Sections

ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖന്‍ വിക്രം എസ് കിര്‍ലോസ്‌കര്‍ അന്തരിച്ചു

Wednesday, Nov 30, 2022
Reported By MANU KILIMANOOR

വിക്രം 1997-ല്‍ ജാപ്പനീസ് കമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെ ഇന്ത്യയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു

ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാനുമായ വിക്രം എസ് കിര്‍ലോസ്‌കര്‍ (64) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ടൊയോട്ട ഇന്ത്യ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്. 'ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടറിന്റെ വൈസ് ചെയര്‍മാന്‍ വിക്രം എസ് കിര്‍ലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങള്‍. ഈ വിഷമകരമായ ഘട്ടത്തില്‍ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു'- ടൊയോട്ട ട്വീറ്റ് ചെയ്തു.

മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എംഐടി) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ വിക്രം 1997-ല്‍ ജാപ്പനീസ് കമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെ ഇന്ത്യയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ടൊയോട്ട-കിര്‍ലോസ്‌കറിന് ബെംഗളൂരുവിനടുത്തുള്ള രാമനഗര്‍ ജില്ലയിലെ ബിദാദിയില്‍ ഒരു നിര്‍മ്മാണ പ്ലാന്റ് ഉണ്ട്.

1888-ല്‍ സ്ഥാപിതമായ കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ നാലാം തലമുറ അംഗമാണ് അദ്ദേഹം. ഭാര്യ ഗീതാഞ്ജലി കിര്‍ലോസ്‌കറും മകള്‍ മാനസി കിര്‍ലോസ്‌കറും ഉണ്ട്.കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, വിക്രമിനെ രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖരില്‍ ഒരാളായി വാഴ്ത്തി. 'ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖരില്‍ ഒരാളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീ വിക്രം കിര്‍ലോസ്‌കറിന്റെ ദു:ഖവും അകാല വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെ, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.