Sections

വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണം ഉറപ്പാക്കി 'വി മിഷൻ'

Wednesday, Dec 27, 2023
Reported By Admin
We Mission

പദ്ധതിയിൽ ഇതുവരെ അനുവദിച്ചത് 748.43 ലക്ഷം രൂപ


സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ 'വി മിഷൻ' പദ്ധതി. ബിസിനസ് വിപുലീകരണം, നവീകരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഡിസി) വഴി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയിലൂടെ സഹായം നൽകുന്നത്.

പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ കെഎസ്ഐഡിസി പരിഷ്കരിച്ചിരുന്നു. അതിനുശേഷം വനിതാ സംരംഭകരിൽ നിന്നും എംഎസ്എംഇകളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്. 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള സംരംഭങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.

ഈ വർഷം നടന്ന വനിതാ സംരംഭകത്വ ഉച്ചകോടിയിൽ വനിതാ സംരംഭങ്ങൾക്കുള്ള വായ്പാ തുക വർധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരി ച്ച് 'വി മിഷൻ' പദ്ധതിയുടെ വായ്പാ തുക 25 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമായി ഉയർത്തി. 7.5 ശതമാനം പലിശയാണ് ഇതിന് ഈടാക്കുക. നിരവധി വനിതാ സംരംഭകർക്ക് ഇതിനകം പദ്ധതിയുടെ ഗുണം ലഭിച്ചു. 5-6 വർഷം തിരിച്ചടവുള്ള ഈ വായ്പയുടെ മൊറട്ടോറിയം 6 മാസമാണ്.

2017-18 ൽ ആരംഭിച്ച വി മിഷൻ പദ്ധതിയിൽ 748.43 ലക്ഷം രൂപയാണ് കെഎസ്ഐഡിസി നാളിതുവരെ നൽകിയത്. ഈ സാമ്പത്തിക വർഷം മാത്രം 148.66 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്ത്രീകളിലെ സംരംഭകത്വശീലം വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 'വി മിഷൻ' സംരംഭം പരിഷ്കരിച്ചതെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.