Sections

വേവ്സ് XR ക്രിയേറ്റർ ഹാക്കത്തോൺ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

Thursday, Apr 10, 2025
Reported By Admin
WAVES XR Creator Hackathon 2025 Winners Announced, LoomXR Takes the Top Spot in Immersive Tourism

തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട് അപ്പ് LumeXR പുരസ്കാര വിജയികൾ


കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാഗമായി നടത്തിയ XR ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പ്രമേയങ്ങളിൽ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്സീവ് ടൂറിസം പ്രമേയത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ലൂംഎക്സ്ആർ വിജയികളായി. സാവിയോ മനീഫർ (ലീഡ് യൂണിറ്റി ഡെവലപ്പർ), അവിനാഷ് അശോക് (സ്പേഷ്യൽ ഡിസൈനർ), മിഥുൻ സജീവൻ (യൂണിറ്റി ഡെവലപ്പർ), വിഷ്ണു വിഎസ് (3D ജനറലിസ്റ്റ്) എന്നിവർ അടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. വിനോദ സഞ്ചാരത്തിനും, യാത്രാനുഭവത്തിനും പുതിയ രൂപം പകർന്നു നൽകുന്നതാണ് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിനായി (എക്സ്ആർസിഎച്ച്) ലൂംഎക്സ്ആർ വികസിപ്പിച്ചെടുത്ത ട്രാവൽ ഗൈഡ്. വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് ഒന്നിലധികം സ്ഥലങ്ങൾ വെർച്വലായി കാണാൻ കഴിയും. യാത്രക്കാരെ സംവേദനാത്മകമായി ലക്ഷ്യസ്ഥാനങ്ങൾ മുൻകൂട്ടി കാണാനും, യാത്രാ ആസൂത്രണം കാര്യക്ഷമവും മികച്ചതുമാക്കുന്നതിനും സംരംഭം സഹായിക്കും. അതേസമയം തന്നെ പുതുയുഗ മാർക്കറ്റിംഗ് തന്ത്രങ്ങൾക്കും ഇതിലൂടെ അവസരം തുറക്കുന്നു. അനുദിനം ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന ലോകത്ത് യാത്രാ, ടൂറിസം മേഖലയിലെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂറിസം ബോർഡുകൾ എന്നിവയ്ക്കും ഇത്തരം ഇമ്മേഴ്സീവ് അനുഭവ സംരംഭങ്ങൾ ഏറെ പ്രയോജനകരമാകും. ഇന്ത്യലുടനീളമുള്ള 2,200-ലധികം പങ്കാളികളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ആരോഗ്യ സംരക്ഷണം- ശാരീരിക ക്ഷമത & ക്ഷേമം, വിദ്യാഭ്യാസ പരിവർത്തനം, ഇമ്മേഴ്സീവ് ടൂറിസം, ഡിജിറ്റൽ മീഡിയ & വിനോദം, ഇ-കൊമേഴ്സ്, റീട്ടെയിൽ പരിവർത്തനം എന്നിവയായിരുന്നു മത്സരത്തിനായുള്ള പ്രമേയങ്ങൾ. അഞ്ച് ലക്ഷം രൂപ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്. വിജയികൾക്ക് പ്രീമിയം ഉൽപ്പന്നങ്ങൾ, MIT റിയാലിറ്റി ഹാക്ക്, AWE ഏഷ്യ തുടങ്ങിയ പ്രമുഖ ആഗോള XR പരിപാടികളിൽ പങ്കെടുക്കാനായി സ്പോൺസർ ചെയ്ത യാത്രകൾ, അവരുടെ ആശയങ്ങൾ ജീവസുറ്റതാക്കാനുള്ള നിക്ഷേപ അവസരങ്ങൾ എന്നിവ ലഭിക്കും.

പശ്ചാത്തലം

സമ്പന്നമായ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യവും കഥപറച്ചിൽ സാങ്കേതിക വിദ്യകളുടെ ചരിത്രപരമായ പൈതൃകവും ഉപയോഗിച്ച്, ആഗോള മാധ്യമ, വിനോദ മേഖലയിൽ ലോകനേതൃതത്തിലേക്ക് മുന്നേറുകയാണ് ഇന്ത്യ. 2025 മെയ് 1 മുതൽ മെയ് 4 വരെ വിനോദ തലസ്ഥാനമായ മുംബൈയിൽ ആരംഭിക്കുന്ന ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്.

ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ സോഫ്റ്റ് പവറും കഴിവുകളും ഉപയോഗിച്ച് മാധ്യമ & വിനോദ വ്യവസായത്തിലെ ഒരു നേതാവായി സ്വയം പ്രദർശിപ്പിക്കാൻ WAVES ഉച്ചകോടി ഇന്ത്യയെ സഹായിക്കും. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഗ്ലോബൽ മീഡിയ ഡയലോഗിന്റെ ലക്ഷ്യം. വ്യവസായ പ്രമുഖരുമായി വട്ടമേശ സമ്മേളനവും ഉച്ചകോടിയിൽ നടക്കും. ആഗോള മാധ്യമ സംഭാഷണത്തിന്റെ ഫലമായി വേവ്സ് ഉച്ചകോടിയിൽ ഒരു പ്രഖ്യാപനം ഉണ്ടാകും. ഇത് ആഗോള മാധ്യമ, വിനോദ സാഹോദര്യത്തിന് M&E മേഖലയിൽ വേൾഡ് എന്റർടൈൻമെന്റ് ഫോറം പോലുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗരേഖയായി വർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.