- Trending Now:
ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്ഇന്ന് പറയുന്നത്.
എല്ലാവർക്കും ബിസിനസ് ചെയ്യാൻ കഴിയണമെന്നില്ല. ഓരോരുത്തർക്കും ഓരോ ബിസിനസ്സിലാകും അഭിരുചി ഉണാവുക. ഉദാഹരണമായി ഐടി പരിജ്ഞാനം ഇല്ലാത്ത ഒരാൾക്ക് ഐടി ബിസിനസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ജൂവലറി തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം ജൂലറി തുടങ്ങുന്നതിനുള്ള പരിപൂർണ്ണമായ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആ ബിസിനസ് ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. ഒരു ജോലി ചെയ്യുന്ന ആൾ ബിസിനസിലേക്ക് കടക്കുമ്പോൾ ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ജോലി പോലെയല്ല ബിസിനസ്. ജോലിയിൽ നമുക്ക് ഒരു നിശ്ചിത സമയം ജോലി ചെയ്താൽ മതിയാകും. പക്ഷേ ബിസിനസാകുമ്പോൾ ഒരു സമയപരിധി വയ്ക്കാൻ പറ്റില്ല. ചിലപ്പോൾ രാവിലെ തൊട്ട് ഒരു ദിവസം മുഴുവൻ ആ ജോലിയിൽ നിൽക്കേണ്ടി വരും. എപ്പോഴും കൺഫേർട്ടായി ഇരിക്കാൻ പറ്റുന്ന ഒരു രീതിയല്ല ബിസിനസ് തുടങ്ങുന്ന ആളിനെ സംബന്ധിച്ചിടത്തോളം. കൺഫർട്ടബിൾ സോൺ മാറ്റിവെച്ച് മുഴുവൻ സമയവും ബിസിനസിന് വേണ്ടി മാറ്റി വയ്ക്കാൻ തയ്യാറായിട്ടുള്ള ഒരാൾ മാത്രമേ ബിസിനസ് തുടങ്ങാൻ പാടുള്ളൂ. നിങ്ങൾ അങ്ങനെ ഒരു മൈൻഡ് സെറ്റ് ഉള്ള ആളാണോയെന്ന് ആദ്യം പരിശോധിക്കണം.
നമ്മൾ പഠിക്കാതെ ബിസിനസ് ചെയ്യാൻ പാടില്ല. നമ്മൾ ചെയ്യാൻ പോകുന്ന ബിസിനസിനെ കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കണം. ആ പ്രോജക്ടിൽ നമ്മുടെ ലക്ഷ്യം, നമ്മുടെ മിഷൻ, വിഷൻ എല്ലാം ഉണ്ടാകണം. ഒരു പ്രോജക്ട് തയ്യാറാക്കി അത് തനിക്ക് പറ്റുന്ന കാര്യമാണെന്ന് ഉറപ്പാക്കണം. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഒരു ബിസിനസ് ആരംഭിക്കരുത്. ഇന്ന് യൂട്യൂബുകളിലും സോഷ്യൽ മീഡിയയിലും ബിസിനസിനെ കുറിച്ച് പല ആശയങ്ങൾ പറയാറുണ്ട്. ഈ ആശയങ്ങൾ കേട്ടുകൊണ്ട് ഒന്നും ചിന്തിക്കാതെ ബിസിനസിന് വേണ്ടി ചാടി പുറപ്പെടരുത്. അതിനുപകരം ഏത് ബിസിനസാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിനെക്കുറിച്ച് ആദ്യം മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ വ്യക്തമായി പഠിച്ചിരിക്കണം.
ബിസിനസ് തുടങ്ങുന്നതിനു ക്യാപിറ്റൽ ഫണ്ട് നമുക്ക് ഉണ്ടാകണം. ആ ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ടാകണം. ഒരു കാരണവശാലും അധികമായി പൈസ ചിലവിടാൻ പാടില്ല. നമുക്ക് ഒരു ബഡ്ജറ്റ് ഉണ്ടായിരിക്കണം. പലരും കയ്യിൽ പൈസ ഇല്ലാതെ ബാങ്ക് ലോൺ എടുത്ത് ബിസിനസ് ചെയ്യുന്നവരാണ്. പിന്നീട് ബാങ്കിലെ ലോൺ അടച്ചു പോകാൻ വേണ്ടി ബിസിനസ് തള്ളി മുന്നോട്ട് കൊണ്ടുപോകുന്നവരാണ് പലരും. അങ്ങനെ ഉണ്ടാകാതിരിക്കാൻ നമുക്ക് ബിസിനസ്സ് ചെയ്യാൻ ഫണ്ട് ഉണ്ടാകണം. അത് എങ്ങനെ ഉപയോഗിക്കണം എന്ന് വ്യക്തമായ ഒരു ബഡ്ജറ്റും ആദ്യം തന്നെ ഉണ്ടായിരിക്കണം.
ബിസിനസ്സ് തുടങ്ങിയിട്ട് മാത്രം കാര്യമില്ല അതെങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് വ്യക്തമായ ധാരണ നമുക്കുണ്ടാകണം. എത്ര നല്ല പ്രോഡക്റ്റ് ആണെങ്കിലും നമുക്ക് മാർക്കറ്റിംഗ് അറിയില്ലെങ്കിൽ ആ പ്രോഡക്റ്റുമായി മുന്നോട്ടു പോകാൻ സാധ്യമല്ല. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ മാർക്കറ്റിംഗ് വളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്നതും, ഒരുപാട് സാധ്യതകളുള്ളതുമായ മേഖലയാണ്. പണ്ടത്തെപ്പോലെ ഒരുപാട് കാശുമുടക്കി മാർക്കറ്റിംഗ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ല എന്ന് സാരം.
ബിസിനസ്സിൽ സ്റ്റാഫ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ കാര്യത്തിനും നമ്മൾ ഒറ്റയ്ക്ക് കിടന്ന് ഓടുന്നത് ഒരു നല്ല ശീലമല്ല. എല്ലാം നമ്മൾ തന്നെ ചെയ്യുന്നത് ബിസിനസിന് പറ്റിയ ഒരു രീതിയല്ല. നല്ല നിലവാരമുള്ള എക്സ്പെർടുകൾ ആയിട്ടുള്ള സ്റ്റാഫുകൾ വളരെ അത്യാവശ്യമാണ്. യോജിച്ച ആൾക്കാരെ നമ്മൾ കണ്ടെത്തണം. സാധാരണ കാണുന്ന ഒരു പ്രവണത സ്റ്റാഫ് ആയിട്ട് നമ്മുടെ ബന്ധുക്കളെയോ, പരിചയക്കാരെയോ വയ്ക്കാറുണ്ട്. പിന്നീട് അവരുമായിട്ട് നമുക്ക് മുന്നോട്ട് പോകാൻ കഴിയാത്ത ഒരവസ്ഥയുണ്ടാകുന്നു.
സ്ഥാപനമാരംഭിക്കുമ്പോൾ നിയമപരമായി അതിനുള്ള അനുമതി വാങ്ങിക്കേണ്ടതുണ്ട്. ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ഥാപനം നടത്താൻ പാടുള്ളൂ. ബിസിനസ് തുടങ്ങാൻ പോകുമ്പോൾ ആ സ്ഥലം നിയമപരമായി ലൈസൻസ് അനുവദിക്കാൻ സാധ്യതയുള്ളതാണോ, ലീഗലി എന്തെങ്കിലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് നോക്കി മാത്രമേ ഒരു സ്ഥലത്ത് സ്ഥാപനം തുടങ്ങാൻ പാടുള്ളൂ. ഉദാഹരണം ജനസാന്ദ്രതയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി ഒരു ഫാക്ടറി പണിയുകയാണെങ്കിൽ അതിന് ലൈസൻസ് പെട്ടെന്ന് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ജനങ്ങൾക്കും, സമൂഹത്തിനും പ്രശ്നങ്ങളുണ്ടാക്കാതെ ബഡ്ജറ്റും, പ്ലാനിങ്ങും അനുസരിച്ച് വേണം ബിസ്നസ് തുടങ്ങാൻ.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചുവേണം ഒരു ബിസിനസ് അല്ലെങ്കിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിക്കേണ്ടത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.