- Trending Now:
നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുകയും വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്യേണ്ടത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഈ ഘട്ടത്തില്‍ വളരെ ഉപയോഗപ്രദമായൊരു ടൂളാണ് swto അഥവാ സ്വോട്ട് അനാലിസിസ്.പ്രധാനമായും എന്തൊക്കെ മാറ്റങ്ങളാണ് സ്ഥാപനത്തില്‍ വരുത്തേണ്ടത് എന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഏതൊക്കെ ഏരിയയില്‍ ഫോക്കസ് ചെയ്യണമെന്നും കൃത്യമായ നിരീക്ഷണം നടത്താനും വിശകലനം ചെയ്യുന്നതിനും ഉപകരിക്കുന്ന ടൂളാണ് സ്വോട്ട്.
സ്ഥാപനങ്ങളോ സംരംഭങ്ങളോ മാത്രമല്ല സ്വോട്ട് അനാലിസിസ് നടത്തുന്നത് വ്യക്തികളും ഈ ടൂള്‍ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ പ്രയോഗിക്കാറുണ്ട്.സിംപിളായി പറഞ്ഞാല്‍ ശക്തിയും ദൗര്‍ബല്യങ്ങളും വ്യക്തമായി തിരിച്ചറിയുന്നുണ്ടോ എന്നതാണ് സ്വോട്ട് അനാലിസിസിന് മാനദണ്ഡം.സ്വോട്ട് എന്ന ചുരുക്കെഴുത്ത്(swto) തന്നെ നാല് വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു ചുരുക്കപ്പേരാണ്.സ്‌ട്രെംഗ്ത്, വീക്ക്‌നെസ്സ്, ഓപ്പര്‍ച്യൂണിറ്റീസ്, ത്രെറ്റ്‌സ് എന്നീ വാക്കുകളുടെ ചുരുക്കെഴുത്താണ് സ്വോട്ട്.ഈ നാല് വിഷയങ്ങളില്‍ ഓരോന്നിനെയും മുന്‍നിര്‍ത്തി നടത്തുന്ന വിശകലനം ആതാണ് സ്വോട്ട് അനാലിസിസിലൂടെ വ്യക്തമാകുന്നത്.ഇതിലൂടെ സ്ഥാപനത്തിന്റെ സവിശേഷതകള്‍ വ്യക്തമാകുമെന്ന് ചുരുക്കം.
സ്‌ട്രെംഗ്ത് (ശക്തി)
ഒരു സംരംഭകന്‍ എന്ന നിലയില്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തി എന്താണ് എന്ന കാര്യമാണ് ഈ ഘട്ടത്തില്‍ കണ്ടെത്തേണ്ടത്. ബിസിനസ്സ് മേഖലയില്‍ നിങ്ങളുടെ ബിസിനസ്സിനെ മറ്റുള്ള കോംപിറ്റീറ്റേഴ്‌സില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഘടകം, നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍, നിങ്ങളുടെ ബിസിനസ്സ് എന്തെല്ലാം കാര്യങ്ങളിലാണ് മികവ് പുലര്‍ത്തുന്നത് ,എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കണ്ടെത്തുക.
വീക്ക്‌നെസ്സ് (ദൗര്‍ബല്യം)
നിങ്ങള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് ബിസിനസ്സിനെ ഉയര്‍ത്തുവാന്‍ അനുവദിക്കാത്തതും, ബിസിനസ്സിന്റെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങള്‍, ഇനിയും മെച്ചപ്പെടേണ്ട മേഖലകള്‍, സ്ഥാപനത്തിന്റെ ബലഹീനതകള്‍ എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കണ്ടെത്തുക. ഒരു സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ സ്ഥാപനത്തിനും നിലനില്‍ക്കുന്ന കുറവുകളെ മനസ്സിലാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്.
ഓപ്പര്‍ച്യൂണിറ്റി (അവസരങ്ങള്‍)
നിങ്ങളുടെ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ സഹായിക്കുന്ന, സ്ഥാപനത്തിന് നേട്ടം നല്‍കുന്ന അനുകൂലമായ ബാഹ്യഘടകങ്ങളെ അവസരങ്ങള്‍ എന്ന് പറയുന്നു. സ്ഥാപനത്തെ മികച്ചതാക്കാനും, പ്രതികൂല സാഹചര്യങ്ങളില്‍ പോലും ബിസിനസ്സ് വളര്‍ത്തുവാന്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന അവസരങ്ങളെ കണ്ടുപിടിക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയുള്ള അവസരങ്ങളെയും, ഇപ്പോള്‍ ബിസിനസ്സിനെ വളര്‍ത്തുവാന്‍ സാധ്യതകളുള്ള എല്ലാ അവസരങ്ങളെയും മനസ്സിലാക്കുക.
ത്രെറ്റ്‌സ് (ഭീഷണി)
ബിസിനസ്സിന്റെ വളര്‍ച്ചക്ക് ഭീഷണിയായി മാറും എന്ന് ഉറപ്പുള്ള എല്ലാ കാര്യങ്ങളെയും, മുന്നോട്ട് പോകുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരും എന്ന് ബോധ്യമുള്ള വിഷയങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും, അതുപോലെ ഭാവിയില്‍ നിങ്ങളുടെ ബിസിനസ്സ് വളരുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുവാന്‍ സാധ്യതയുള്ള വെല്ലിവിളികളെയും ഇതില്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെ എഴുതിവയ്ക്കുമ്പോള്‍ മാത്രമേ ആ പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ.
പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നടത്താറുള്ള സാധ്യത പഠനത്തിന്റെ ഏറ്റവും പ്രസക്തമായ ഭാഗം കൂടിയാണ് സ്വോട്ട് അനാലിസിസ്.തുടങ്ങാന്‍ പോകുന്ന സംരംഭത്തിന്റെ വിജയം, പരാജയസാധ്യതകള്‍, കോംപറ്റീഷന്‍ മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമായി മനസിലാക്കാനും ഇതിലൂടെ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.