- Trending Now:
വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അതിനായി പണം സ്വരുക്കൂട്ടിയും ലോണ്‍ എടുത്തും വീട് വെയ്ക്കാന്‍ ഭൂരിഭാഗം പേരും തയ്യാറാകും. സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ അപ്പോള്‍ മാത്രമാകും വീട് വെയ്ക്കാന്‍ ഒരു സ്ഥലം മേടിക്കുന്ന കാര്യം ചിന്തിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചയം കുറഞ്ഞ പ്രദേശത്താണ് വാങ്ങുന്നതെങ്കില്‍.
അത് കൊണ്ട് നിക്ഷേപം എന്ന നിലയ്‌ക്കോ അല്ലാതെയോ സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതെന്തൊക്കെയെന്ന് നമുക്ക് നോക്കാം
1. ആദ്യം തന്നെ നിങ്ങള്‍ ഒരു വസ്തു വാങ്ങുമ്പോള്‍ അത് വില്ക്കുന്നയാളിന് ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന് ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, കുടികിട സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.
2. സ്ഥലം വെറ്റ് ലാന്‍ഡ് അഥവാ കൃഷിഭൂമി അല്ല എന്നും data ബാങ്കില്‍ ഉള്‌പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇതിനായി സര്‍ക്കാരിന്റെ E-REKHA എന്ന വെബ്‌സൈറ്റില്‍ പോയി സ്ഥലത്തിന്റെ ഡീറ്റെയില്‍സ് 'Verification' എന്ന ടാബില്‍ ക്ലിക്ക് ചെയ്ത ശേഷം നല്‍കുകയാണെങ്കില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സ്ഥലം വെറ്റ് ലാന്‍ഡ് ആണെങ്കില്‍ അവിടെ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. കൂടാതെ വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.
3. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വാങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി ഉറപ്പായും വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.
4 . മേടിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനോട് ചേര്‍ന്ന് സംരക്ഷിതസ്മാരകങ്ങളോ, ഖനനമോ നടക്കുന്നുണ്ടോ അല്ലെങ്കില്‍ പ്രശസ്തമായ സ്ഥാപനങ്ങളോ മറ്റോ സ്ഥിതി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയെങ്കില്‍ ഭാവിയില്‍ നമ്മള്‍ വസ്തു വാങ്ങിയ ശേഷം നടത്താന്‍ ഉദ്ദേശിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളുടെ പരിചരണത്തിനോ സുരക്ഷയ്‌ക്കോ തടസ്സമാക്കാന്‍ പാടില്ല. ഭാവിയില്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ വസ്തുവിനെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.വിമാനത്താവളം, റെയില്‍വേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സി വാങ്ങുന്നത് ഉചിതമായിരിക്കും.
5. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തായി സര്‍ക്കാര്‍ അംഗീകൃതപദ്ധതികളോ റോഡ് വികസനമോ നടപ്പാക്കാന്‍ ഉത്തരവുണ്ടെങ്കിലോ സര്‍ക്കാരിന് പദ്ധതിയുണ്ടെങ്കിലോ ഭാവിയില്‍ അതിനുള്ള സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. സ്ഥലം ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ ഇത്തരം പദ്ധതികളെക്കുറിച്ച് അറിയാവുന്നതാണ്.
6. മേടിക്കാന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെട്ടാല്‍ ഇക്കാര്യം അറിയാം
7. പ്ലോട്ട് തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നാണ് നിങ്ങള്‍ ഭൂമി വാങ്ങുന്നതെങ്കില്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച് വില്‍ക്കുമ്പോള്‍ ടൗണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.
8. സ്ഥലത്തിന്റെ അടിയധാരം, മുന്നാധാരം തുടങ്ങിയവ കൃത്യമായി പരിശോധിക്കുക. വാങ്ങിയ വസ്തുവില്‍ കേസുകളോ മറ്റു നിയമപ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്‌കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.
9. കുടിക്കട സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് മേടിക്കാന്‍ പോകുന്ന ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്‍ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
10. മേടിക്കാന്‍ പോകുന്ന വസ്തുവില്‍ കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ വിവരങ്ങള്‍, കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.കൂട്ടുകുടുംബ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.
11. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ് നിര്‍ബന്ധമായും ജില്ലാ കളക്റ്ററുടെ അനുമതി വാങ്ങണം.
12. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ് തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 100 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്‌റെര്‍ ചെയ്യുന്നതാണ് നല്ലത്. പിന്നെ സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി അതായത് മുക്ത്യാര്‍ നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.
13. രജിസ്‌ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി. വസ്തു വാങ്ങുന്ന ആളാണ് രജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്.
ഓര്‍ക്കുക നമ്മുടെ ജീവിതത്തിന്റെ നല്ലൊരു സമ്പാദ്യം മുടക്കി സ്ഥലം വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാനായി ഇത്രയും കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് സ്ഥലം മേടിക്കുവാന്‍ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.