Sections

വയനാട്ടിലെ ടൂറിസം പ്രചാരണത്തിന് നേതൃത്വം നൽകി മന്ത്രി റിയാസ് 'എൻറെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു

Wednesday, Sep 18, 2024
Reported By Admin
Wayanad Tourism Campaign launched by Minister P.A. Mohamed Riyas to restore tourism post-Chooralmala

വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും


കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിനായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിൽ കാമ്പയിൻ. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി കാമ്പയിന് നേതൃത്വം നൽകിയത്.

ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള 'എൻറെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ മാനന്തവാടിയിൽ നടന്ന ചടങ്ങിൽ മന്ത്രി പുറത്തിറക്കി. കേരളത്തിനു പുറത്ത് 'ഇറ്റ്‌സ് കേരള സീസൺ' എന്നാണ് കാമ്പയിനിനു പേര്.

ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആത്മവിശ്വാസത്തോടെ വയനാട്ടിലേക്ക് വരാമെന്നും മന്ത്രി പറഞ്ഞു. വയനാട് സുരക്ഷിതമാണെന്ന ഈ സന്ദേശമാണ് മുന്നോട്ടുവയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ ഈ വർഷം ടൂറിസം വകുപ്പ് ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് വയനാട്ടിൽ താമസിക്കുകയും കാർലാട് തടാകം ഉൾപ്പെടെ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്ത മന്ത്രി വിനോദസഞ്ചാരികൾക്ക് ഏറെ സുരക്ഷിതമായ ഡെസ്റ്റിനേഷൻ ആണിതെന്ന സന്ദേശവും മുന്നോട്ടുവച്ചു.

പ്രചാരണ പരമ്പരയുടെ ഭാഗമായി വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിനായി കൈകോർക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സുമായി മന്ത്രി സംവദിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ലധികം ഇൻഫ്ളുവൻസേഴ്സ് ആണ് വയനാട് സന്ദർശിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന ഇൻഫ്ളുവൻസേഴ്സ് മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യും. ഇന്നലെ ആരംഭിച്ച സന്ദർശനം ഇന്നും തുടരും.

ചൂരൽമലയിലെ ഉരുൾപൊട്ടലിനു ശേഷം സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾ വയനാട്ടിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിക്കുകയും ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെ റദ്ദാക്കുന്നതിലേക്കും നയിച്ചിരുന്നു. ഇത് മറികടക്കുന്നതിനും വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ പഴയപടി ഊർജ്ജസ്വലമാക്കുന്നതിനും ആയിട്ടാണ് പ്രചാരണ കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.