Sections

ശതകോടീശ്വരന്‍മാര്‍ക്ക് ഇതെന്തുപറ്റി?

Saturday, Apr 09, 2022
Reported By admin
elon musk

ലോകത്തെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തും 40,000 കോടി ഡോളര്‍ കുറഞ്ഞ് 12.7 ലക്ഷം കോടി ഡോളറായി


ഫോര്‍ബ്‌സ് 2022-ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ടപ്പോള്‍ ലോകത്ത് മൊത്തമുളളത് 2,668 ശതകോടീശ്വരന്‍മാര്‍. 236 പേരാണ് ശതകോടീശ്വരപട്ടികയിലെ പുതുമുഖങ്ങള്‍. ലോകത്തെ ശതകോടീശ്വരന്മാരുടെ 36-ാം വാര്‍ഷിക റാങ്കിംഗില്‍ സ്പേസ് എക്സ്, ടെസ്ല സിഇഒ എലോണ്‍ മസ്‌ക് തന്നെയാണ് ഈ  വര്‍ഷം ഒന്നാം സ്ഥാനത്തുളളത്.  21,900 കോടി ഡോളറാണ് ആസ്തി. ആമസോണിന്റെ ജെഫ് ബെസോസ് 17,100 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. സമ്പന്നരുടെ പട്ടികയില്‍, ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 140-ല്‍ നിന്ന് 166 ആയി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെയാണ്.

9,070 കോടി ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹം ലോക സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. 9,000 കോടി ബില്യണ്‍ ഡോളറുമായി ഗൗതം അദാനിയാണ് ഇന്ത്യയില്‍ നിന്ന് രണ്ടാം സ്ഥാനത്ത്.ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എച്ച്സിഎല്‍ ഫൗണ്ടര്‍ ശിവ് നാടാര്‍ 2,870 കോടി ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്.  വാക്സിന്‍ കിംഗ് എന്നറിയപ്പെടുന്ന സൈറസ് പൂനവാല 2,430 കോടി ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്. 2022 മാര്‍ച്ച് 11 മുതല്‍ ഇവരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യവും ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് ആസ്തിയുടെ മൊത്തം മൂല്യം നിര്‍ണയിച്ചിരിക്കുന്നത്.

മലയാളികളിലെ അതിസമ്പന്നന്‍

ഫോര്‍ബ്‌സ് പട്ടികയില്‍ മലയാളികളായ അതിസമ്പന്നരില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഒന്നാമത്. പട്ടികയില്‍ 490-ാം സ്ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്‍ഫോസിസിന്റെ എസ്.ഗോപാലകൃഷ്ണന്‍-410 കോടി, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍- 360 കോടി, ആര്‍പി ഗ്രൂപ്പിന്റെ രവി പിള്ള -260 കോടി എന്നിവരാണ് മലയാളികളായ അതിസമ്പന്നര്‍. ജോയ് ആലുക്കാസ് ഗ്രൂപ്പിന് 190 കോടിയാണ് ആസ്തി.

സമ്പത്തില്‍ ഇടിവുണ്ടാക്കി

യുദ്ധം, പാന്‍ഡെമിക്, മന്ദഗതിയിലുള്ള വിപണികള്‍ എന്നിവ അതിസമ്പന്നരെ ബാധിച്ചുവെന്ന് ഫോര്‍ബ്‌സ് പറയുന്നു. ലോകത്തെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തും 40,000 കോടി ഡോളര്‍ കുറഞ്ഞ് 12.7 ലക്ഷം കോടി ഡോളറായി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ലിസ്റ്റില്‍ 87 പേര്‍ കുറഞ്ഞിട്ടുണ്ട്.ഫോബ്സിന്റെ കണക്കനുസരിച്ച്, 1,000-ത്തിലധികം ശതകോടീശ്വരന്മാര്‍ കൂടുതല്‍ സമ്പന്നരായി. അമേരിക്ക 735 ശതകോടീശ്വരന്മാരുമായി മുന്നിലുണ്ട്. റഷ്യയും ചൈനയും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.