- Trending Now:
സ്‌പെക്ട്രം ലേലത്തിലെ കുടിശ്ശികയായി കോടിക്കണക്കിന് രൂപയാണ് വൊഡാഫോണ്‍ ഐഡിയ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ളത്.
രാജ്യത്തെ പ്രമുഖ മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡറായ വൊഡാഫോണ്‍ ഐഡിയയുടെ ഓഹരികളേറ്റെടുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കമ്പനി തകര്‍ച്ചയിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്രം ഓഹരിയേറ്റെടുക്കല്‍ നടപടിയിലേക്ക് നീങ്ങുന്നത്. സ്‌പെക്ട്രം ലേലത്തിലെ കുടിശ്ശികയായി കോടിക്കണക്കിന് രൂപയാണ് വൊഡാഫോണ്‍ ഐഡിയ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ളത്.
കുടിശ്ശിക തീര്‍ക്കാനാവത്തത് കമ്പനിയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചിരുന്നു. അവശ്യ സേവനങ്ങള്‍ക്ക് പോലും ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വൊഡാഫോണ്‍ ഐഡിയയുടെ സേവനങ്ങള്‍ തടസ്സപ്പെടുന്ന അവസ്ഥയുണ്ടാവുകയും ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും രാജിതുടര്‍ക്കഥയാവുകയും ചെയ്തിരുന്നു.
ഇങ്ങനെ കമ്പനി ഒരു തകര്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന സ്ഥിതി വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ടെലികോം മന്ത്രാലയത്തിന് നല്‍കാനുള്ള കുടിശ്ശികയ്ക്ക് തത്തുല്യമായി ഓഹരികള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന വോഡാഫോണ്‍ ഐഡിയ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിക്കുകയായിരുന്നു.
ഇതോടെ വൊഡാഫോണ്‍ ഐഡിയ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി സര്‍ക്കാര്‍ മാറും. വൊഡാഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരികളാവും ഇനി കമ്പനി ഓഹരിയിലുണ്ടാവുക. കമ്പനിയുടെ 35.8 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുക. ഇതോടെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി കേന്ദ്രസര്‍ക്കാര്‍ മാറും.
രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വവര്‍ക്ക് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി കണ്ടറിയേണ്ടത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രതിസന്ധിയില്‍ തുടരുമ്പോള്‍ എന്താണ് വൊഡാഫോണിനായി കേന്ദ്രത്തിന്റെ പദ്ധതിയെന്നറിയില്ല.
ഭാവിയില്‍ ഈ ഓഹരികള്‍ കേന്ദ്രം മറ്റേതെങ്കിലും കമ്പനിക്ക് വില്‍ക്കാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ മുന്നില്‍ കാണുന്നു. എന്തായാലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റൊഴിക്കുന്ന നയം സ്വീകരിച്ച കേന്ദ്രം ഒരു സ്വകാര്യ കമ്പനിയുടെ ഓഹരി വാങ്ങുന്ന അപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.