- Trending Now:
പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളുന്നവരെ കണ്ടെത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ സംസ്കരണ കർമ്മ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തണം. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
നിയമലംഘനങ്ങൾ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക സ്ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കണം. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തി നിയമനടപടികൾ സ്വീകരിക്കണം. കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നവരുടെ പേരുവിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണം. പാർക്കിംഗിന്റെ മറവിലുള്ള മാലിന്യം തള്ളലിനെതിരെ പോലീസ് ഇടപെട്ട് നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും ബയോബിന്നുകൾ ഉറപ്പാക്കണം. തുമ്പൂർമൊഴിപോലുള്ള കമ്മ്യൂണിറ്റി സംവിധാനങ്ങൾ നടപ്പിലാക്കണം. മാലിന്യ സംസ്കരണത്തിന് സ്വകാര്യ ഏജൻസികളുമായി കരാറിലേർപ്പെടണം. ഹരിത കർമ്മസേനയുടെ 100 ശതമാനം കവറേജ് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ അറിയിപ്പ് ബോർഡുകളും വേയ്സ്റ്റ് ബിന്നുകളും സ്ഥാപിക്കണമെന്നും സിസിടിവി ക്യാമറകൾ പ്രവർത്തന സജ്ജമാക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് യോഗത്തിൽ പറഞ്ഞു.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കൊച്ചി മേയർ എം. അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.