Sections

കേരളത്തിൽ 2026 ഓടെ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കും: മന്ത്രി 

Wednesday, Mar 29, 2023
Reported By admin
kerala

പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കുന്നതിന്ബജറ്റിൽ തുക വകയിരുത്തി


വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കി 2026 ഓടെ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച മികവ് 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകായിക അക്കാമിക രംഗങ്ങളിൽ മികവ് തെളിയിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കുന്നതിന്ബജറ്റിൽ തുക വകയിരുത്തി. മാതൃകപരമായ പ്രവർത്തനമാണ് മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ് നടത്തുന്നത്.

16 ബോർഡുകളിലായി 6.7ലക്ഷം തൊഴിലാളികൾക്ക് 25 കോടി രൂപയുടെ സഹായം വിതരണം ചെയ്യാൻ കഴിഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് ബോർഡുള്ളത്. തൊഴിലാളി അധ്വാനമാണ് ഭരണത്തുടർച്ചക്ക് കാരണമായതെന്ന ബോധ്യം ഗവൺമെന്റിനുണ്ട്. തൊഴിലാളി താൽപര്യം സംരക്ഷിച്ചു കൊണ്ടാണ് നിലവിൽ ഭരണം മുന്നോട്ട് പോകുന്നത്.

ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള 47 ലക്ഷം വിദ്യാർത്ഥികളുടെ പഠനത്തിനായി 3000 കോടി രൂപ ചെലവിൽ സ്കൂൾ കെട്ടിടങ്ങൾ പണിയുകയും സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുകയും ചെയ്തു. ഫിൻലാൻഡ് മാതൃകയിൽ സന്തോഷ സൂചികയിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സംസ്ഥാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ അദ്ധ്യാപകർക്കാവശ്യമായ പരിശീലനം നൽകും. ഒഡേപേകിന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകാൻ ഗവൺമെന്റിന് കഴിഞ്ഞുവെന്നത് അഭിമാനന്ദനാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ സ്വാഗതം ആശംസിച്ചു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച വെബ് സൈറ്റ് ഉദ്ഘാടനവും ഐ എസ് ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രഞ്ജിത് പി മനോഹർ ചടങ്ങിന് നന്ദി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.