Sections

കേരളത്തിലെ ഏറ്റവും വലിയ പുനരധിവാസ ശ്രമങ്ങൾക്ക് വയനാട്ടിൽ തുടക്കം കുറിച്ചു

Thursday, Apr 03, 2025
Reported By Admin
Wayanad Rehabilitation Project Launched: Kerala CM Inaugurates Township for Landslide Victims

കൊച്ചി: കേരള സർക്കാർ ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന വയനാട്ടിലെ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചു. 298 പേരുടെ ജീവനെടുക്കുകയും ആയിരങ്ങളെ ബാധിക്കുകയും ചെയ്ത 2024 ജൂലൈ 30-ലെ ഉരുൾപൊട്ടലിൽ അകപ്പെട്ട കുടുംബങ്ങളുടെ ജീവിതം പുനസ്ഥാപിക്കാനുള്ള മഹത്തായ ശ്രമങ്ങൾക്കാണ് വയനാട്ടിൽ തുടക്കമാകുന്നത്. കൽപറ്റയിൽ 64 ഹെക്ടറിലായാണ് പദ്ധതി. ഇവിടെ ആധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഷിപിൽ ഗുണഭോക്താക്കൾക്ക് ഏഴു സെൻറു വീതമുള്ള ഭൂമിയിൽ ആയിരം ചതുരശ്ര അടിയിലുള്ള രണ്ടു കിടപ്പു മുറികൾ വീതമുളള വീടുകളാണ് നൽകുന്നത്.

കൽപറ്റ ബൈപാസിനു സമീപം എൽസ്റ്റൺ എസ്റ്റേറ്റിൽ നടത്തിയ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്കു തറക്കല്ലിട്ടു. റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ രാജൻ അടക്കമുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സൗഹാർദ്ദവും സ്വയം പര്യാപ്തവുമായ ഈ ടൗൺഷിപിൽ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ പരിചരണ സംവിധാനം, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാമായി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കും.

കേരളത്തിൻറെ പ്രതിരോധത്തിൻറേയും ഐക്യത്തിൻറേയും സാക്ഷ്യപത്രമായി വയനാട് പുനരധിവാസം ഉയർന്നു നിൽക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ കൂട്ടായ, അചഞ്ചലമായ പ്രവർത്തനങ്ങൾ വഴി അസാധ്യമെന്ന് തോന്നിച്ചവയെ മറികടന്ന് ഒരു പ്രകൃതി ദുരന്തത്തിനും തങ്ങളെ തകർക്കാനാവില്ലെന്നു തെളിയിച്ചിരിക്കുകയാണ്. നാം യോജിച്ചു നിൽക്കുമ്പോൾ ഒന്നും നമ്മുടെ കൈപ്പിടിക്കപ്പുറമല്ലെന്ന് ഈ ദൗത്യം നമ്മെ ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ നൽകാൻ ജനങ്ങളെ സഹായിക്കന്ന വിധത്തിൽ wayanadtownship.kerala.gov.in എന്ന പോർട്ടലും മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി.

വയനാട്ടിലെ ദുരന്തബാധിതർക്ക് ഒപ്പം എന്നും തങ്ങൾ ശക്തമായി നിർക്കുകയായിരുന്നു എന്നും ദുരന്തമുണ്ടായി ഒരു മണിക്കൂറിനുള്ളിൽ തന്നെ അടുത്തുള്ള സൈറ്റിലുണ്ടായിരുന്ന തങ്ങളുടെ ടീം രക്ഷാ പ്രവർത്തനങ്ങൾക്കായി അവിടെ എത്തിയിരുന്നുവെന്നും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ഇവിടെ തങ്ങൾ കേവലം നിർമാതാക്കൾ മാത്രമല്ല, ആദ്യ പ്രതികരണം നടത്തിയവരുമാണ് ഈ സമൂഹത്തിന് ആവശ്യമുള്ള വേളയിൽ അവരോട് തോളോടു തോൾ നിന്ന് പിന്തുണ നൽകുകയായിരുന്നു. തങ്ങളുടെ പ്രതിബദ്ധതയുടെ ഒരു വിപുലീകരണമാണ് ഈ പുനരുദ്ധാരണ പദ്ധതി. വീടുകൾ നിർമിക്കുക മാത്രമല്ല ചെയ്യുന്നത്. പ്രതീക്ഷകളും അഭിമാനവും കൂടെച്ചേർക്കുന്നതിൻറെ അനുഭൂതി പുനസ്ഥാപിക്കുക കൂടിയാണ്. യുഎൽസിസിഎസ് അതിൻറെ നൂറാം വർഷത്തിൽ എത്തിയ വേളയിൽ കേരളത്തെ സേവിക്കാനുള്ള അഭിമാനകരമായൊരു അവസരമായി തങ്ങൾ ഇതിനെ കാണുന്നു. ഓരോ കുടുംബത്തിനും ഒരു പുതിയ തുടക്കം കുറിക്കാൻ ഇത് അവസരം നൽകും. നിർമാണത്തിനും അപ്പുറത്തേക്കു പോകുന്ന തങ്ങളുടെ പ്രതിബദ്ധത ജീവിതങ്ങൾ പുനസൃഷ്ടിക്കാനും സമൂഹത്തിൻറെ ഭാവി ശക്തമാക്കാനുമാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മൂല്യങ്ങളെ അതിൻറെ അന്തസത്ത പാലിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന യുഎൽസിസിഎസ് ഈ പദ്ധതി ലാഭത്തിനായല്ല ഏറ്റെടുക്കുന്നത്. ഇവിടെ ജീവിതം പുനസ്ഥാപിക്കാനും പ്രതീക്ഷകൾ വീണ്ടും ഉണർത്താനുമായി ഓരോ വിഭവങ്ങളും പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കും.

പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു, രജിസ്ട്രേഷൻ, പുരാവസ്തു, റെക്കോർഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുമരാമത്ത്, വിനോദ സഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ് എംഎൽഎ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ ചടങ്ങിൽ പ്രത്യേക അതിഥികളായി.

വീടുകൾ നിർമിക്കുന്നതിനും അപ്പുറത്തേക്കു പോയി സമഗ്ര ക്ഷേമത്തിനെ പിന്തുണക്കുന്നതാണ് ഈ ടൗൺഷിപ്. ലബോറട്ടി, ഫാർമസി, പരിശോധനാ, നിരീക്ഷണ മുറികൾ, മൈനർ ഓപറേഷൻ തീയ്യറ്റർ, ഒപി ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയുള്ള പൂർണ സൗകര്യമുള്ള ആരോഗ്യ കേന്ദ്രം വഴി ഇവിടെ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കും. ആധുനിക അംഗൻവാടിയിൽ കളിക്കുവാനുള്ള സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സംവിധാനം, സാധനങ്ങൾ ശേഖരിക്കാനുള്ള ഇടം, അടുക്കള തുടങ്ങിയവ ഉണ്ടാകും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപൺ മാർക്കറ്റ് സ്ഥലം, കുട്ടികൾക്കായുള്ള കളി സ്ഥലം, പാർക്കിങ് സൗകര്യം തുടങ്ങിയവ ഉണ്ടാകും. കമ്യൂണിറ്റി സെൻററിൽ സാമൂഹ്യ, സാംസ്ക്കാരിക ജീവിതം ഊർജ്ജസ്വലമാക്കാനുള്ള സൗകര്യങ്ങളുണ്ടാകും. മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്ട്സ് ക്ലബ്ബ്, പ്ലേ ഗ്രൗണ്ട്, ഓപൺ എയർ തീയ്യറ്റർ തുടങ്ങിയവയും ഇവിടെയുണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.