Sections

അഗ്‌നിപഥ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ എന്തെല്ലാം? വിശദമായ മാര്‍ഗരേഖ പുറത്തിറക്കി

Sunday, Jun 19, 2022
Reported By admin
agnipath

സേവാ നിധി പാക്കേജ് പ്രകാരം നാല് വര്‍ഷത്തില്‍ 10.04 ലക്ഷം രൂപയായിരിക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ശമ്പളമായി നല്‍കുക


അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗരേഖ വ്യോമസേന ഇന്ന് പുറത്തുവിട്ടു. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. എന്നാല്‍ അപേക്ഷിക്കുന്ന വ്യക്തി മൈനര്‍ ആണെങ്കില്‍ അതിന് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. 17.5 വയസു മുതല്‍ 21 വയസു വരേയുള്ളവരേയായിരിക്കും തെരഞ്ഞെടുപ്പിന് പരിഗണിക്കുക. 

വര്‍ഷത്തില്‍ ആകെ മുപ്പത് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് ഉണ്ടാകുക. ഇത് കൂടാതെ സിക്ക് ലീവും അനുവധിക്കും. മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ നിര്‍ദേശത്തോടു കൂടിയായിരിക്കും സിക്ക് ലീവിന് അനുവാദം ലഭിക്കുക. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അഗ്‌നിപഥില്‍ അപേക്ഷിക്കാവുന്നതാണ്. സേവാ നിധി പാക്കേജ് പ്രകാരം നാല് വര്‍ഷത്തില്‍ 10.04 ലക്ഷം രൂപയായിരിക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ശമ്പളമായി നല്‍കുക. 

പദ്ധതി വഴി പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥിക്ക് ആദ്യ വര്‍ഷത്തില്‍ മാസം 30000 രൂപയായിരിക്കും ശമ്പളം ലഭിക്കുക. ഇതിന് പുറമെ യാത്ര, വസ്ത്രം എന്നിവക്കുള്ള മറ്റ് അലവന്‍സുകളും നല്‍കും. സര്ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രൊവിഡന്റ് ഫണ്ട് അഥവാ പി എഫ് ഉണ്ടായിരിക്കുന്നതല്ല. സേവനമനുഷ്ടിക്കുന്ന 4 വര്‍ഷം 48 ലക്ഷം രൂപ വരെ പോളിസിത്തുകക്ക് ഉദ്യോഗാര്‍ഥികള്‍ അര്‍ഹരായിരിക്കും.

പ്രവര്‍ത്തന കാലത്തിന് ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10%സംവരണം അനുവദിക്കും. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, കോസ്റ്റല്‍ ഗാര്‍ഡ്, സേനകളിലെ സൈനികേതര ഒഴിവുകള്‍ എന്നിവയിലായിരിക്കും സംവരണം നല്‍കുക. ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

അര്‍ധസൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ എക്‌സ് മിലിട്ടേറിയന്‍സിന് നല്‍കുന്ന 10 % സംവരണത്തിന്പുറമേയാണിത്. മാത്രമല്ല അര്‍ധസൈനികവിഭാഗങ്ങളിലും അസം റൈഫിള്‍സിലും ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധിക്ക് 3 വര്‍ഷം ഇളവുമുണ്ടാകും. ആദ്യബാച്ചിലുള്ളവര്‍ക്ക് ഈ ഇളവ് അഞ്ചുവര്‍ഷത്തേക്ക് അനുവദിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.