- Trending Now:
കൊച്ചി: പൊതുനയ ഗവേഷണ സ്ഥാപനമായ ദ ഡയലോഗ് ഇന്ത്യയിലെ സംഗീത വ്യവസായത്തിലെ മാറ്റങ്ങളെ വിലയിരുത്തുന്ന ?ട്യൂണിംഗ് ഇൻ ടു ചേഞ്ച്: എംപിരിക്കൽ ഇൻസൈറ്റ്സ് ഇൻ ടു ഇന്ത്യസ് ഇവോൾവിംഗ് മ്യൂസിക് ഇൻഡസ്ട്രി? പുറത്തിറക്കി. 1,200 ഇന്ത്യൻ കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ ഈ പിയർ-റിവ്യൂഡ് പഠനം ഇന്ത്യൻ സംഗീത നിർമ്മാണ തന്ത്രത്തിൻറെ വളർച്ച, സാംസ്കാരിക നയതന്ത്രത്തിലെ അതിൻറെ പങ്ക്, പ്രാദേശിക പ്രതിഭകളുടെ ഉയർച്ച, കൂടാതെ ദീർഘകാല സ്ഥിരതക്കായി പരിഹരിക്കേണ്ട ഘടകങ്ങൾ എന്നിവ ചർച്ച ചെയ്തു.
രാജ്യത്തെ 21 ഭാഷകളിലെ കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനം ഇന്ത്യൻ സംഗീത രംഗം ആഗോളതലത്തിൽ കൂടുതൽ ഉയർന്നിടാനായുള്ള മാർഗ്ഗങ്ങളും പ്രധാന പ്രവണതകളും നയപരമായ ശുപാർശകളും അവതരിപ്പിച്ചു.
നിർദ്ദേശിക്കപ്പെട്ട ഉള്ളടക്ക മൂല്യനിർണ്ണയ മാനദണ്ഡങ്ങളുടെ സാധ്യതയുള്ള പ്രത്യാഘാതത്തെക്കുറിച്ച് ഇന്ത്യൻ സംഗീതജ്ഞർക്കിടയിൽ നിലനിൽക്കുന്ന ആശങ്കയെ ഇത് എടുത്തു കാണിക്കുന്നു. സർവേയിൽ ഏകദേശം നാലിൽ മൂന്ന് (72 ശതമാനം) പേരും ഇത്തരം മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യകതകൾ സംഗീത നിർമ്മാണത്തെ ബാധിക്കാമെന്നും, റിലീസുകൾ വൈകിപ്പിക്കാമെന്നും കരുതുന്നു. ഈ നിയമങ്ങൾ നിലവിൽ വന്നാൽ ആഗോളതലത്തിൽ സഹകരണമൊരുക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് 77 ശതമാനം പേരും ആശങ്കപ്പെടുന്നു.
രണ്ടാമതായി ഇന്ത്യൻ സംഗീത വ്യവസായത്തിലെ സർഗ്ഗാത്മകതയ്ക്കും വൈവിധ്യത്തിനും നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കാമെന്നതിനെ പഠനം അടിവരയിടുന്നു. പ്രതികരിച്ചവരിൽ 82 ശതമാനം പേരും ഏതെങ്കിലും പുതിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് റിലീസിന് മുൻപുള്ള പരിശോധനകളോ നിർദ്ദിഷ്ട മാനദണ്ഡങ്ങളുമായി യോജിക്കുന്നതോ സംഗീത വൈവിധ്യത്തെയും സർഗ്ഗാത്മകമായ വ്യക്തിത്വത്തെയും പരിമിതപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ കലാപരമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വഴക്കമുള്ളതും സന്തുലിതവുമായ ഒരു ചട്ടക്കൂട് ആവശ്യമാണെന്ന് വ്യവസായത്തിലെ ഭൂരിപക്ഷ അഭിപ്രായം വ്യക്തമാക്കുന്നു.
ഇന്ത്യ അഭൂതപൂർവമായ ഒരു സംഗീത നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമകാലിക ഇന്ത്യൻ സംഗീത വ്യവസായത്തിൻറെ ചൈതന്യത്തെ ദോഷകരമായി ബാധിക്കാതെയാണ് സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ചട്ടക്കൂടുകൾ നടപ്പിലാക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്ന് ഇന്ത്യയുടെ സംഗീത വ്യവസായത്തിൻറെ പരിവർത്തന ഘട്ടത്തെ എടുത്തു കാണിച്ചു കൊണ്ട് ഡയലോഗിൻറെ സ്ഥാപകൻ കാസിം റിസ്വി പറഞ്ഞു.
മൂന്നാമതായി സാമ്പത്തിക പരിമിതികൾ പ്രധാന ആശങ്കയായി ഉയർന്നുവരുന്നു. ഓൺലൈനിൽ സ്ട്രീം ചെയ്യുന്ന സംഗീതത്തിന് റിലീസിന് മുമ്പുള്ള പരിശോധന നിർബന്ധമാക്കിയാൽ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ചെലവുകൾ അവരുടെ ബജറ്റിനെ ബാധിക്കുമെന്ന് 80 ശതമാനം കലാകാരന്മാരും അഭിപ്രയപ്പെട്ടു. കൂടാതെ 75 ശതമാനം സംഗീതജ്ഞർ ഇത്തരത്തിലുള്ള റിലീസ് മുൻപരിശോധന നടപടികൾ പ്രവർത്തന സങ്കീർണത വർദ്ധിപ്പിക്കുകയും ആവിഷ്കാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ചു.
സംഗീത വ്യവസായത്തിൻറെ വളർച്ചയെ ശക്തിപ്പെടുത്താൻ ആവശ്യമായ തന്ത്രപരമായ ഇടപെടലുകൾ പഠനം മുന്നോട്ട് വെക്കുന്നു. 51 ശതമാനം സംഗീതജ്ഞരും പ്രവേശന തടസ്സങ്ങൾ കുറയ്ക്കുകയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞു. 48 ശതമാനം പേരും ഇന്ത്യയിലെ ലൈവ് മ്യൂസിക് രംഗത്തെ അടിസ്ഥാനസൗകര്യ വിടവുകൾ എടുത്തു കാണിച്ചു. പ്രദർശന വേദികളിലും സാങ്കേതിക സൗകര്യങ്ങളിലും നിക്ഷേപത്തിന് വലിയ അവസരങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.
46 കോടി പ്രതിദിന സ്ട്രീമുകളും 2026-ഓടെ 3,700 കോടി രൂപയായി വ്യവസായ വരുമാനം കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ സംഗീതം നിർണ്ണായകമായ ഒരു ഘട്ടത്തിലാണ്. 80 കോടി പെയ്ഡ് സബ്ക്രിപ്ഷൻ പിന്തുണയോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (റെക്കോർഡ് ചെയ്ത സംഗീതം) വരുമാനത്തിൻറെ 87 ശതമാനം സംഭാവന ചെയ്യുന്നു. പ്രാദേശിക സംഗീത സ്ട്രീമിംഗ് 81 ശതമാനം വർദ്ധിച്ചതിനൊപ്പം, 2019 മുതൽ ഇന്ത്യൻ സംഗീതത്തിൻറെ ആഗോള ഉപയോഗം 2,000 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാലും നിയന്ത്രണ അനിശ്ചിതത്വം, പൈറസി, അടിസ്ഥാന സൗകര്യ വിടവുകൾ എന്നിവ ഈ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാം.
ദ ഡയലോഗിലെ പ്രണവ് ഭാസ്കർ തിവാരിയും ഗരിമ സക്സേനയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ നിക്ഷേപം നടത്തിയും, ഘടനാപരമായ പരിശീലന സംരംഭങ്ങളും സർക്കാർ പിന്തുണയുള്ള ഗ്രാൻറുകളും നൽകിയും പ്രാദേശിക കലാകാരന്മാരെ ശാക്തീകരിക്കാൻ ശുപാർശ ചെയ്യുന്നു. ആഗോള സംഗീതത്തിൽ ഇന്ത്യയുടെ സ്വാധീനം ഉയർത്താൻ കൂടുതൽ അന്താരാഷ്ട്ര സഹകരണങ്ങൾ, സംഗീതോത്സവങ്ങളിൽ സർക്കാർ സൗകര്യമൊരുക്കുന്ന പങ്കാളിത്തം, സംഗീത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ആവശ്യകത റിപ്പോർട്ട് എടുത്തു കാണിക്കുന്നു. ഡിജിറ്റൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഐടി നിയമങ്ങൾ 2021 അനുസരിച്ച് വ്യവസായം ഇതിനകം പ്രവർത്തിക്കുന്നതിനാൽ കൂടുതൽ നിയന്ത്രണ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് ഈ വളർച്ചയെ ബാധിക്കാമെന്ന് സർവേയിലെ കലാകാരന്മാർ മുന്നറിയിപ്പ് നൽകി.
സമഗ്രമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട്, പ്രാദേശികം, ക്ലാസിക്കൽ, ജനപ്രിയ (ഫോക്ക്), ഇൻഡി, ഹിപ്-ഹോപ്, സമകാലിക വിഭാഗങ്ങളിലെ സംഗീതജ്ഞരിൽ നിന്നുള്ള പ്രതികരണങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 69 ശതമാനം സംഗീതജ്ഞർ ഹിന്ദിയിലും, 64 ശതമാനം ഇംഗ്ലീഷിലും, 15 ശതമാനം വിവിധ പ്രാദേശിക ഭാഷകളിലും ഉള്ളടക്കം സൃഷ്ടിക്കുന്നവരാണ്.
റിപ്പോർട്ടിലെ വിശദമായ കണ്ടെത്തലുകൾക്ക് https://thedialogue.co/publication/suvey-report-tuning-into-change-empirical-insights-into-indias-evolving-music-industry/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.