Sections

ആർത്തവാരോഗ്യവും വൃത്തിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഉജാസ് മെൻസ്ട്രുവൽ ഹെൽത്ത് എക്‌സ്പ്രസ് കോഴിക്കോട്ട്

Wednesday, Jan 24, 2024
Reported By Admin
Ujaas Menstrual Health Express

കോഴിക്കോട്: ആർത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആദിത്യ ബിർള ഫൗണ്ടേഷൻറെ സംരംഭമായ ഉജാസ് കോഴിക്കോട്ട് ബോധവത്ക്കരണ പ്രവർത്തനം നടത്തി. സിസ്റ്റം ടു ഓർഗനൈസ് ഹ്യൂമൻ അമെലിയോറേറ്റീവ് മെക്കാനിസം (സോഹം) എന്ന എൻജിഒയുമായി സഹകരിച്ചാണ് ഉജാസ് കേരളത്തിലെ പ്രവർത്തനത്തിനു തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ആർത്തവാരോഗ്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ശിൽപശാലകളും സാനിറ്ററി പാഡ് വിതരണവും നടത്തി.

അവബോധം വളർത്തുക, തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, ആർത്തവാരോഗ്യത്തെ കുറിച്ചു ക്രിയാത്മക ആശയ വിനിമയങ്ങൾക്ക് തുടക്കം കുറിക്കുക എന്നിവയാണ് ബോധവത്ക്കരണ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആർത്തവവുമായി ബന്ധപ്പെട്ട രീതികളുടേയും വിശ്വാസങ്ങളുടേയും നിർണായക വിവരങ്ങളും ശേഖരിക്കും. പ്രശ്ന പരിഹാരങ്ങൾക്കായും അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുന്നതിനായും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തും.

ഉജാസ് മെൻസ്ട്രൽ ഹെൽത്ത് എക്സ്പ്രസ് എന്നത് ഇത്തരത്തിലെ രാജ്യത്തെ ആദ്യ സംരംഭമാണ്. 25 സംസ്ഥാനങ്ങളിലായി 20,000-ത്തിലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് 107 പട്ടണങ്ങളിലാണ് ഇതിൻറെ ഭാഗമായി ബോധവൽക്കരണത്തിനായി എത്തുക. പ്രാദേശിക എൻജിഒകളുമായി സഹകരിച്ച് രാജ്യവ്യാപകമായി രണ്ടര ലക്ഷത്തിലധികം പാഡുകൾ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നു.

ഉജാസ് മെൻസ്ട്രൽ എക്സ്പ്രസ് എന്നത് വെറുമൊരു വാൻ അല്ലെന്നും മാറ്റത്തിൻറെ പ്രതീകമാണെന്നും ആർത്തവാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതാണെന്നും ഉജാസ് സ്ഥാപക അദ്വൈതേഷ ബിർള പറഞ്ഞു. കേരളത്തിൽ പരിശീലനം നേടിയ പ്രൊഫഷണലുകൾ നേതൃത്വം നൽകിയ ശിൽപശാലകൾ വഴി സ്ക്കൂളുകളിലും സമൂഹത്തിലും ബോധവൽക്കരണം നടത്തി. ഈ നീക്കത്തിലൂടെ മാറ്റത്തിൻറെ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും ആർത്തവാരോഗ്യം അടിസ്ഥാന അവകാശമാണെന്നു സമൂഹം മനസിലാക്കണമെന്നും അദ്വൈതേഷ ബിർള പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.