- Trending Now:
ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ ഇലോണ്‍ മസ്‌കിന് ബ്ലൂ സ്‌കൈയെ വിട്ടുകൊടുത്തിരുന്നില്ല
വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുകയും ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേല്‍ക്കുകയും ചെയ്തു. ഇതോടെ ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി ഇലോണ്‍ മസ്‌കിനോട് അങ്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. എങ്ങനെയാണെന്നല്ലേ.. ബ്ലൂ സ്‌കൈ എന്ന പേരില്‍ ഒരു പുതിയ സമൂഹ മാധ്യമം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാക്ക് ഡോര്‍സി എന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററിന്റെ മുന്‍ സി ഇ ഒ ആയി രുന്നു ജാക്ക് ഡോര്‍സി. 45 കാരനായ ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈയുടെ ബീറ്റ പതിപ്പ് ടെസ്റ്റിംഗിന് ഒരുങ്ങുകയാണ് എന്നാണ് വിവരം. സോഷ്യല്‍ മീഡിയയുടെയും അത് ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങളുടെയും ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ബ്ലൂ സ്‌കൈ ഒരു എതിരാളി ആയിരിക്കും എന്ന് ജാക്ക് ഡോര്‍സി ഈയിടെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിരുന്നു.
ട്വിറ്റെറിനെപോലെ അല്ല ബ്ലൂ സ്‌കൈ. ഒരു സൈറ്റിന് പകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ബ്ലൂ സ്‌കൈയുടെ നിര്‍മ്മാണം. ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത് ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ്. 2019 ലാണ് ബ്ലൂ സ്‌കൈ എന്ന സംരംഭം ട്വിറ്ററിന് കീഴില്‍ വികസിപ്പിച്ചു തുടങ്ങിയത്. ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ ഇലോണ്‍ മസ്‌കിന് ബ്ലൂ സ്‌കൈയെ വിട്ടുകൊടുത്തിരുന്നില്ല. ഈ ബ്ലൂ സ്‌കൈ ജാക്ക് ഡോര്‍സിക്ക് പറന്നുയരാനുള്ള നീലാകാശം ആകുമോ എന്ന് കാത്തിരുന്നു കാണാം.
ജാക്ക് ഡോര്‍സി, നോഹ ഗ്ലാസ്, ബിസ് സ്റ്റോണ്‍, ഇവാന്‍ വില്യംസ് എന്നിവര്‍ ചേര്‍ന്ന് 2006 ലാണ് ട്വിറ്റര്‍ ആരംഭിച്ചത്. സി ഇ ഒ ആയി ചുമതലയേറ്റ ജാക്ക് ഡോര്‍സി 2021 നവംബറിലാണ് ചുമതല ഒഴിയുന്നത്. പിന്നീട് പരാഗ് അഗര്വാളായിരുന്നു ട്വിറ്ററിന്റെ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ മസ്‌ക് എത്തിയതോടെ ആദ്യ നടപടിയായി പരാഗ് അഗര്‍വാളിനെ പുറത്താക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.