- Trending Now:
യുപിഐ വിനിമയങ്ങൾ ഇന്നു സർവസാധാരണമായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിൽ മാത്രം രാജ്യത്ത് യുപിഐ വഴി 12.82 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിങ്ങനെയുള്ള ആപ്പുകളിലാണ് കൂടുതൽ വിനിമയങ്ങളും രാജ്യത്ത് നടക്കുന്നത്. ഇത്തരം യുപിഐ വിനിമയങ്ങൾക്ക് പ്രതിദിന പരിധി ബാധകമാണ്. നാഷണൽ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഏർപ്പെടുത്തിയിരിക്കുന്ന പരിധിക്കുള്ളിൽ നിന്നു മാത്രമേ വിനിമയങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ.
എൻപിസിഐ മാനദണ്ഡങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി 1 ലക്ഷം രൂപ വരെ പേയ്മെന്റ് നടത്താൻ സാധിക്കും. എന്നാൽ ബാങ്കുകൾക്കനുസരിച്ച് പരിധിയിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് എസ്ബിഐ യുപിഐ പേയ്മെന്റ് നടത്താൻ ഒരു ദിവസം അനുവദിച്ചിരിക്കുന്ന പരിധി 1 ലക്ഷം രൂപയാണ്. ഒരു ദിവസം നടത്തേണ്ട യുപിഐ ഇടപാടുകളുടെ എണ്ണത്തിനും പരിധിയുണ്ട്. ഒരു ദിവസം പരമാവധി 20 വിനിമയങ്ങളാണ് ഒരു വ്യക്തിക്ക് നടത്താൻ സാധിക്കുക. 20 ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനു ശേഷം മാത്രമേ പുതിയ വിനിമയങ്ങൾ നടത്താൻ സാധിക്കൂ.
ഗൂഗിൾ പേ (Google Pay) UPI ട്രാൻസ്ഫർ പരിധി
ഗൂഗിൾ പേയിലൂടെ ഒരു ദിവസം പരമാവധി 1 ലക്ഷം രൂപ വരെയാണ് പേയ്മെന്റ് നടത്താൻ സാധിക്കുന്നത്. ഒരു ദിവസം പരമാവധി 10 തവണ പണം അടയ്ക്കാം. ആരോടെങ്കിലും ഒരു ദിവസം പരമാവധി 2000 രൂപ മാത്രമാണ് റിക്വസ്റ്റ് ചെയ്യാൻ സാധിക്കുക.
ഫോൺ പേ (Phone Pay) UPI ട്രാൻസ്ഫർ പരിധി
ഫോൺപേയുടെയും പ്രതിദിന യുപിഐ ഇടപാട് പരിധി 1 ലക്ഷം രൂപയാണ്. എന്നാൽ ബാങ്കുകൾക്കനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകാം. ബാങ്കിന്റെ മാനദണ്ഡങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം പരമാവധി 10 അല്ലെങ്കിൽ 20 ഇടപാടുകൾ നടത്താൻ സാധിക്കും. പരമാവധി റിക്വസ്റ്റ് ചെയ്യാവുന്ന തുക 2000 രൂപയാണ്.
പേടിഎം (Paytm) UPI ട്രാൻസ്ഫർ പരിധി
ഒരു ലക്ഷം രൂപ വരെ പേടിഎമ്മിലൂടെ ഒരു ദിവസം കൈമാറാം. എന്നാൽ ഓരോ മണിക്കൂറിലും, ദിവസേനയുള്ള കൈമാറ്റത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ വിനിമയ പരിധി 20,000 രൂപയാണ്. അതു പോലെ ഒരു മണിക്കൂറിലെ പരമാവധി പേടിഎം ഇടപാടുകളുടെ എണ്ണം 5 ആയി നിശ്ചയിച്ചിട്ടുണ്ട്. 20 പ്രതിദിന ഇടപാടുകൾ നടത്താനാണ് അനുമതിയുള്ളത്.
ആമസോൺ പേ (Amazon Pay) UPI ട്രാൻസ്ഫർ പരിധി
യുപിഐ വഴി പ്രതിദിനം പരമാവധി 1 ലക്ഷം രൂപ കൈമാറാം. എന്നാൽ ആമസോൺ പേയിൽ രജിസ്റ്റർ ചെയ്തതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ 5,000 രൂപയുടെ ഇടപാടുകൾ മാത്രമേ നടത്താനാവൂ. പ്രതിദിനം പരമാവധി 20 ഇടപാടുകളാണ് നടത്താൻ സാധിക്കുക. ഇത് വിവിധ ബാങ്കുകളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.