Sections

ബ്രാന്‍ഡായി വളര്‍ന്ന്‌ വിരാട് കോഹ്ലി; 1,500 കോടി രൂപ മൂല്യമുളള താരം

Saturday, Nov 05, 2022
Reported By admin
virat

പ്രതിദിനം 1.5 കോടി രൂപയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ സമ്പാദിക്കുന്നത്


ഫീല്‍ഡിലെ വിജയം കോഹ്ലിയെ വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകളുടെയും മുഖമാക്കി മാറ്റി. ടി20 ലോകകപ്പില്‍ മികച്ച ഫോമിലായ വിരാട് കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം വീണ്ടും ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം 1.5 കോടി രൂപയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ സമ്പാദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്രോളിന്റെ റിപ്പോര്‍ട്ടില്‍ 185.7 ദശലക്ഷം ഡോളര്‍ അഥവാ 1,500 കോടി രൂപ മൂല്യമുളള ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റിയാണ് കോഹ്ലി. കോഹ്ലിയുടെ എന്‍ഡോഴ്സ്മെന്റ് ഫീസ്, ഒരു ബ്രാന്‍ഡിന് പ്രതിവര്‍ഷം 5-6 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ടി20 ലോകകപ്പിന് ശേഷം എന്‍ഡോഴ്സ്മെന്റ് ഫീസ് കുറഞ്ഞത് 15 ശതമാനമെങ്കിലും ഉയരുമെന്ന് സെലിബ്രിറ്റി മാനേജര്‍മാര്‍ പറയുന്നു.

ഏകദേശം 25 മുതല്‍ 30 വരെ പ്രമുഖ ബ്രാന്‍ഡുകള്‍ വരെ കോഹ്ലിയെ പരസ്യമുഖമാക്കിയിട്ടുണ്ട്. പ്യൂമ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്ലി എട്ട് വര്‍ഷത്തെ കരാറിന് 2017-ല്‍ നേടിയത് 110 കോടിയാണ്. വിരാടിന്റെ പേരില്‍ വ്യക്തിഗത വസ്ത്രങ്ങളും ഷൂ ലൈനും ജര്‍മ്മന്‍ സ്പോര്‍ട്സ് വെയര്‍ കമ്പനി പുറത്തിറക്കി.

മിന്ത്രയുടെ കരാര്‍ ഒപ്പിട്ടത് വിരാട് കോഹ്ലിയുംഅനുഷ്‌ക ശര്‍മ്മയും ഒരുമിച്ചാണ്, 2019-ല്‍ 10 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. വിവോ, ഓഡി ഇന്ത്യ, മാന്യാവര്‍, വോണ്‍, ടൂ യം, എംആര്‍എഫ് ടയേര്‍സ്, ഫിലിപ്പ്‌സ്, യൂബര്‍, വിക്ക്‌സ് തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെയും പ്രമോഷന്റെ മുഖമാണ് വിരാട് കോഹ്ലി. 

കോഹ്ലിക്ക് നിക്ഷേപകന്‍ കൂടിയായ മൊബൈല്‍ പ്രീമിയര്‍ ലീഗ് (എംപിഎല്‍) 12 കോടി രൂപയാണ് നല്‍കുന്നത്. കോഹ്ലിയുടെ ബാറ്റില്‍ ലോഗോ ഒട്ടിച്ചതിന് പ്രതിവര്‍ഷം 12.5 കോടി രൂപയാണ് എംആര്‍എഫ് നല്‍കുന്നത്. 2015ല്‍ ഔഡിയുമായി (ഓഡി) 5 കോടി രൂപയുടെ കരാറില്‍ കോലി ഒപ്പുവച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ എംപിഎല്‍, ഓറല്‍ കെയര്‍ സ്റ്റാര്‍ട്ടപ്പ് ടൂത്ത്സി, റേഗ് കോഫി, ലൈഫ് സ്‌പൈസ്, സസ്യാധിഷ്ഠിത ഇറച്ചി ബ്രാന്‍ഡായ ബ്ലൂ ട്രൈബ് എന്നിവയുമായും വിരാട് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ 221 ദശലക്ഷം ഫോളോവേഴ്സുള്ള കോഹ്ലി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 3 ലക്ഷം രൂപയാണ് നേടുന്നത്. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മൂന്നാമത്തെ അത്ലറ്റ് കൂടിയാണ് അദ്ദേഹം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.