- Trending Now:
കൊച്ചി: വോഡഫോൺ ഐഡിയയ്ക്ക് അടുത്ത മൂന്നു വർഷത്തേക്ക് നെറ്റ്വർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാനായി നോക്കിയ, എറിക്സൺ, സാംസങ് എന്നിവയുമായി 3.6 ബില്യൺ ഡോളറിൻറെ (300 ബില്യൺ രൂപ) മെഗാ ഇടപാടു പൂർത്തിയായി. അടുത്ത മൂന്നു വർഷത്തേക്ക് 6.6 ബില്യൺ ഡോളറിൻറെ (550 ബില്യൺ രൂപ) പുതുക്കൽ നടപടികളിലേക്കുള്ള കമ്പനിയുടെ മൂലധന നിക്ഷേപ നീക്കങ്ങളിലെ ആദ്യ ചുവടു വെപ്പാണ് ഈ ഇടപാട്. 4ജി സേവനം 1.03 ബില്യണിൽ നിന്ന് 1.2 ബില്യണിലേക്ക് എത്തിക്കുന്ന വിധത്തിലെ വികസനവും സുപ്രധാന വിപണികളിൽ 5ജി അവതരിപ്പിക്കുന്നതും ഡാറ്റാ വളർച്ചയ്ക്ക് അനുസൃതമായി ശേഷി വികസിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ മൂലധന നിക്ഷേപം. കമ്പനിയുടെ നിലവിലുള്ള ദീർഘകാല പങ്കാളികളായ നോക്കിയ, എറിക്സൺ എന്നിവരുമായുള്ള സഹകരണം തുടരുന്നതോടൊപ്പം സാംസങിനെ പുതിയ പങ്കാളിയാക്കുകയും ചെയ്തിരിക്കുകയാണ്.
കൂടുതൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങൾ ലഭ്യമാക്കും വിധം ഏറ്റവും അത്യാധുനിക ഉപകരണങ്ങൾ വേഗത്തിൽ ലഭിക്കാൻ ഈ കരാറുകൾ കമ്പനിയെ സഹായിക്കും. ഈ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ വിപണിയെ കുറിച്ചുള്ള വിപുലമായ കാഴ്പ്പാട് 4ജി, 5ജി സാങ്കേതികവിദ്യകളിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനും കമ്പനിയെ സഹായിക്കും. ഇതിന് പുറമെ പുതിയ ഉപകരണങ്ങളുടെ ഊർജ്ജക്ഷമത പ്രവർത്തന ചെലവുകൾ കുറക്കാനും കമ്പനിയെ സഹായിക്കും. ഈ ദീർഘകാല ഇടപാടുകളുടെ ഭാഗമായുള്ള ആദ്യ സപ്ലൈകൾ അടുത്ത ത്രൈമാസത്തിലായിരിക്കും ആരംഭിക്കുക. 1.2 ബില്യൺ ഇന്ത്യക്കാർക്ക് 4ജി കവറേജ് ലഭ്യമാക്കുന്ന വിധത്തിലെ വിപുലീകരണമായിരിക്കും കമ്പനിയുടെ മുഖ്യ പരിഗണന.
അടുത്തിടെ 240 ബില്യൺ രൂപയുടെ ഓഹരി വർധനവും 2024 ജൂണിലെ ലേലത്തിലൂടെ 35 ബില്യൺ രൂപയുടെ അധിക സ്പെക്ട്രം നേടലും നടത്തിയ ശേഷം ദീർഘകാല കരാറുകൾക്കായുള്ള നീക്കങ്ങൾ നടത്തുന്നതിന് ഒപ്പം തന്നെ വേഗത്തിലുള്ള ചില മൂലധന നീക്കങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സൈറ്റുകളിൽ കൂടുതൽ സ്പെക്ട്രം ലഭ്യമാക്കിയതും പുതിയ ചില സൈറ്റുകൾ ആരംഭിച്ചതും അടക്കമുള്ള നീക്കങ്ങളായിരുന്നു ഇതിൻറെ ഭാഗമായി നടത്തിയത്. ശേഷിയുടെ കാര്യത്തിൽ ഏകദേശം 15 ശതമാനം വർധനവുണ്ടാക്കിയതും കവറേജ് നൽകുന്നവരുടെ എണ്ണം 2024 സെപ്റ്റംബർ അവസാനത്തോടെ 16 മില്യണായി ഉയർത്തിയതും ഇവയുടെ ഫലമായായിരുന്നു. ഈ നീക്കങ്ങൾ പൂർത്തിയാക്കിയ ചില മേഖലകളിൽ ഉപഭോക്തൃ അനുഭവങ്ങളിൽ മെച്ചപ്പടൽ ഉണ്ടായതായും തങ്ങൾക്ക് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
ഉയർന്നു വരുന്ന പുതിയ നെറ്റ്വർക്ക് സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തി ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോൺ ഐഡിയ സിഇഒ അക്ഷയ മൂൺട്ര പറഞ്ഞു. ഈ നീക്കങ്ങൾക്കു തങ്ങൾ തുടക്കം കുറിച്ചു കഴിഞ്ഞു. വിഐഎൽ 2.0 എന്ന നിലയിലുള്ള യാത്രയിലാണ് തങ്ങൾ. ഈ മേഖലയിൽ വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിയുള്ള കാര്യക്ഷമമായ മാറ്റത്തിൻറെ ഘട്ടത്തിലാണ്. നോക്കിയയും എറിക്സണും തുടക്കം മുതൽ തന്നെ തങ്ങളുടെ പങ്കാളികളാണ്. ഈ പങ്കാളിത്തം തുടരുന്ന പാതയിലെ മറ്റൊരു നാഴികക്കല്ലാണിത്. സാംസങുമായുള്ള പുതിയ പങ്കാളിത്തം ആരംഭിക്കാൻ സന്തോഷമുണ്ട്. 5ജിയിലേക്കു കടക്കുന്ന യാത്രയിൽ തങ്ങളുടെ എല്ലാ പങ്കാളികളുമായും അടുത്തു ചേർന്നു പ്രവർത്തിക്കാനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ മൂലധന സൗകര്യങ്ങൾ വിപുലമാക്കുന്നത് ഓഹരി സമാഹരണത്തിൻറെ അടിത്തറയിലാണ്. ദീർഘകാല മൂലധനത്തിനായി നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങളുമായി 250 ബില്യൺ രൂപ ഫണ്ടും, 100 ബില്യൺ രൂപയുടെ ഫണ്ട് ഇതര സൗകര്യങ്ങൾക്കുമായുള്ള ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് കമ്പനി. സാങ്കേതിക-സാമ്പത്തിക വിലയിരുത്തലുകളാണ് ഈ പ്രക്രിയയിലെ സുപ്രധാന നടപടികളിലൊന്ന്. പുറത്തു നിന്നുള്ള സ്വതന്ത്ര സ്ഥാപനം നടത്തുന്ന ഈ വിലയിരുത്തൽ അടുത്തിടെയാണ് പൂർത്തിയാക്കിയത്. എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപോർട്ടിൻറെ അടിസ്ഥാനത്തിൽ ബാങ്കുകൾ അവയുടെ ആഭ്യന്തര വിലയിരുത്തലും അംഗീകാര നടപടികളും തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.