Sections

നല്ല വൃത്തിയായും ഭംഗിയായും വസ്ത്രം ധരിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?

Monday, Jun 26, 2023
Reported By Admin
Motivation

നല്ല വസ്ത്രം ധരിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടോ?


നന്നായി വസ്ത്രം ധരിക്കുന്നവരെ തീർച്ചയായും സമൂഹമംഗീകരിക്കും. തുടർച്ചയായി മോശം വസ്ത്രം ധരിക്കുന്നവരെ തികച്ചും പുച്ഛത്തോടെ കൂടി മാത്രമേ സമൂഹം കാണുകയുള്ളൂ. വസ്ത്രത്തിൽ എന്തിരിക്കുന്നു, പ്രവൃത്തിയിലല്ലേ കാര്യമെന്ന് ചിന്തിച്ചാൽ, നല്ല വസ്ത്രം ധരിക്കുക എന്നത് നല്ല പ്രവൃത്തിയാണ്. യേശുദാസ് പണ്ടൊരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി തന്റെ ആദ്യക്കാലത്ത് ഒരു ജോടി വെള്ള വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നതെന്ന്. അത് അദ്ദേഹം വളരെ വൃത്തിയായി ധരിച്ചു. അതിന്റെ ഓർമ്മക്കായി ഇന്നും അദ്ദേഹം വെള്ള വസ്ത്രം മാത്രമാണ് ധരിക്കുന്നത്. ഒരിക്കൽ ഒരു സ്കൂൾ അധ്യാപകൻ പറയുകയുണ്ടായി രാവിലെ സ്കൂളിൽ വരുന്ന കുട്ടികൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വൃത്തി കണ്ടാൽ ആ കുട്ടികളുടെ വീട്ടുകാരുടെ സ്വഭാവവും, വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങുന്ന കുട്ടികളുടെ വസ്ത്രം കണ്ട് കുട്ടികളുടെ സ്വഭാവവും നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന്. ഇത് അർത്ഥസത്യമായ കാര്യമാണെങ്കിലും വീട്ടിൽ ശ്രദ്ധിക്കുന്ന കുട്ടി നന്നായി വസ്ത്രം ധരിച്ചു മാത്രമേ സ്കൂളിൽ വരികയുള്ളൂ. വസ്ത്രധാരണം മാത്രമല്ല ശാരീരിക നിലയും ബഹുമാനത്തിന് കാരണമാണ്. കുളിക്കാതെ, തലചീകാതെ, മോശമായി വസ്ത്രംധരിച്ച, വൃത്തിയില്ലാത്ത ആളെ എത്ര വലിയ പണ്ഡിതൻ ആണെങ്കിലും ആരും അംഗീകരിക്കുകയില്ല. ഇതിൽ നാം പ്രധാനമായും മനസിലാക്കേണ്ട കാര്യം നമ്മുടെ ബാഹ്യരൂപം സംസാരിക്കുന്ന ഒന്നാണെന്നതാണ്. അത് നിങ്ങളെക്കുറിച്ച് നല്ല കാര്യമാണ് പറയുന്നത് എന്ന് ഉറപ്പാക്കുക. എപ്രകാരം നിങ്ങൾ കാണപ്പെടണം എന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരമാണ് നിങ്ങളുടെ ലുക്ക് എന്ന് ഉറപ്പുവരുത്തിയ ശേഷം യാത്രയ്ക്ക് പുറപ്പെടുക. നന്നായി വസ്ത്രം ധരിച്ചാലുള്ള ഗുണങ്ങളെപ്പറ്റി നോക്കാം.

  • ആത്മവിശ്വാസം കൂടും. പ്രസംഗിക്കുവാനോ, വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിന് പോകുമ്പോഴോ നന്നായി വസ്ത്രം ധരിച്ചാൽ നമ്മുടെ ആത്മവിശ്വാസം നന്നായി കൂടും.
  • സെൽഫ് ലവ് കൂടും. നാം നമ്മെ തന്നെ അംഗീകരിച്ചാൽ മാത്രമേ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുകയുള്ളൂ. ഇത് ഒരു പ്രപഞ്ച നിയമമാണ്. നാം എന്താണോ ചിന്തിക്കുന്നത് അതുതന്നെയാണ് നാം. പോസിറ്റീവ് ചിന്തകൾ ഉണ്ടാകുന്നതിന് സെൽഫ് ലവ് വളരെയധികം സഹായിക്കും. ഇതിന് നല്ല വസ്ത്രം ധരിച്ചാൽ സെൽഫ് ലൗ തീർച്ചയായും വർദ്ധിക്കുക തന്നെ ചെയ്യും.
  • നമ്മളെ മറ്റുള്ളവർ അംഗീകരിക്കും. ഒരു പോലീസ്കാരൻ തന്റെ യൂണിഫോം ധരിക്കുമ്പോഴാണ് അംഗീകാരം ലഭിക്കുന്നത് ഇതുപോലെ തന്നെയാണ് ഡോക്ടർ, വക്കീൽ തുടങ്ങിയവർക്കും. ഒരു സെയിൽസ് മാൻ എക്സിക്യൂട്ടീവായി വസ്ത്രം ധരിക്കുമ്പോഴാണ് അവന്റെ സെയിൽസ് നൈപുണ്യം വർധിക്കുന്നത് എന്ന് പറയുന്നു. മോശം വസ്ത്രത്തിൽ വന്ന് സെയിൽസ് നടത്തുന്നവനോട് സംസാരിക്കാൻ പോലും ആരും തയ്യാറാവുകയില്ല.
  • നമ്മുടെ പ്രാധാന്യം വർദ്ധിക്കും. ഏതെങ്കിലും മാർജിൻ ഫ്രീ മാർക്കറ്റിലോ മറ്റു കടയിലോ തുറന്നു വച്ചിരിക്കുന്ന ഈന്തപ്പഴത്തിനെക്കാളും നന്നായി പാക്ക് ചെയ്ത ഈന്തപ്പഴത്തിനാണ് കൂടുതൽ സെയിൽസ് ഉണ്ടാകുന്നത്. നല്ല രീതിയിൽ വസ്ത്രം ധരിക്കുന്നയാളിന് പ്രാധാന്യം തീർച്ചയായും കൂടും. ഈ പറഞ്ഞതിന്റെ അർത്ഥം വളരെ വിലകൂടിയ വസ്ത്രം ധരിക്കണമെന്നല്ല, ഉള്ളത് വൃത്തിയായി അലക്കിതേച്ച് ഉപയോഗിക്കണമെന്നാണ്. നല്ല ബ്രാൻഡ് വസ്ത്രങ്ങൾ വില വളരെ കൂടുതലാണെങ്കിലും, കോളിറ്റി ഉള്ളതിനാൽ വളരെ കൂടുതൽ കാലം ഉപയോഗിക്കാം. നല്ല വസ്ത്രം ധരിക്കുക എന്നത് ഏറ്റവും മികച്ച അംഗീകാരത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും, സെൽഫ് ലൗ, കൂടുന്നതിന്റെയും ഏറ്റവും നല്ല മാർഗ്ഗമാണെന്ന് മനസ്സിലാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.