Sections

കൊവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു മുന്നില്‍

Tuesday, Nov 01, 2022
Reported By MANU KILIMANOOR

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്

കേരളത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം നിലവിലെ 56ല്‍ നിന്ന് 57 ആക്കാനുള്ള തന്ത്രത്തിന്റെ ആദ്യ പടിയായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് അറുപതാക്കി ഉയര്‍ത്തിയത്.128 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒന്നര ലക്ഷം ജീവനക്കാര്‍ക്കാണ് ഗുണകരം.വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിട്ടി എന്നിവിടങ്ങളിലും മൂന്നു മാസത്തിനകം പെന്‍ഷന്‍ പ്രായം അറുപതാക്കും. 44 ഇപ്പോള്‍ മൂന്നിടത്തും 56 ആണ് പെന്‍ഷന്‍ പ്രായം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന, വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതടക്കം പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി നടപ്പാക്കാന്‍ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഏപ്രില്‍ 20നു ചേര്‍ന്ന മന്ത്രിസഭായോഗം കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിട്ടി എന്നിവയെ ഒഴിവാക്കി റിപ്പോര്‍ട്ട് അംഗീകരിച്ചു.

ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവുമൊക്കെ നേടിയിട്ടും തൊഴിലിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനേ കൂടുകയാണ് കേരളത്തില്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 37.71 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നെന്നാണ് കഴിഞ്ഞ ജൂണില്‍ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചത്.പതിനൊന്ന് ശതമാനമാണ് സംസ്ഥാനത്ത തൊഴിലില്ലായ്മാ നിരക്ക്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്. രണ്ടുവര്‍ഷം മുന്‍പ്, 2020 ജൂണിലെ കണക്കനുസരിച്ച് കേരളത്തില്‍ 27.3ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.ഇക്കാലയളവില്‍ രാജ്യത്ത് 20.8 ശതമാനം മാത്രമായിരുന്നു തൊഴിലില്ലായ്മ നിരക്കെന്നത് കൂട്ടിവായിക്കുമ്പോഴാണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ ഗൗരവം വ്യക്തമാവുക. 40ലക്ഷം തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരും അഞ്ചുലക്ഷം ജോലി മുടങ്ങിപ്പോയ വനിതകളും കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

സംസ്ഥാനത്തെ 85 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ വിവരങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടും. തൊഴിലിനായി കാത്തിരിക്കുന്നവരില്‍ 85,606 എന്‍ജിനിയറിംഗ് യോഗ്യതയുള്ളവരുണ്ട്. 47400 പേര്‍ എന്‍ജിനിയറിംഗ് എന്‍ജിനിയറിംഗ് ഡിപ്ലോമ നേടിയവരുമാണ്. 8,559 എം.ബി.ബി.എസുകാരും തൊഴില്‍ കാത്തിരിക്കുന്നു.ബിരുദധാരികളായ തൊഴിലന്വേഷകരില്‍ വനിതകളാണു കൂടുതല്‍ - 7158 ഡോക്ടര്‍മാരും 26,163 എന്‍ജിനിയര്‍മാരും.

സംസ്ഥാനത്താകെ തൊഴില്‍ കാത്തിരിക്കുന്നവരില്‍ 18.52 ലക്ഷം പേരും വനിതകളാണ്. തൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണു മുന്നില്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 5,43,721 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നി ന്ന് 43,874 പേരും ജോലി കാത്തിരിക്കുന്നു. ജമ്മുകാശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഏറ്റവുമധികം തൊഴിലില്ലായ്മയുള്ളത് കേരളത്തിലാണ്.കേരളത്തിലെ യുവജനങ്ങളില്‍ 43 ശതമാനത്തിനും തൊഴിലില്ലെന്നാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വേയുടെ കണ്ടെത്തല്‍.15മുതല്‍ 29 വയസു വരെയുള്ളവരില്‍ 2019 ഒക്ടോബറില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇത് ഓരോ വര്‍ഷവും കൂടുകയാണ്. കൊവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു മുന്നില്‍, 36.3 ശതമാനം. പിന്നീട് ജമ്മുകാശ്മീര്‍ 43.9ശതമാനം നിരക്കുമായി മുന്നിലെത്തി.

എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകാശ്മീരാണ് ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ കേവലം നാല് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ. തമിഴ്‌നാട്ടില്‍ 8.9ഉം കര്‍ണാടകത്തില്‍ 7.1ഉം ശതമാനമാണ് തൊഴിലില്ലായ്മ.സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 57 ആക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം ഇരുപതിനായിരത്തിലേറെ ജീവനക്കാരാണ് വിരമിക്കുന്നത്. ഇവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 4000കോടിയോളം വേണം. ഇത് ലാഭിക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം. 5.16ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുമാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.