- Trending Now:
കോഴിക്കോട്: 1925 ഫെബ്രുവരി 13-ന് ആരംഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) നൂറു വർഷത്തെ പ്രവർത്തനങ്ങളുടെ മികവുമായി സംഘടിപ്പിച്ച ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. ദീർഘവീക്ഷണമുള്ള പരിഷ്ക്കർത്താക്കളുടെ ഒരു ചെറിയ സംഘമായി ആരംഭിച്ചത് ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആയി വളർന്ന് മുന്നേറി. ഭരണ സംവിധാനത്തോടുള്ള പ്രതിബദ്ധത, അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നിവയാൽ യുഎൽസിസിഎസ് വേറിട്ടുനിൽക്കുന്നു.
യുഎൽസിസിഎസിൻറെ സബ്സിഡിയറിയായ സർഗാലയ ആർട്ട്സ് ആൻറ് ക്രാഫ്റ്റ് വില്ലേജിൽ 'ക്രിയാത്മകത, സ്വാതന്ത്ര്യം- വെല്ലുവിളികളും അവസരങ്ങളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ വനിതാസെമിനാറും കലാകായികമേളകളും കുടുംബമേളയുമായി ദിവസങ്ങൾ നീണ്ട ആവേശകരമായ പരിപാടികളുമായാണ് ശതാബ്ദി ആഘോഷങ്ങൾക്കു പരിസമാപ്തിയായത്. നാടകം, മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിര, ചെണ്ടമേളം, മാപ്പിളപ്പാട്ട്, ലളിതഗാനം, കേരളത്തിൻറെ സമ്പന്നമായ കലാപാരമ്പര്യം വിളിച്ചോതുന്ന ലൈവ് പരിപാടികൾ തുടങ്ങി നിരവധി സാംസ്ക്കാരിക പരിപാടികൾ ശതാബ്ദിയുടെ ഭാഗമായി അരങ്ങേറി.
എം. വി. ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ഡോ. എം. കെ. മുനീർ, ജനതാദൾ എസ് നേതാവ് സി. കെ. നാണു തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കൾ അഭിസംബോധന ചെയ്ത പരിപാടിയിൽ ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി വീണാ ജോർജ്ജ്, സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി ശ്രീദേവി തുടങ്ങി പ്രമുഖർ പങ്കെടുത്തു. ടി പദ്മനാഭൻ, ആർ രാജശ്രീ, വിധു വിൻസെൻറ്, ജഗദീഷ്, ശങ്കർ രാമകൃഷ്ണൻ, വിഴിഞ്ഞം തുറമുഖ മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ശീതൾ ശ്യാം തുടങ്ങിയ പ്രമുഖരും പരിപാടികളിൽ പങ്കെടുത്തു. ഊരാളുങ്കൽ സൊസൈറ്റിയുടെ തൊഴിലാളികളുടെ മികവിനെയും സമൂഹത്തിൻറെ വ്യക്തിത്വം രൂപപ്പെടുത്താൻ അവർ വഹിച്ച പങ്കിനേയും പങ്കെടുത്തവർ പ്രകീർത്തിച്ചു.
കൂടുതൽ പുതുമകളും സാമൂഹ്യ വികസന പദ്ധതികളും ആരംഭിക്കുന്നതിൻറെ തുടക്കം മാത്രമാണ് തങ്ങളുടെ ശതാബ്ദിയാഘോഷമെന്ന് യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി ചൂണ്ടിക്കാട്ടി. ലളിതമായ ഒരു തുടക്കത്തിൽ നിന്ന് സുസ്ഥിര പുരോഗതിയുടെ സഹകരണ മാതൃകയായി ഉയർന്ന തങ്ങളുടെ പ്രയാണം അതിജീവനത്തിൻറെയും പുതുമകളുടേയും യോജിച്ചുള്ള വളർച്ചയുടേയും ഉദാഹരണമാണ്. സമൂഹത്തെ ശാക്തീകരിക്കാനും എല്ലാവരേയും ഉൾപ്പെടുത്തിയുള്ള വികസനത്തിനും തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
സാമൂഹ്യ പരിഷ്ക്കർത്താവായ വാഗ്ഭടാനന്ദനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തുടക്കം കുറിച്ച യുഎൽസിസിഎസ് സാധാരണ കൂലിപ്പണിയിൽ നിന്നും ഹൈവേകളും സ്മാർട്ട് സിറ്റികളും ഐടി ഹബ്ബുകളും ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ നടപ്പാക്കാൻ കഴിവുള്ള തൊഴിൽസേനയെ വളർത്തിയെടുത്തു. ഇൻറർനാഷണൽ കോപ്പറേറ്റീവ് അലയൻസിൽ സ്ഥിരം അംഗത്വമുള്ള ഇന്ത്യയിൽ നിന്നുള്ള ഏക പ്രാഥമിക കോപ്പറേറ്റീവ് എന്ന ആഗോള അംഗീകാരത്തിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും രമേശൻ പാലേരി കൂട്ടിച്ചേർത്തു. യു-സ്ഫിയർ എന്ന പുതിയ തുടക്കത്തിലൂടെ നിർമാണ രംഗത്തു മാറ്റങ്ങൾക്കാണു തങ്ങൾ വഴി തുറക്കുന്നത്. നിർമ്മാണ പ്രവർത്തനത്തെ വേഗമേറിയതും പരിസ്ഥിതി സൗഹാർദ്ദവും സാമ്പത്തികമായി ലാഭകരവും ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികൾക്കു തൊഴിൽ നൽകാൻ സ്ഥാപിച്ച ഊരാളുങ്കൽ ഇപ്പോൾ 18,000 പേർക്ക് തൊഴിൽ നൽകുകയും 2400 കോടി രൂപയിലേറെ വാർഷിക വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. സുപ്രധാന അടിസ്ഥാന സൗകര്യ, ഐടി, ഹൗസിങ്, ശേഷി വികസന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന യുഎൽസിസിഎസ് വളർച്ചയും സാമൂഹിക ഉത്തരവാദിത്തവും സന്തുലിതമാക്കിയാണ് മുന്നോട്ട് പോകുന്നത്.
സാമൂഹിക വികസനം എന്ന കാഴ്ചപ്പാടിൽ തുടരുന്നതിന് ഒപ്പം വിവിധ മേഖലകളിലേക്ക് വികസിക്കുമ്പോഴും സുസ്ഥിരത ഉറപ്പു വരുത്തിയാണ് യുഎൽസിസിഎസ് മുന്നോട്ടു പോകുന്നത്. അതിൻറെ ഐടി വിഭാഗമായ യുഎൽ ടെക്നോളജി സൊല്യൂഷൻസ് കേരളത്തിൻറെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്നു. രണ്ടായിരത്തിലേറെ തൊഴിൽ സൃഷ്ടിച്ച് യുഎൽ സൈബർ പാർക്ക് ടെക്നോളജി മേഖലയെ ശക്തിപ്പെടുത്തി. ഇപ്പോൾ യു-സ്ഫിയർ എന്ന സബ്സിഡിയറിയുമായി പ്രീഫാബ്രിക്കേറ്റഡ് നിർമാണത്തിലേക്ക് കൂടി യുഎൽസിസിഎസ് കടക്കുകയാണ്. സ്മാർട്ട് ആയ, വേഗത്തിലുള്ള സുസ്ഥിര നിർമാണമാണിതിലൂടെ സാധ്യമാക്കുന്നത്. മെറ്റീരിയൽ ടെസ്റ്റിങ്, പരിസ്ഥിതി സൗഹാർദ ടൂറിസം, കേരള ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജ് തുടങ്ങിയ മറ്റു പദ്ധതികളും യുഎൽസിസിഎസ് ഏറ്റെടുത്തിട്ടുണ്ട്.
സാമൂഹ്യ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധരായ യുഎൽസിസിഎസ് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മുതിർന്നവരെ പരിശീലിപ്പിക്കുന്ന യുഎൽ കെയർ നായനാർ സദനം, മുതിർന്ന പൗരൻമാർക്കുള്ള യുഎൽ കെയർ മടിത്തട്ട്, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കായുള്ള യുഎൽ കെയർ സർഗശേഷി തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഒരു നൂറ്റാണ്ടിൻറെ മികവുമായി മുന്നേറുന്ന യുഎൽസിസിഎസ് സഹകരണ രംഗത്തെ പുതുമകളുടെ ഭാവിയാണു രൂപപ്പെടുത്തുന്നത്. സുസ്ഥിരത, സാങ്കേതികവിദ്യ, സാമൂഹിക ശാക്തീകരണം തുടങ്ങിയവയെ സംയോജിപ്പിച്ച് യുഎൽസിസിഎസ് വരും ദശാബ്ദങ്ങളിൽ വിജയത്തെ പുനർനിർവചിക്കാൻ ഒരുങ്ങുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.