Sections

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട മര്യാദകളും എന്തെല്ലാം?

Tuesday, Jun 27, 2023
Reported By Admin
Motivation

സംഭാഷണത്തിനിടയിലെ നിലവാരമുള്ള സംസാരം കൊണ്ട് നല്ല അനുഭവവും, മോശമായ സംസാരം കൊണ്ട് അപമാനവും ഉണ്ടാകുന്നു. ചില പദപ്രയോഗങ്ങൾ നമുക്ക് അവജ്ഞത നേടിത്തരുന്നു. എപ്പോഴും നല്ല വാക്കുകൾ പറയുവാൻ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നുവെങ്കിലും മോശം പദപ്രയോഗത്തിലൂടെ മറ്റുള്ളവരുടെ ഇഷ്ടക്കേടാണ് അവർ നേടുന്നത്. മോശം പദപ്രയോഗങ്ങൾ നടത്തുകയും പിന്നീട് എന്തിന് ഇങ്ങനെ പ്രയോഗിച്ചു അല്ലെങ്കിൽ പറഞ്ഞു എന്ന് വിചാരിച്ച് അവർ ദുഃഖിക്കാറുണ്ട്. ഇത്തരത്തിൽ അപ്രിയമായ കാര്യങ്ങൾ പറയാതിരിക്കാൻ നാം സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നമ്മൾ സുഹൃത്തുക്കളോടോ മറ്റുള്ള ആൾക്കാരുമായിട്ടോ സംഭാഷണത്തിനിടയിൽ സ്വീകരിക്കേണ്ട അല്ലെങ്കിൽ മാനിക്കേണ്ട മര്യാദകൾ എന്തൊക്കെയെന്നാണ് ഇന്ന് പരിശോധിക്കുന്നത്.

  • ഒരു വ്യക്തിയോടോ, ഒരുകൂട്ടം ആൾക്കാരോടോ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ അഞ്ചുനിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം മാത്രം സംഭാഷണം ആരംഭിക്കുക. സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ മറ്റുള്ളവർ പറയുന്ന കാര്യം ഇഷ്ടപ്പെടാതെ വരുമ്പോൾ നമ്മൾ പെട്ടെന്ന് വരുന്ന ദേഷ്യത്തിൽ ഒന്നും ചിന്തിക്കാതെ ചാടിക്കയറി സംസാരിക്കാറുണ്ട്. ഇത് ചിലപ്പോൾ അപ്രിയ സത്യമോ തികച്ചും നമ്മുടെ തെറ്റായ ജഡ്ജ്മെന്റുമോ ആകാം, രണ്ടായാലും ഇങ്ങനെയുള്ള സംസാരം മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമാകും. അപ്രിയമായ സത്യം പറയരുതെന്ന് നീതിസാരം ഉപദേശിക്കുന്നു.
  • ബുദ്ധൻ പറയുന്നു നാം വാക്കുകൾ പറയുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ ചിന്തിച്ചു മാത്രമേ പറയാൻ പാടുള്ളൂയെന്ന്.
    • നാം സംസാരിക്കുന്ന കാര്യത്തിന് എന്തെങ്കിലും വാല്യൂ ഉണ്ടോയെന്ന്.
    • നമ്മൾ സംസാരിക്കുന്ന കാര്യത്തിന് ഇപ്പോൾ എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന്
    • നാം ഇപ്പോൾ പറയുന്ന കാര്യം പോസിറ്റീവായ മാറ്റം കൊണ്ടുവരുമോയെന്ന്.

അതുകൊണ്ട് നാം സംസാരിക്കാൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 5 സെക്കൻഡ് സൈലന്റ്സ് പ്രാക്ടീസ് ചെയ്ത് ആ സമയത്ത് നേരത്തെ പറഞ്ഞ മൂന്ന് കാര്യം ആലോചിച്ചു മാത്രം സംസാരിക്കുക.

  • സംസാരിക്കുന്നതിന്റെ എണ്ണം കുറയ്ക്കുകയെന്നത്. സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ എന്തെങ്കിലും കൂടുതൽ പറയുന്നതിനേക്കാളും ആശയം വ്യക്തമായ രീതിയിൽ ശക്തമായ പദത്തിലൂടെ സംസാരിച്ച് ശീലിക്കുക. നാം സംസാരിക്കുമ്പോൾ എത്ര വാക്കുകൾ പറയുന്നുയെന്നതിലല്ല എത്ര നല്ല ആശയമുണ്ടെന്നതിലാണ് കാര്യം.
  • തർക്കിക്കുന്ന ആൾക്കാരോട് നിശബ്ദത പാലിക്കുക. ചില ആൾക്കാർ മറുപടി അർഹിക്കാത്തവർ ആയിരിക്കും അവരോട് സംസാരിച്ച് സമയം കളയേണ്ടതില്ല. അവരെ നന്നാക്കലല്ല നമ്മുടെ ജീവിത ലക്ഷ്യം നമ്മുടെ ലക്ഷ്യം നേടുകയെന്നതാണ്. അതിന് അവരോട് സംസാരിച്ചു നമ്മുടെ വിലപ്പെട്ട സമയം കളയണമെന്നില്ല. അങ്ങനെയുള്ള ആൾക്കാരോട് നിശബ്ദമായി ഇരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
  • ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കുക. ഒരാൾ നമ്മളോട് സംസാരിക്കുമ്പോൾ സംസാരത്തിനിടയിൽ കയറി ഒരിക്കലും പറയരുത്. നമ്മളോട് സംസാരിച്ച് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ നമ്മൾ സംസാരിക്കാവൂ. ഇല്ലെങ്കിൽ നമ്മൾ പറയുന്ന ആശയം അവർ കേൾക്കാൻ തയ്യാറാകില്ല. നാം ഇടയ്ക്ക് കയറി സംസാരിക്കുമ്പോൾ അവർ നമ്മൾ പറയുന്ന ആശയം കേൾക്കുന്നതിനു പകരം നമ്മളോട് എന്ത് മറുപടി പറയാം എന്നതായിരിക്കും ആലോചിക്കുന്നത്.
  • നമ്മളെ കുറിച്ച് മാത്രം സംസാരിക്കരുത്. ചില ആൾക്കാർ തങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരിക്കുന്നത് കാണാറുണ്ട്. അത് കേൾക്കുന്ന ആൾക്കാർക്ക് തികച്ചും അരോചകമായിട്ടാകും തോന്നുന്നത്. പക്ഷേ നിലവാരമുള്ള ആൾക്കാർ തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാറില്ല. സംസാരിച്ചു തുടങ്ങുമ്പോൾ നമ്മളെക്കുറിച്ച് സംസാരിക്കാതെ അവരുടെ വിശേഷം ചോദിച്ച് അവരെക്കൊണ്ട് ആദ്യം സംസാരിപ്പിക്കുന്നതാണ് നല്ലത്. ഒരു സംഭാഷണത്തിൽ ആദ്യം സംസാരിക്കുന്നതിനേക്കാളും പ്രത്യേകിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം, രണ്ടാമത് സംസാരിക്കുന്നതാണ് ഇല്ലെങ്കിൽ അവർ സംസാരിച്ചതിനു ശേഷം സംസാരിക്കുന്നതാണ്.
  • മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ചോദ്യം ചോദിച്ചു കൊണ്ട് സംസാരം ആരംഭിക്കുകയെന്നത്. നാം ചോദ്യ രൂപത്തിലാണ് സംസാരം ആരംഭിക്കുന്നതെങ്കിൽ അങ്ങനെ ചോദ്യം ചോദിക്കുന്നവന് സംഭാഷണത്തിന്റെ നായകത്വം നേടാൻ കഴിയും. ഇങ്ങനെ സംസാരിക്കുന്നതിലൂടെ നമ്മുടെ ആശയങ്ങൾ അവരിലേക്ക് എത്തിക്കാൻ കഴിയും.
  • സംസാരിക്കുന്നത് ശ്രദ്ധിക്കുക. ഒരാൾ സംസാരിക്കുമ്പോൾ ആ സംസാരിക്കുന്ന കാര്യം പൂർണമായും ശ്രദ്ധിക്കുക ഒരിക്കലും മുഖം തിരിച്ചിരിക്കുകയോ മൊബൈലിൽ നോക്കിയിരിക്കുകയോ മറ്റു പ്രവൃത്തികൾ ചെയ്യുകയോ അരുത്. ശ്രദ്ധയോടെ കേൾക്കുമ്പോൾ ആ വ്യക്തി നാം പറയുന്ന കാര്യങ്ങൾക്ക് വില നൽകുകയും ആ വ്യക്തിക്ക് നമ്മളോട് ട്രസ്റ്റ് അല്ലെങ്കിൽ വിശ്വാസ്യത കൂടുകയും ചെയ്യും.

ആദ്യം നാം നല്ല കേൾവിക്കാർ ആവുകയും മുൻപ് പറഞ്ഞ നിബന്ധനകൾ പാലിക്കുകയും ചെയ്താൽ നമ്മുടെ സംസാരത്തിന് വളരെയധികം ശ്രദ്ധ തീർച്ചയായും ലഭിക്കുക തന്നെ ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.