- Trending Now:
രണ്ട് കാരണങ്ങളാലാണ് കമ്പനികള്‍ പരാജയപ്പെടുന്നതെന്നാണ് വിദഗ്ധരുടെ പക്ഷം
വലിയ വിജയഗാഥകള്‍ സൃഷ്ടിക്കാന്‍ ഒരു ഭീമന്‍ കമ്പനിയുടെ ആവശ്യമില്ല. അതിന് രണ്ട് വ്യക്തികള്‍ മികച്ച ടീമായി പ്രവര്‍ത്തിച്ചാലും മതി. ബിസിനസ് വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകം ജോലി ചെയ്യുന്ന ആളുകളാണ്. നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന ഒരാളെയോ അഞ്ചോ 10 പേരെയോ നിങ്ങള്‍ കണ്ടെത്തിയാല്‍ വിജയം നേടാന്‍ സാധിക്കും. അതിനാല്‍ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവ മനസിലാക്കാം.
മിടുക്കരായാല്‍ മാത്രം പോരാ
ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള വിദഗ്ധരുമായി ബന്ധപ്പെടാന്‍ ശ്രമിക്കണം. കാരണം അവരില്‍ നിന്ന് നിങ്ങള്‍ക്ക് ഒരുപാട് പഠിക്കാന്‍ കഴിയും. ബുദ്ധിയും കഴിവും ഉള്ള ആളുകളെയായിരിക്കും എല്ലാവരും ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ടീം അംഗങ്ങള്‍ മിടുക്കരായാല്‍ മാത്രം പോരാ.
രണ്ട് കാരണങ്ങളാലാണ് കമ്പനികള്‍ പരാജയപ്പെടുന്നതെന്നാണ് വിദഗ്ധരുടെ പക്ഷം. ഒന്ന് പണം മറ്റൊന്ന് ഈഗോ. ക്ഷമ, വിശ്വാസം, ആത്മാര്‍ത്ഥത, സത്യസന്ധത എന്നിവ ബിസിനസില്‍ പ്രധാനമാണ്. ഇവയുടെയൊക്കെ അഭാവത്തിലാണ് ഈഗോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എല്ലാ വശങ്ങളും മനസിലാക്കിയതിന് ശേഷം മാത്രം ബിസിനസ് ടീം അംഗങ്ങളെ തെരഞ്ഞെടുക്കുക.
നേട്ടങ്ങള്‍ മാത്രം നോക്കരുത്
വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത കഴിവുകള്‍ ആയിരിക്കും ഉണ്ടാകുക. ഒരു ബിസിനസിനെ സംബന്ധിച്ച് അതൊരു നല്ല കാര്യമാണ്. ടീമിലെ എല്ലാവര്‍ക്കും കമ്പനിയെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെങ്കിലും ഓരോ മേഖലയിലും വൈവിധ്യമുള്ളവര്‍ ഉണ്ടായാല്‍ വളര്‍ച്ച എളുപ്പമാകും. എന്നാല്‍ ടീമംഗങ്ങളുടെ നേട്ടങ്ങള്‍ മാത്രം നോക്കി വിലയിരുത്തരുത്. പ്രവര്‍ത്തന ശൈലി ഒരു പ്രധാന ഭാഗമാണ്. ചിലപ്പോള്‍ അവരുടെ പ്രവര്‍ത്തന ശൈലി വിജയിച്ചെന്ന് വരില്ല, എന്നാല്‍ അവര്‍ ബിസിനസിനോട് ആത്മാര്‍ത്ഥ പുലര്‍ത്തിയും സമര്‍ത്ഥമായും ആയിരിക്കും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകുക. അത് കൂടി മനസിലാക്കാന്‍ ശ്രമിക്കണം. അടുത്ത ഘട്ടത്തില്‍ അവര്‍ വിജയിച്ചേക്കാം.
മുന്‍ പരിചയം പ്രധാനം
ബിസിനസില്‍ മുന്‍പരിചയമുള്ള ടീം ഉണ്ടാകുന്നത് എതിരാളികളേക്കാള്‍ വലിയ നേട്ടമാണ്. ബിസിനസ് ലോകം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പ്രവര്‍ത്തിക്കുന്ന രീതി നാവിഗേറ്റ് ചെയ്യാന്‍ എളുപ്പമാണ്. മുന്‍പരിചയം ഇല്ലെങ്കില്‍ ഓരോ വെല്ലുവിളിയും പുതിയതായിരിക്കും. ബിസിനസില്‍ മുന്‍പരിചയവുമില്ലാത്ത ഒരാള്‍ നിങ്ങളുടെ ടീമിനെ ഏതെങ്കിലും തരത്തില്‍ പിന്നോട്ട് കൊണ്ടു പോകാന്‍ സാധ്യതയുണ്ട്.
ചില്ലറക്കാരനല്ല മെട്രിക്‌സ്
ഒരു ബിസിനസ് ടീമിനെ വിജയകരമാക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മെട്രിക്സ് എടുത്തുപറയേണ്ട ഒന്നാണ്. ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്ന പ്രക്രിയയെ ഗൗരവമായി എടുക്കുന്നതായി മെട്രിക്‌സില്‍ കാണിക്കുന്നു. അതിനാല്‍ മെട്രിക്‌സിനെ കുറിച്ച് ധാരണയുള്ള ആളുകളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കൂടാതെ ഓരോ ദിവസത്തെയും മെട്രിക്‌സ ടീം അംഗങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആശയ വിനിമയമില്ലെങ്കില്‍ കാര്യമില്ല
നല്ല പരിചയസമ്പന്നരായ ആളുകളുള്ള ഒരു ടീം ഉണ്ടായിരിക്കുന്നത് വളരെ മികച്ചതാണ്. എന്നാല്‍ അവര്‍ക്ക് പരസ്പരം വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥമില്ല. ഒരു ടീമില്‍ നിരവധി വ്യക്തികള്‍ ഉണ്ടെങ്കിലും അവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. അതിന് ആശയവിനിമയം അനിവാര്യമാണ്. ഓരോ ടീം അംഗവും അവരവരുടെയും സഹപ്രവര്‍ത്തകരുടെയും പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം.
ഫോക്കസ് അനിവാര്യം
ബിസിനസ് വളരെ സമ്മര്‍ദ്ദമുണ്ടാക്കുമെന്നത് വസ്തുതയാണ്. അതിനാല്‍ ജോലി തീര്‍ത്ത് വൈകുന്നേരം 5 മണിക്ക് പോകാന്‍ താല്‍പര്യപ്പെടുന്ന രീതിയിലുള്ള ആളുകള്‍ ബിസിനസ് സംസ്‌കാരത്തിന് യോജിച്ചവരല്ല. ബുദ്ധിപരമായും കഠിനമായും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവരായിരിക്കണം ടീം അംഗങ്ങള്‍. കൂടാതെ ബിസിനസ്സിന്റെ ഭാവിയെക്കുറിച്ചും ടീം അംഗങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ദീര്‍ഘകാല വിജയത്തിന് സാധ്യതയേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.