- Trending Now:
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തത്തെത്തുടർന്ന് വയനാട്ടിലുണ്ടായ ടൂറിസം തിരിച്ചടിയ്ക്ക് പരിഹാരമെന്നോണം പ്ലാൻറേഷൻ ടൂറിസം സജീവമാക്കി ഹാരിസൺസ് മലയാളം ലിമിറ്റഡ്. സാഹസിക ടൂറിസം പ്രവർത്തനങ്ങളുൾപ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസൺസ് മലയാളം നടത്തുന്നത്.
വർഷം ഏതാണ്ട് 17.5 ലക്ഷം സഞ്ചാരികളാണ് വയനാട്ടിലേക്കെത്തിയിരുന്നു. ടൂറിസത്തിലൂടെ 3165 കോടി രൂപയായിരുന്നു വയനാടിൻറെ മാത്രം സംഭാവന. ദുരന്തത്തെത്തുടർന്ന് ദിവസം ഒരു കോടി രൂപയോളമാണ് വയനാടിൻറെ നഷ്ടമായി കണക്കാക്കുന്നത്. ടൂറിസം വകുപ്പിൻറെയും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻറെയും പിന്തുണയോടെ പ്രചാരണ പരിപാടികൾ നടത്തുന്നതും സഹായകരമാകുന്നുണ്ട്.
അച്ചൂർ, ചൂണ്ടേൽ, സെൻറിനൽ റോക്ക് എന്നീ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഹാരിസൺസ് മലയാളത്തിൻറെ ടൂറിസം പ്രവർത്തനങ്ങൾ നടക്കുന്നത്. ടീ മ്യൂസിയം, സിപ് ലൈൻ, തേയില ഫാക്ടറി സന്ദർശനം, എടിവി റൈഡ്, ക്യാമ്പിംഗ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഇതിൽ ടീ മ്യൂസിയത്തിനോട് ചേർന്ന് കുട്ടികൾക്കുള്ള സാഹസിക പാർക്ക് അടുത്ത മാസത്തോടെ പൂർണമായി പ്രവർത്തനം തുടങ്ങുമെന്ന് ഹാരിസൺസ് മലയാളം സിഇഒ ചെറിയാൻ എം ജോർജ്ജ് പറഞ്ഞു.
വയനാട് തോട്ടം മേഖലയിലെ സുപ്രധാന പങ്കാളിയെന്ന നിലയിൽ തദ്ദേശവാസികളോട് തികഞ്ഞ പ്രതിബദ്ധത ഹാരിസൺസ് മലയാളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടും അല്ലാതെയും 140 പ്രദേശവാസികൾക്ക് പ്ലാൻറേഷൻ ടൂറിസം മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്. ടൂറിസം പ്രവർത്തനങ്ങൾ സജീവമാകുന്നതോടെ കൂടുതൽ പേർക്ക് മേഖലയിൽ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ഹാരിസൺസ് മലയാളം പ്ലാന്റേഷനിൽ നിർമ്മാണം പുരോഗമിക്കുന്ന കുട്ടികളുടെ സാഹസിക പാർക്ക്. പാർക്കിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകും.
സാഹസിക ടൂറിസം സജീവമാക്കാനുള്ള ശ്രമങ്ങൾ ഹാരിസൺസ് മലയാളം നടത്തി വരികയാണ്. ഇത്തരം ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ഏജൻസികളുമായി ചേർന്ന് വിവിധ ആക്ടിവിറ്റികൾ നടത്താനുള്ള സാധ്യതകൾ തേടുകയാണ്. വരും ദിവസങ്ങളിൽ ഇവ കൂടി സജീവമാകുന്നതോടെ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി വയനാട്ടിലെ ടൂറിസം പ്രദേശങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെറിയാൻ എം ജോർജ്ജ് പറഞ്ഞു.
2017 മുതൽ പ്ലാൻറേഷൻ-സാഹസിക ടൂറിസം പ്രവർത്തനങ്ങൾ ഹാരിസൺസ് മലയാളം നടത്തി വരുന്നുണ്ടെന്ന് കമ്പനിയുടെ ന്യൂ വെഞ്ച്വേഴ്സ് വിഭാഗം തലവൻ സുനിൽ ജോൺ ജോസഫ് ചൂണ്ടിക്കാട്ടി. ദുരന്തത്തെ തുടർന്ന് മുഴുവൻ ടൂറിസം പ്രവർത്തനങ്ങളും മന്ദഗതിയിലായി. തോട്ടം ബംഗ്ലാവുകൾ നവീകരിച്ച് പ്ലാൻറേഷൻ ടൂറിസത്തിൻറെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി ഈ മേഖലയെ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.