- Trending Now:
ഇന്ന് (സെപ്റ്റംബർ 17) മന്ത്രി റിയാസ് പ്രകാശനം ചെയ്യും
കൽപ്പറ്റ: ഉരുൾപൊട്ടൽ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് കൈകോർക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിൻറെ പുതിയ കാമ്പയിനായ 'എൻറെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഭാഗമാണിത്.
കാമ്പയിനിൻറെ ഔദ്യോഗിക വീഡിയോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് (സെപ്റ്റംബർ 17) പുറത്തിറക്കുകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സുമായി സംവദിക്കുകയും ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വലിയ ഫോളോവേഴ്സുള്ള മുപ്പതോളം സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് പരിപാടിയുടെ ഭാഗമാകും. വയനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന ഇൻഫ്ളുവൻസേഴ്സ് ജില്ലയുടെ മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യും.
ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾ വയനാട്ടിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിക്കുകയും ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെ റദ്ദാക്കുന്നതിലേക്കും നയിച്ചിരുന്നു.
വയനാടിനെ ചൊല്ലി സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾ ടൂറിസം മേഖലയെ വല്ലാതെ ബാധിച്ചുവെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഉരുൾപൊട്ടൽ ജില്ലയുടെ തീരെച്ചെറിയൊരു ഭാഗത്തെ മാത്രമാണ് ബാധിച്ചത്. എന്നാൽ വയനാട് ദുരന്തം എന്ന് പലരും വിശേഷിപ്പിച്ചതിനാൽ അത് ജില്ലയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി പ്രവർത്തനത്തെയാകെ പിന്നോട്ടടിപ്പിച്ചു. ആശങ്കയെ തുടർന്ന് ചൂരൽമലയിൽ നിന്ന് അകലെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പോലും പലരും റദ്ദാക്കി. ഇത് നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിച്ചു. ഈ സർക്കാർ നിലവിൽ വന്ന ശേഷം വയനാടിൻറെ വിനോദസഞ്ചാര മേഖലയ്ക്കായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. ഇതിൻറെ ഫലമായി വയനാട്ടിലേക്ക് വൻതോതിൽ സന്ദർശകരെ ആകർഷിക്കാനായി. പ്രധാന ഡെസ്റ്റിനേഷൻ എന്ന നിലയിൽ വയനാടിന് പ്രാധാന്യം വന്നതോടെ വാരാന്ത്യങ്ങളിൽ വലിയ തിരക്ക് കാരണം ഹോട്ടൽ ബുക്കിംഗ് പോലും കിട്ടാത്ത സാഹചര്യമുണ്ടായി. കോവിഡിനു ശേഷം 'സേഫ് കേരള' കാമ്പയിനിൽ ആദ്യം പരിഗണിച്ചതും വയനാടിനെയാണ്. എന്നാൽ ചൂരൽമല ദുരന്തത്തിനു ശേഷമുണ്ടായ നിരവധി തെറ്റായ പ്രചാരണങ്ങളോടെ ഈ മേൽക്കൈ നഷ്ടമാകുകയാണുണ്ടായത്. 'എൻറെ കേരളം എന്നും സുന്ദരം' കാമ്പയിൻ സംസ്ഥാനത്തുടനീളമുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് ഉയർച്ച നൽകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.