Sections

ഹാരിസൺസ് മലയാളത്തിൻറെ കൈത്താങ്ങ്; കരകയറി വയനാട് തേയിലത്തോട്ടം മേഖല

Friday, Oct 25, 2024
Reported By Admin
Workers returning to tea plantations in Wayanad after flood disaster recovery efforts

കൽപറ്റ: പ്രളയദുരന്തത്തിൽ തകർന്നു പോയ വയനാട്ടിലെ തോട്ടം മേഖലയെ തിരികെ കൊണ്ടു വരാൻ ഹാരിസൺസ് മലയാളം നടത്തിയ ശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക്. തേയിലത്തോട്ടങ്ങളിൽ പണിക്കെത്തുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ നിന്ന് നാൽപ്പത് ശതമാനത്തോളമെത്തി. ദുരന്തത്തിൽ മാനസികമായി തളർന്നവരെ തിരികെയെത്തിക്കാനായി നടത്തിയ ശ്രമങ്ങളും ഫലം കണ്ടു.

ദുരന്തത്തിന് ശേഷം ആഗസ്റ്റ് 14 നാണ് തൊഴിലാളികളുടെ ആദ്യ സംഘം പുത്തുമല ഡിവിഷനിൽ പണിക്കെത്തിയത്. രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്നര വരെ ജോലി ചെയ്യാനുളള അനുമതിയാണ് ലഭിച്ചത്.

പിന്നീട് കമ്പനിയുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ് ഈ മേഖലയെ തിരികെയെത്തിക്കാൻ സാധിച്ചതെന്ന് ഹാരിസൺസ് മലയാളം സിഇഒ ചെറിയാൻ എം ജോർജ്ജ് പറഞ്ഞു. രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൻറെ സഹകരണത്തോടെ കൗൺസിലർമാരുടെ സംഘത്തെ തോട്ടം മേഖലയിൽ എത്തിക്കാൻ കഴിഞ്ഞു. കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് യഥാസമയം കൗൺസിലിംഗ് നൽകാൻ സാധിക്കുകയും അതു വഴി അവരിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്ക് നഷ്ടമായ വരുമാനം, ജീവിതമാർഗ്ഗം തുടങ്ങിയവ തിരികെയെത്തിക്കാനാണ് പരിശ്രമിച്ചത്. അതിന് മാനസികവും ശാരീരകവുമായ ആരോഗ്യമുള്ള തൊഴിലാളികളെ വേണമായിരുന്നു. തൊഴിലാളി സംഘടനകളുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ, കുടുംബ കൂട്ടായമകൾ തുടങ്ങിയവ സംഘടിപ്പിച്ചു. സാമൂഹ്യമായ കൂടിച്ചേരലുകൾ വിഷാദാന്തരീക്ഷം ലഘൂകരിക്കാൻ ഏറെ സഹായിച്ചെന്നും സിഇഒ ചൂണ്ടിക്കാട്ടി.

നിലവിൽ 40 ശതമാനത്തോളം തൊഴിലാളികളാണ് പണിക്കെത്തുന്നത്. ഇത് വർധിപ്പിക്കുന്നതിനുള്ള നടപടികളും കാലക്രമേണ ഹാരിസൺസ് മലയാളം ഏർപ്പെടുത്തുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ സഹകരണത്തോടെ പഴയ നിലയിലേക്ക് ഈ പ്രദേശത്തെ കൊണ്ടു പോകാനുള്ള പരിശ്രമങ്ങളാണ് നടന്നു വരുന്നതെന്നും ഹാരിസൺസ് മലയാളം വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.