- Trending Now:
ഇന്നലത്തെ പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ ഏകദേശം ആറ് ശതമാനത്തോളമാണ് ഇടിഞ്ഞത്
മസ്‌കിനെതിരെ കേസെടുക്കാനുള്ള നീക്കവുമായി ട്വിറ്റര്‍. കഴിഞ്ഞ ദിവസം ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് എലോണ്‍ മസ്‌ക് പിന്മാറിയിരുന്നു. തുടര്‍ന്ന് ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഇന്നലത്തെ പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ ഏകദേശം ആറ് ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെ ട്വിറ്റര്‍ ഈ ആഴ്ച തന്നെ മസ്‌കിനെതിരെ കേസെടുക്കുകയും ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ നിലപാടുകളെ വിമര്‍ശിച്ച് നിയമപോരാട്ടം നടത്തുമെന്ന് മസ്‌കും പറഞ്ഞിട്ടുണ്ട്.
ട്വിറ്റര്‍ ഓഹരികള്‍ വെള്ളിയാഴ്ച 36.81 ഡോളറിലാണ് (ഏകദേശം 3,000 രൂപ) അവസാനിച്ചത്. ഏറ്റെടുക്കല്‍ ധനസഹായം മുടങ്ങിയതോ റെഗുലേറ്റര്‍മാര്‍ ഇടപാട് തടയുന്നതോ പോലുള്ള കാരണങ്ങളാല്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍, മസ്‌കിന് ട്വിറ്ററിന് 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 7,900 കോടി രൂപ) ബ്രേക്ക്-അപ്പ് ഫീസായി നല്‍കണമെന്ന് കരാറില്‍ പറയുന്നുണ്ട്. എന്നിരുന്നാലും, മസ്‌ക് സ്വന്തമായി കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍, ബ്രേക്ക്-അപ്പ് ഫീസ് ബാധകമാകില്ല.
വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ ട്വീറ്റര്‍ നല്‍കുന്നില്ലെന്ന് എലോണ്‍ മസ്‌ക് മുന്‍പ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്ന് താന്‍ പിന്മാറുമെന്ന് മസ്‌ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്‌ക് പറഞ്ഞത്.
ട്വിറ്ററിന് ഗുരുതരമായ സാങ്കേതിക പ്രശ്നമുണ്ടെന്നും ആരോപിച്ചിരുന്നു. കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ അല്ലെങ്കില്‍ കരാറില്‍ നിന്നു തന്നെ പിന്മാറാനോ ആണ് മസ്‌ക് ഇത്തരത്തില്‍ രംഗത്ത് വന്നിരിക്കുന്നതെന്നാണ് അന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. മസ്‌കിന്റെ നീക്കം ട്വീറ്ററിന്റെ വിപണിയെ സാരമായി ബാധിച്ചു. ട്വീറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ താനാണെന്നാണ് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.