Sections

പരമ്പരാഗത വ്യവസായങ്ങള്‍ വളരാന്‍ 5 കോടി വരെ ; പുനരുജ്ജീവിപ്പിക്കാന്‍ SFURTI പദ്ധതി

Wednesday, Dec 15, 2021
Reported By admin
traditional industry

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള നിധി പദ്ധതി അഥവാ സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ്

 

ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങളെ മാറ്റിനിര്‍ത്തികൊണ്ട് ഒരു വിപണിയോ വ്യവസായ വികസനമോ നമുക്ക് പ്രതീക്ഷിക്കാന്‍ പോലുമാകില്ല.നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ കുറഞ്ഞ മൂലധന ചെലവില്‍ വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

പരമ്പരാഗത വ്യവസായ കൂട്ടായ്മകള്‍ക്ക് മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കുവാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മത്സരക്ഷമത നേടിയെടുക്കുവാനും അവര്‍ക്ക് സ്ഥായിയായ വളര്‍ച്ച പ്രദാനം ചെയ്യുവാനുമായി കേന്ദ്രസര്‍ക്കാര്‍ 2005-ല്‍ 100 കോടി രൂപ പ്രാരംഭ പ്രാഥമിക വകയിരുത്തലുമായി ഒരു ഫണ്ട് രൂപീകരിച്ചു. അതാണ് പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള നിധി പദ്ധതി അഥവാ സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI).

ഗ്രാമങ്ങളുടെയും മറ്റ് പിന്നോക്ക പ്രദേശങ്ങളുടെയും വ്യവസായികവല്‍ക്കരണത്തിലൂടെ വരുമാനത്തിന്റെയും സമ്പത്തിന്റെയും അതിര്‍വരമ്പുകള്‍ കുറയ്ക്കാന്‍ വരെ പരമ്പരാഗത വ്യവസായങ്ങള്‍ അതിശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്്.പരമ്പരാഗത വ്യവസായങ്ങളുടെ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്ക് ആഗോള-ആഭ്യന്തര കമ്പോളങ്ങളില്‍ ഇപ്പോഴും മത്സരിച്ച് മുന്നേറാനുള്ള ശക്തിയുണ്ട്.ഈ തിരിച്ചറിവില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ എസ്.എഫ്.യു.ആര്‍.റ്റി.ഐ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

പ്രാദേശികമായി ലഭിക്കുന്ന പരമ്പരാഗത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗപ്പെടുത്തി പ്രദേശവാസികളായ പരമ്പരാഗത തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗതമായ രീതിയില്‍ വസ്തുക്കള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതിനെയാണല്ലോ പരമ്പരാഗത വ്യവസായം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഈ മേഖലയില്‍ ഭൂമിശാസ്ത്രപരമായ രീതിയില്‍ ഒരെ തരം വസ്തുക്കളുടെയോ സേവനങ്ങളുടെയും ഉത്പാദനത്തിലോ വിപണനത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന കൂട്ടായ്മകളെ ക്ലസ്റ്ററുകളെന്ന് നമുക്ക് വിളിക്കാം.

ഈ ക്ലസ്റ്ററുകള്‍ എല്ലായിപ്പോഴും മികച്ച ഉത്പാദനക്ഷമത കൈവരിക്കാനും അവരുടെ ഉത്പന്നങ്ങള്‍ക്ക് മത്സരക്ഷമത നേടിയെടുക്കാനും സ്ഥായിയായ വളര്‍ച്ച പ്രദാനം ചെയ്യുവാനുമായി 2005ല്‍ ആണ് 100 കോടി രൂപയുടെ പ്രാരംഭ വകയിരുത്തലുമായി ഒരു ഫണ്ട് രൂപീകരിക്കുന്നത്.ഈ സ്‌കീം എസ്.എഫ്.യു.ആര്‍.റ്റി.ഐ അഥവ നിധി പദ്ധതി എന്ന പേരില്‍ അറിയപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകളുടെയും അവരുടെ സ്ഥാപനങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും പങ്കാളിത്തത്തോടെ, കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം.അതിന്റെ കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, കയര്‍ ബോര്‍ഡ് എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പലതവണ പരിഷ്‌കരിക്കപ്പെട്ട എസ്.എഫ്.യു.ആര്‍.റ്റി.ഐ ഏറ്റവുമൊടുവില്‍ 2020-ലാണ് പുതുക്കിയിട്ടുള്ളത്.

പരമ്പരാഗത വ്യവസായങ്ങളെ ഖാദി വ്യവസായം, ഗ്രാമ വ്യവസായം, കയര്‍ വ്യവസായം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്.പരമ്പരാഗത വ്യവസായത്തെയും കൈത്തൊഴിലുകളാരെയും മത്സരബുദ്ധിയോടെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കുക,അവര്‍ക്ക് ദീര്‍ഘകാല സുരക്ഷിതത്വവും ജോലിയും പ്രധാനം ചെയ്യുക,വലിയഇടപാടുകള്‍ നടത്തിയ വലിയ ലാഭം നേടുന്നതിനുള്ള സാമര്‍ത്ഥ്യം നേടിക്കൊടുക്കുക,ഗ്രാമീണ സംരംഭകര്‍ക്കും പാരമ്പര്യ കരകൗശലക്കാര്‍ക്കും തുടര്‍ച്ചയായ തൊഴില്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് എസ്.എഫ്.യു.ആര്‍.റ്റി.ഐ പദ്ധതിക്ക് പിന്നിലുള്ളത്.

ബോധവത്ക്കരണം,വിപണി വികസന പരിപാടികള്‍ പോലുള്ളഉള്‍പ്പെടുന്ന സോഫ്റ്റ് ഇന്റെര്‍വെന്‍ഷന്‍ എന്ന പേരിലും ഉത്പാദന സൗകര്യങ്ങള്‍,സംഭരണപ്പുരകള്‍,പ്രവര്‍ത്തിപരിശീലന ക്യാമ്പുകള്‍ തുടങ്ങിയകാര്യങ്ങള്‍ ഹാര്‍ഡ് ഇന്റെര്‍വെന്‍ഷന്‍,ബ്രാന്‍ഡ് ബില്‍ഡിംഗ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയവ തീമാറ്റിക് ഇന്റെര്‍വെന്‍ഷന്‍ എന്നിങ്ങനെ മൂന്നായി തീരിച്ച് ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.എഫ്.യു.ആര്‍.റ്റി.ഐ പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നത്.

കൊച്ചിയിലെ കയര്‍ ബോര്‍ഡ് അടക്കം രാജ്യമെമ്പാടുമായി 28 സ്ഥാപനങ്ങളെ ക്ലസ്റ്റര്‍ രൂപീകരിക്കുവാനും എസ്.എഫ്.യു.ആര്‍.റ്റി.ഐ പദ്ധതി നടപ്പിലാക്കാനുമായി എംഎസ്എംഇ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലസ്റ്റര്‍ രൂപീകരിക്കുവാനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. https://sfurti.msme.gov.in/SFURTI/SignUp.aspx 

നോഡല്‍ ഏജന്‍സികള്‍ കൂടുതല്‍ വേണ്ടതുകൊണ്ട്, പുതിയ നോഡല്‍ ഏജന്‍സി ആയി അംഗീകരിക്കുവാനുള്ള അപേക്ഷകള്‍ എംഎസ്എംഇ മന്ത്രാലയത്തിനാണ് നല്‍കേണ്ടത്. സഹകരണ സ്ഥാപനങ്ങള്‍, കമ്പനി നിയമം വകുപ്പ് 465 (1) പ്രകാരമോ വകുപ്പ് 8 പ്രകാരപ്രകാരമോ ഉള്ള കമ്പനികള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്കാണ് നോഡല്‍ ഏജന്‍സി നിയമനത്തിന് അര്‍ഹത.അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ എംഎസ്എംഇ ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇതുവരെ വഹിച്ചിട്ടുള്ള പങ്കിന്റെ മികവ് അടിസ്ഥാനപ്പെടുത്തിയാണ് അംഗീകാരം നല്‍കുക. നോഡല്‍ ഏജന്‍സിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ട സാങ്കേതിക ഏജന്‍സിയുടെ തെരഞ്ഞെടുപ്പും അംഗീകാരവും മുതല്‍ ക്ലസ്റ്റര്‍ നടത്തിപ്പുകാരുടെ തെരഞ്ഞെടുപ്പും ഫണ്ട് വിതരണവും വരെ ക്ലസ്റ്റര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം നോഡല്‍ ഏജന്‍സിക്കാണ്.

സോഫ്റ്റ് ഇന്റെര്‍വെന്‍ഷനും ഹാര്‍ഡ് ഇന്റെര്‍വെന്‍ഷനും വേണ്ടി വരുന്ന ചെലവും ക്ലസ്റ്റര്‍ ഡെവലപ്മെന്റ് ഓഫിസറുടെ പ്രതിഫലവും സാങ്കേതിക വിദഗ്ധരുടെ ഫീസും എല്ലാം അടക്കം, 500 കൈത്തൊഴിലുകാര്‍ വരെയുള്ള ക്ലസ്റ്ററുകളുടെ വികസനത്തിന് രണ്ടര കോടി രൂപ വരെയും 500-ല്‍ അധികം കൈത്തൊഴിലുകാര്‍ ഉള്ള ക്ലസ്റ്ററുകള്‍ക്ക് പരമാവധി അഞ്ച് കോടി രൂപ വരെയുമാണ് ഈ പദ്ധതി വഴി ലഭിക്കുക.

പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ അതാത് സ്ഥലങ്ങളില്‍ രൂപീകരിക്കുന്ന എംഎസ്എംഇ ക്ലസ്റ്ററുകള്‍ക്ക്
‌സാധിക്കും.ഈ ക്ലസ്റ്ററുകള്‍ക്ക് വേണ്ട സഹായം നല്‍കുവാനാണ് എസ്.എഫ്.യു.ആര്‍.റ്റി.ഐ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പദ്ധതിയുടെ ഗുണഭോക്താവായി മാറുവാന്‍ ഓരോ കൈത്തൊഴില്‍ അല്ലെങ്കില്‍ കരകൗശല തൊഴിലാളിയും ശ്രദ്ധിക്കേണ്ടതാണ്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.