങ്ങളുടെ സേവനങ്ങള്‍, ജീവനക്കാരുടെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളിലെ പരാതികളും സമര്‍പ്പിക്കാം. ഉപഭോക്തൃ അവകാശങ്ങള്‍ക്കാകും ഓംബുഡ്സ്മാനില്‍ പ്രഥമ പരിഗണന ലഭിക്കുക.

ഒരു പോര്‍ടല്‍, ഒരു ഇ- മെയില്‍, ഒരു അഡ്രസ് എന്ന ആശയം ഓംബുഡ്സ്മാനെ ശ്രദ്ധേയമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ സമര്‍പ്പിക്കാനും രേഖകള്‍ സമര്‍പ്പിക്കാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും ഒരു പോയിന്റ് ഓഫ് റഫറന്‍സ് ഉണ്ടായിരിക്കും. പരാതികള്‍ പരിഹരിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പറും ഉണ്ടാകും.

എങ്ങനെ പരാതി നല്‍കാം?

നിങ്ങള്‍ക്ക് ഓംബുഡ്‌സ്മാന് പല തരത്തില്‍ പരാതി ഫയല്‍ ചെയ്യാം. പരാതി ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിന്, https://cms.rbi.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. CRPC@rbi.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ടോള്‍ ഫ്രീ നമ്പറായ 14448 എന്ന കോണ്‍ടാക്റ്റ് സെന്ററിലോ വിളിച്ചോ പരാതി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ ഫോം പൂരിപ്പിച്ച് ചണ്ഡിഗഡില്‍ ആര്‍.ബി.ഐ. സ്ഥാപിച്ചിട്ടുള്ള 'സെന്‍ട്രലൈസ്ഡ് രസീത് ആന്‍ഡ് പ്രോസസിങ് സെന്ററിലേക്ക്' അയക്കുകയും ചെയ്യാം.

ആര്‍.ബി.ഐയുടെ സി.എം.എസ്. വെബ്‌സൈറ്റില്‍, പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് ഒ.ടി.പി. ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സാധൂകരിക്കണം. തുടര്‍ന്ന് ഓണ്‍ലൈന്‍ ഫോമില്‍ വ്യക്തിഗത വിശദാംശങ്ങള്‍ പൂരിപ്പിക്കണം. തുടര്‍ന്ന് പരാതിപ്പെടുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ നല്‍കണം.

ഒരു പരാതി നല്‍കാന്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ ലോണ്‍ അല്ലെങ്കില്‍ ഡെപ്പോസിറ്റ് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുക. തുടര്‍ന്ന് പരാതി വിഭാഗം തെരഞ്ഞെടുക്കുക. അതില്‍നിന്ന് ഉപവിഭാഗങ്ങള്‍ തെരഞ്ഞെടുക്കാം. ഡ്യൂ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ നിരക്കുകള്‍, ക്രെഡിറ്റ് കാര്‍ഡിലെ വാര്‍ഷിക നിരക്കുകള്‍ തുടങ്ങിയവയ്ക്കെതിരേയും പരാതി നല്‍കാം.

പരാതിയുടെ വസ്തുതാപരമായ വിശദാംശങ്ങള്‍ നല്‍കുക. തര്‍ക്ക തുകയും ആവശ്യപ്പെട്ട നഷ്ടപരിഹാരവും സൂചിപ്പിക്കാം (എന്തെങ്കിലും ഉണ്ടെങ്കില്‍).

പരാതിയുടെ സംഗ്രഹം അവലോകനം ചെയ്യുക. തുടര്‍ന്ന് പരാതി സമര്‍പ്പിക്കാം. പരാതിയുടെ പി.ഡി.എഫ്. കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.