Sections

ട്രേഡ് മാര്‍ക്ക് എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് ?

Tuesday, Nov 30, 2021
Reported By admin
trade mark

ട്രേഡ് മാര്‍ക്ക് എന്നത് ഇന്റെലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് അഥവാ ബൗദ്ധികസ്വത്തവകാശം എന്നതില്‍ ഉള്‍ക്കൊള്ളുന്നതാണ്

 

ഒരു കമ്പനിയെയോ ഉല്‍പ്പന്നത്തെയോ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഉപഭോക്താക്കളുടെ മനസ്സില്‍ അവയോട് വിശ്വസ്തത ഉണ്ടാക്കുന്നതുമായ ഘടകമാണ് ബ്രാന്‍ഡ്. ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അതിന്റെ വളരെ പ്രധാനപ്പെട്ടതും മൂല്യം ഉള്ളതുമായ ഒരു ആസ്തി കൂടിയാണ് അതിന്റെ ബ്രാന്‍ഡ് മൂല്യം എന്നത്.എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ കെട്ടിപ്പടുത്ത ഒരു ബ്രാന്‍ഡിന്റെ ഉടമസ്ഥാവകാശം ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ലഭിക്കണമെങ്കില്‍ അത് നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ഒരു കമ്പനിയെയോ ഉല്‍പ്പന്നത്തെയോ പ്രതിനിധീകരിച്ച് നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത പേരുകളോ ചിഹ്നങ്ങളോ ആണ് ട്രേഡ് മാര്‍ക്ക്. ട്രേഡ് മാര്‍ക്ക് എന്നത് ഇന്റെലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് അഥവാ ബൗദ്ധികസ്വത്തവകാശം എന്നതില്‍ ഉള്‍ക്കൊള്ളുന്നതാണ്.

ഒരു സംരംഭത്തിന് ബ്രാന്‍ഡിംഗ് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ എന്താണെന്ന് നോക്കാം..

ബ്രാന്‍ഡിംഗ് വഴി നിങ്ങളുടെ ഉല്‍പ്പന്നത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു
ഒരു ആഗോള ബ്രാന്‍ഡിനെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് നിങ്ങളുടെ ബിസിനസിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു
ഒരു ബ്രാന്‍ഡഡ് കമ്പനിയില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ കൂടുതല്‍ താല്പര്യപ്പെടുന്നു
പ്രതികൂല സാഹചര്യങ്ങളിലും ബിസിനസിനെ മുന്നോട്ടു നയിക്കാന്‍ ഒരു ബ്രാന്‍ഡ് സഹായകമാകും.

ഒരു കമ്പനിയുടെ ബ്രാന്‍ഡ് ട്രേഡ്മാര്‍ക്ക് ചെയ്യുന്നതിലൂടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവരുടെ എതിരാളികള്‍ ക്കിടയില്‍ വ്യത്യസ്തമായി നില്‍ക്കുകയും അങ്ങനെ അവരുടെ ബൗദ്ധിക സ്വത്തായി മാറുകയും ചെയ്യുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു പ്രത്യേക ഐഡന്റിറ്റി ബ്രാന്‍ഡ് ആയി തിരിച്ചറിയാന്‍. ട്രേഡ്മാര്‍ക്ക് സഹായിക്കുന്നു.

വിശ്വാസ്യതയ്ക്കും പ്രശസ്തിക്കും അപ്പുറം നിങ്ങളുടെ ബ്രാന്‍ഡ് പേരും ലോഗോയും മറ്റൊരാള്‍ തട്ടിയെടുത്ത് ആ പേരില്‍ ബിസിനസ് തുടങ്ങാതിരിക്കണണമെങ്കില്‍ രജിസ്‌ട്രേഷന്‍ കൂടിയേ തീരു.

നിങ്ങളുടെ സംരംഭത്തെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിതന്നെയാണ് നിങ്ങളുടെ ബ്രാന്‍ഡ്.ഉപഭോക്താക്കളുടെ മനസില്‍ ഓര്‍ത്തുവെയ്ക്കുന്നത് ബ്രാന്‍ഡോ ലോഗോ ചിഹ്നമോ ഒക്കെ ആയിരിക്കും.അതുകൊണ്ട് തന്നെ ഇവ നിങ്ങളുടെ ആസ്തിയിലുള്‍പ്പെടുന്നത് തന്നെയാണ്.എന്നിരിക്കെ അത് മറ്റൊരാള്‍ കൈവശ്‌പെടുത്തുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ അതുവഴി നിങ്ങളുടെ ബിസിനസിനുണ്ടാകുന്ന നഷ്ടം എത്രമാത്രം വലുതാണെന്ന് പറയേണ്ടതില്ലല്ലോ.അതുകൊണ്ട് തന്നെ ഓരോ സംരംഭങ്ങളും തങ്ങളുടെ ബ്രാന്‍ഡുകളും ലോഗോയും നിയമപരമായി സര്‍ക്കാര്‍ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്ത് അവകാശം സ്വന്തമാക്കുന്നു.https://ipindiaonline.gov.in/trademarkefiling/user/frmNewRegistration.aspx

അധ്വാനിച്ചുണ്ടാക്കുന്ന സംരംഭത്തിന്റെ പെരുമയും വിശ്വാസവും ഒക്കെ ബ്രാന്‍ഡിന്റ മൂല്യമായാണ് നിലനില്‍ക്കുന്നത്.അത്രയേറെ വിലയുള്ള ബ്രാന്‍ഡിനെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ വഴി സാധിക്കും.ഇതിലൂടെ നിങ്ങളുടെ ബ്രാന്‍ഡ് നെയിം,ലോഗോ എന്നിവ നിങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്നതായി മാറും.മറ്റാര്‍ക്കും നിങ്ങളുടെ പേരോ ചിഹ്നമോ ഉപയോഗിക്കാന്‍ നിയമപരമായി സാധിക്കില്ല.

ഈ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായി ചെയ്യണം എന്നൊന്നുമില്ല.പക്ഷെ ചെയ്യാതിരിക്കുന്നിടത്തോളം ഒരു അപകടസാധ്യത മുന്നിലുണ്ടാകും.

ഇനി നമുക്ക് ട്രേഡ്മാര്‍ക്ക് എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന് കൂടി പരിശോധിക്കാം.

കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലുള്ള ട്രേഡ്മാര്‍ക്ക് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിക്കം.ഏകദേശം 45 ഓളം വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാകും രജിസ്‌ട്രേഷന്‍ അനുവദിക്കുക.ഇക്കൂട്ടത്തില്‍ ആദ്യ 34 എണ്ണം പലതരം ചരക്കുകള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളാണ്.ശേഷിക്കുന്ന 11 എണ്ണം സേവനങ്ങള്‍ ഉള്‍പ്പെടുന്ന കാറ്റഗറി ആണ്.

ഇവയില്‍ ഏത് വിഭാഗത്തില്‍ ആണ് നിങ്ങളുടെ ബ്രാന്‍ഡ് എന്ന് തീരുമാനിച്ച ശേഷം ആ വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ചില കേസുകളില്‍ ഒന്നിലേറെ വിഭാഗങ്ങളിലായി വ്യത്യസ്ത അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടി വരാം.ഓണ്‍ലൈന്‍ ആയി തന്നെ ട്രേഡ് മാര്‍ക്കിനായുള്ള ആപ്ലിക്കേഷന്‍ നല്‍കാം.പക്ഷെ ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാന്‍ കുറച്ച് കാലതാമസം ഉണ്ട്.

ലക്ഷക്കണക്കിന് ട്രേഡ് മാര്‍ക്കുകള്‍ അടങ്ങിയ ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ ഡേറ്റാബേസില്‍ നിന്നും നിലവില്‍ നിങ്ങള്‍ അപേക്ഷ നല്‍കിയ ബ്രാന്‍ഡ് നെയിമോ ലോഗോയോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ഇനി നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായാല്‍ നിങ്ങളുടെ അപേക്ഷ തള്ളിപ്പോകും.

അതുപോലെ മറ്റൊരു കാര്യം സമര്‍പ്പിക്കുന്ന ബ്രാന്‍ഡിന്റെ പേര് പൊതുവായി ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ നിങ്ങളുടെ ഉത്പന്നമായോ സേവനമായോ നേരിട്ട് ബന്നധമുള്ളതോ,വിവരണാത്മകമായതോ ആകാന്‍ പാടുള്ളതല്ല.രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ നിങ്ങളുടെ ട്രേഡ്മാര്‍ക്ക് എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ആയി പരിശോധിക്കാവുന്ന വിധത്തില്‍ പ്രസിദ്ധപ്പെടുത്തും.നാല് മാസത്തിനുള്ളില്‍ മറ്റാരും തടസ്സങ്ങള്‍ ഉന്നയിച്ചില്ലെങ്കില്‍ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതാണ്.

തടസ്സം എന്തെങ്കിലും ഉണ്ടായാല്‍ അപേക്ഷകന്റെയും എതിര്‍കക്ഷികളുടെയും വാദങ്ങളും തെളിവുകളും വിചാരണയിലൂടെ നിരീക്ഷിച്ച് ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രി പ്രശ്‌നത്തില്‍ വിധി പറയും.

സംരംഭത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് സംരംഭകര്‍ക്ക്.ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വ്യക്തികളായ സംരംഭകര്‍ക്ക് 4500 രൂപയാണ് അടയ്‌ക്കേണ്ട ഫീസ്.പാര്‍ട്ട്ണര്‍ഷിപ്പുകള്‍ക്കും കമ്പനികള്‍ക്കും ഇത് 9000 രൂപയാണ്.ഇതിനൊപ്പം ട്രേഡ്മാര്‍ക്ക് അറ്റോണിക്ക് ഫീസു നല്‍കണം.ആകെ മൊത്തത്തില്‍ 20000 രൂപയോളം ചെലവുണ്ട് ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാന്‍.

10 വര്‍ഷത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് തരുന്നത്.കാലാവധി കഴിയുമ്പോള്‍ ഫീസടച്ച് വീണ്ടും 10 വര്‍ഷത്തേക്ക് പുതുക്കേണ്ടതുണ്ട്.ട്രേഡ്മാര്‍ക്ക് അഥവാ വ്യാപാര മുദ്ര മറ്റൊരാള്‍ക്ക് കൈമാറാനോ വില്‍ക്കാനോ ഒക്കെ സാധിക്കുന്നതാണ്.


ഇനി നമുക്ക് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന് വേണ്ടി വരുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ 

1) അപേക്ഷകന്റെ പേര്
2) സ്ഥാപനത്തിന്റെ പേര്
3) ഫോണ്‍ നമ്പര്‍
4) വിലാസം
5) ഇമെയില്‍ ഐഡി
6) ട്രേഡ്മാര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് കാണിച്ചുകൊണ്ടുള്ള സത്യവാങ്മൂലം
7) ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്യുന്നതിനുള്ള അധികാര പത്രം
8) 8 സെമി നീളവും വീതിയുമുള്ള jpeg ഫോര്‍മാറ്റിലുള്ള ലോഗോ ചിത്രം

ഇതൊക്കെയാണ് ആവശ്യം നമ്മുടെ കേരളത്തില്‍ നിന്നുള്ള ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ പരിശോധിക്കുന്നത് ചെന്നെയിലുള്ള ട്രേഡ്മാര്‍ക്ക് രജിസ്ട്രാററാണ്.അപേക്ഷ ഫയല്‍ ചെയ്തുകഴിഞ്ഞ് ഓണ്‍ലൈന്‍ വഴി തന്നെ സ്ഥിതി അറിയാവുന്നതാണ്.ഭാവിയില്‍ സംരംഭത്തിനോ ബ്രാന്‍ഡിനോ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ തുടക്കത്തിലേ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യുന്നത് തന്നെയാകും നല്ലത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.