- Trending Now:
നിസാരമെന്നു തോന്നിയേക്കാവുന്ന ചില സാമ്പത്തിക വീഴ്ചകളാകും നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ബിസിനസിനെ തകര്‍ത്തു കളയുക
മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന ബിസിനസില്‍ പോലും പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആസൂത്രണ പ്രശ്‌നങ്ങള്‍ പലപ്പോഴും വിള്ളല്‍ വരുത്താറുണ്ട്. തെറ്റായ സാമ്പത്തിക ഇടപാടുകളും അബദ്ധങ്ങളും എത്ര നന്നായി നടക്കുന്ന ബിസിനസിനെയും ദീര്‍ഘദൂരം മുന്നോട്ട് കൊണ്ടുപോകില്ല. സാമ്പത്തിക കാര്യങ്ങളിലെ ചില വീഴ്ചകള്‍ സംരംഭകര്‍ ശ്രദ്ധിക്കാതെ പോകുകയും പിന്നീടവ വന്‍ പരാജയങ്ങളില്‍ കലാശിക്കുകയും ചെയ്ത നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നിസാരമെന്നു തോന്നിയേക്കാവുന്ന ചില സാമ്പത്തിക വീഴ്ചകളാകും നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ബിസിനസിനെ തകര്‍ത്തു കളയുക. അവ ഏതൊക്കെയൊക്കെയെന്നും ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അറിയാം.
1. ശരിയായ പണപരിവര്‍ത്തന ചക്രം
കാഷ് കണ്‍വേര്‍ഷന്‍ സൈക്കിള്‍ അഥവാ ബിസിനസിലെ പണപരിവര്‍ത്തന ചക്രം ശരിയായ രീതിയിലാക്കുക എന്നത് ഏതൊരു ബിസിനസിന്റെയും കാതലാണ്. ഉദാഹരണത്തിന് നിങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിങ്ങള്‍ക്ക് വേണ്ട ദിവസങ്ങള്‍ 30 ആണെന്നിരിക്കെ നിങ്ങള്‍ അതിനെ 30 തന്നെയായിട്ടായിരിക്കാം കണക്കാക്കുക. എന്നാല്‍ അവ വിറ്റഴിക്കപ്പെടാന്‍ 45 ദിവസമെടുക്കുകയും വിറ്റഴിക്കപ്പെടുന്ന അത്രയും ചരക്കു വകകള്‍ പണമായി നിങ്ങളുടെ കൈകളിലേക്കെത്താന്‍ വീണ്ടുമൊരു 15 ദിവസവും എടുത്തേക്കാം. അപ്പോള്‍ നിങ്ങളുടെ പണ പരിവര്‍ത്തന ചക്രം 60 ദിവസമാണ്. അതായത് നിങ്ങളുടെ ചരക്കുകള്‍ പണമാകാന്‍ 45 +15 = 60 ദിവസമെടുക്കുമെന്നര്‍ത്ഥം.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സംരംഭകര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ബിസിനസിലെ ക്രയവിക്രയങ്ങള്‍ കാഷ് ഫ്ളോ അറിഞ്ഞുമാത്രം ചെയ്യുക. പണത്തിന്റെ ഈ പരിവര്‍ത്തന ചക്രം കുറയ്ക്കാനുള്ള വഴികളും ആലോചിക്കണം.
2. ബജറ്റിംഗ് സിസ്റ്റം കൊണ്ടുവരിക
ബിസിനസിന്റെ വരവറിയാതെ ചെലവഴിക്കരുത്. വരും കാല റിസ്‌കുകളോ അധിക ചെലവുകളോ കണക്കിലെടുത്തു വേണം ബിസിനസില്‍ പണം കൈകാര്യം ചെയ്യാന്‍. പ്രത്യേകിച്ച് ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തേണ്ട സാഹചര്യം ഉള്ളപ്പോള്‍. ബജറ്റ് കൃത്യമായിരിക്കുക. ചെലവുകള്‍ പരിമിതപ്പെടുത്തുക. എല്ലാ ചെലവുകള്‍ക്കും കൃത്യമായി പണം നീക്കിവെച്ച് അതിനുള്ളില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
3. ദീര്‍ഘകാല അസറ്റുകള്‍ക്കും പദ്ധതികള്‍ക്കുമായി ഹ്രസ്വകാല വായ്പകള്‍ എടുക്കരുത്
സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ 'കോമണ്‍സെന്‍സ്' ആയിരിക്കണം ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇന്ന് നിരവധി ബാങ്കുകളാണ് ഉയര്‍ന്ന പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പകളായി വലിയ തുക വാഗ്ദാനം ചെയ്ത് നിങ്ങളുടെ മുന്നിലെത്തുന്നത്. വലിയ തുകയാണെങ്കിലും പെട്ടെന്ന് അടച്ചുതീര്‍ക്കാമെന്ന അമിത ആത്മവിശ്വാസത്തോടെ വളരെ കുറഞ്ഞ കാലാവധിയില്‍ തിരിച്ചടയ്ക്കുന്ന വായ്പകള്‍ എടുക്കരുത്. പ്രത്യേകിച്ച് ദീര്‍ഘകാലത്തേക്കായി നാം നിക്ഷേപിക്കുന്ന മെഷിനറിയോ സ്ഥല സൗകര്യ വിപുലീകരണമോ പോലുള്ള കാര്യങ്ങളില്‍.
കേരളത്തിലെ പ്രത്യേകമായ സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും നടപ്പാക്കാനും വലിയ കാലതാമസം വരുന്നതു കാരണം ഇത് പിന്നീട് വലിയ ബാധ്യതയായേക്കാം. ദീര്‍ഘകാല ആസ്തികള്‍ക്കും പദ്ധതികള്‍ക്കുമായി ഹ്രസ്വകാല വായ്പകള്‍ എടുക്കുന്നതാണ് അസറ്റ് ലയബലിറ്റി മാനേജ്‌മെന്റിലെ അപാകതയായി കണക്കാക്കപ്പെടുന്നത്. ഹ്രസ്വകാല വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്ന കാര്യം മറക്കരുത്. ഇത് നിങ്ങളുടെ ബിസിനസിലെ പണമാണെന്നതും മറക്കേണ്ട.
4. ബിസിനസില്‍ നിന്നുള്ള വരുമാനം മറ്റു പലതിനുമായി ഉപയോഗപ്പെടുത്തരുത്
ഫണ്ടുകളുടെ വിനിയോഗത്തില്‍ സംരംഭകര്‍ കൈക്കൊള്ളുന്ന ചില തെറ്റായ തീരുമാനങ്ങള്‍ ബിസിനസിനെ സാരമായി ബാധിച്ചേക്കാം. ബിസിനസില്‍ നിന്നുള്ള വരുമാനം മറ്റു പലതിനുമായി ഉപയോഗപ്പെടുത്തുന്നതാണിത്. ഉദാഹരണത്തിന് ബിസിനസില്‍ നിന്നുള്ള ലാഭമെടുത്ത് പലരും അവധിക്കാല വസതി പണിയുന്നതോ ആഡംബര കാര്‍ വാങ്ങുന്നതോ പോലുള്ള അത്യാവശ്യമല്ലാത്ത ആസ്തികള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ ഫണ്ട് വിനിയോഗം നടത്തി പ്രതിസന്ധിയിലായ നിരവധി പ്രസ്ഥാനങ്ങളുണ്ട്. അതുപോലെ തന്നെ പബ്ലിസിറ്റിക്ക് വേണ്ടി അമിതമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമുണ്ട്. ഇതിനെല്ലാം ബിസിനസിലെ പണമാണ് പോകുന്നതെന്ന് തിരിച്ചറിയാന്‍ പലപ്പോഴും വൈകുന്നു.
5. പരിചയമില്ലാത്ത മേഖലയില്‍ പണമിറക്കരുത്
പരിചയമില്ലാത്ത മേഖലകളില്‍ ബിസിനസ് ചെയ്യാതിരിക്കുക എന്നത് ഏതൊരു സംരംഭകനും മനസില്‍ വയ്ക്കേണ്ട പാഠമാണ്. അതുപോലെ തന്നെയാണ് ഒരു ബിസിനസ് വിജയിച്ചു കഴിയുമ്പോള്‍ അതിന്റെ കീഴില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ബിസിനസ് തുടങ്ങുന്നത്. ഇത് തെറ്റായ വൈവിധ്യവല്‍ക്കരണ രീതിയാണ്. വിവിധ മേഖലകളിലേക്ക് ശ്രദ്ധ പതിപ്പിക്കാതെ നിലവിലുള്ള ബിസിനസിനോട് ചേര്‍ന്നു നിന്നു വളരാവുന്ന മറ്റൊരു ബിസിനസ് കെട്ടിപ്പടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.