- Trending Now:
കൊച്ചി: പ്രമുഖ ക്രിയേറ്റീവ് ഏജൻസി പോപ്കോൺ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയിൻ 'വാട്സ് യുവർ ഹൈ' വാൾ ആർട്ട് മത്സരം മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടീം ഫിനെസ് തൃശൂർ ടൈറ്റൻസിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തിൽ കണ്ണൂർ സ്വദേശി നിധിൻ ബാബു ഒന്നാം സ്ഥാനവും, കൊടുങ്ങല്ലൂർ സ്വദേശി റഷീദ് സുലൈമാൻ, കണ്ണൂർ സ്വദേശി നിധിൻ സി എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കൊച്ചി ലോട്ടസ് ക്ലബിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു.
പ്രമുഖ മലയാള ചലച്ചിത്ര കലാ സംവിധായകൻ അജയൻ ചാലിശേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സ്പോർട് ഈസ് അവർ ഹൈ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മൂന്നാം പതിപ്പിൽ കേരളത്തിൽ നിന്നുള്ള ഇരുന്നൂറിലധികം കലാകാരന്മാർ മത്സരത്തിൽ പങ്കെടുത്തു. ഭൂരിഭാഗം ചിത്രങ്ങളും കലാപരമായി ഉന്നത നിലവാരം പുലർത്തിയെന്നും വിഷയത്തോട് പൂർണമായും നീതി പുലർത്തിയെന്നും ജൂറി വിലയിരുത്തി.
വിവിധ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി, ലഹരിയുപയോഗം ഒഴിവാക്കുവാൻ യുവതലമുറയെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം സീസൺ സംഘടിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനത്തെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയാണ് വാട്സ് യുവർ ഹൈ എന്ന ക്യാമ്പയിന് തുടക്കം കുറിക്കാൻ കാരണമെന്ന് പോപ്കോൺ ക്രിയേറ്റീവ്സ് പാർട്ണർ രതീഷ് മേനോൻ പറഞ്ഞു. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യത കുറവാണെന്നും അതിനാൽ സ്പോർട്സ് ഈസ് യുവർ ഹൈ എന്ന ക്യാമ്പയിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഫിനെസ് തൃശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ് പറഞ്ഞു.
പുരസ്കാര വിതരണ ചടങ്ങിന്റെ ഭാഗമായി ലഹരി വിമുക്ത സമൂഹത്തെ സൃഷ്ടിക്കുന്നതിൽ സാമൂഹിക മുന്നേറ്റങ്ങളുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും നടത്തി. അജയൻ ചാലിശേരി, ഡോ. ഇന്ദു നായർ(ഗ്രൂപ്പ് ഡയറക്ടർ ആൻഡ് പ്രൊഫസർ, എസ്.സി.എം.എസ്), നീനു മാത്യു (കാറ്റലിസ്റ്റ്), എസ്.എ.എസ് നവാസ് ( റിട്ട.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ, കൊച്ചി ഇൻർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) തുടങ്ങിയവർ പങ്കെടുത്തു. എമർജ് സ്പോർട്സ് സ്ഥാപകൻ വിപിൻ നമ്പ്യാർ മോഡറേറ്ററായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.