Sections

സ്റ്റാർട്ടപ്പ്മഹാകുംഭിൽ ഗോത്ര സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം

Monday, Apr 07, 2025
Reported By Admin
Dharti Aab Tribpreneurs 2025: IIM & IIT Incubated Tribal Startups Win National Recognition

ഐഐഎം കൊൽക്കത്തയിലും ഐഐടി ഗുവാഹത്തിയിലും ഇൻകുബേറ്റ് ചെയ്ത എസ്ടി-നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ ദേശീയ പുരസ്കാരങ്ങൾ നൽകി

ഗോത്രകാര്യ മന്ത്രാലയം,ഭാരത് മണ്ഡപത്തിൽ ജൻജാതിയ ഗൗരവ് വർഷിന് കീഴിൽ 'ധർതിആബ ട്രൈബ്പ്രണേഴ്സ് 2025' എന്ന പേരിൽ 45 സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിച്ചു

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന സ്റ്റാർട്ടപ്പ്മഹാകുംഭിൽ,കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം രാജ്യത്തെ ഗോത്രവർഗക്കാരുടെ നേതൃത്വത്തിലുള്ള 45 സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഗോത്ര സംരംഭകത്വ ശാക്തീകരണത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് കുറിച്ചു. ജൻജാതിയ ഗൗരവ് വർഷിന്റെ ഭാഗമായി 'ധർതിആബ ട്രൈബ്പ്രണേഴ്സ് 2025' എന്ന സംരംഭത്തിന് കീഴിൽ സംഘടിപ്പിച്ച ഈ പരിപാടി ഡീപ് ടെക് മുതൽ ജൈവകൃഷി, ഹരിത ഊർജ്ജം വരെയുള്ള മേഖലകളിൽ നിന്നുള്ള നൂതനാശയങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ ഗോത്ര സംരംഭകരുടെ വർദ്ധിച്ചുവരുന്ന പങ്കിന് തെളിവായി ഐഐഎം കൊൽക്കത്ത, ഐഐടി ഗുവാഹത്തി എന്നിവിടങ്ങളിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള രണ്ട് ഗോത്രവർഗ സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ദേശീയ അംഗീകാരമായി പുരസ്കാരങ്ങൾ നൽകി.

ഈ നേട്ടം കൈവരിച്ച സ്റ്റാർട്ടപ്പുകളുടെ മാതൃകാപരമായ ആശയങ്ങൾക്കും സമൂഹത്തിന്റെ വികസനത്തിനായുള്ള സമർപ്പണത്തിനും ഗോത്രവർഗ കാര്യ മന്ത്രി ശ്രീ ജുവൽ ഓറമും ഗോത്രവർഗ കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ വിഭുനായരും അവയെ അഭിനന്ദിച്ചു. ഒരു ദേശീയ വേദിയിൽ ഇന്ത്യയുടെ ഗോത്ര ജനതയുടെ അഭിലാഷങ്ങളും വൈഭവവും പ്രതിനിധീകരിക്കുന്നതിൽ മേളയിൽ പങ്കെടുക്കുന്ന എല്ലാ സംരംഭകരെയും അവർ അഭിനന്ദിച്ചു.

പുരസ്കാരങ്ങൾ നേടിയ എസ്ടി സംരംഭകരുടെ സ്റ്റാർട്ടപ്പുകൾ

1.ഔർ ഗസ്റ്റ് ട്രാവൽസ് (ടോപ്പ് വ്യൂ പ്രൈവറ്റ് ലിമിറ്റഡ്)

ഐഐഎം കൊൽക്കത്തയിൽ ഇൻകുബേറ്റ് ചെയ്തു | മേഖല: സുസ്ഥിര ടൂറിസം

സിക്കിമിലെ ഗാങ്ടോക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഔർ ഗസ്റ്റ് ട്രാവൽസിന് (www.ourguest.in) ഡി2സി (ഡയറക്ട്-ടു-കൺസ്യൂമർ) പുരസ്കാരം ലഭിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഓൺലൈൻ ട്രാവൽ അഗ്രഗേറ്റർ സംരംഭം (ഒടിഎ) എന്ന നിലയിൽ, സിക്കിം, നോർത്ത് ബംഗാൾ, അസം, മേഘാലയ, അരുണാചൽ പ്രദേശ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലുടനീളമുള്ള ഹോംസ്റ്റേകൾ, ഫാംസ്റ്റേകൾ, റിസോർട്ടുകൾ, ടൂർ ഗൈഡ് എന്നിവയുടെ ക്യൂറേറ്റഡ് സേവനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. 600-ലധികം ഹോംസ്റ്റേകളും 50-ലധികം ഗൈഡുകളുമുള്ള ഈ പ്ലാറ്റ്ഫോം 6,000-ത്തിലധികം യാത്രക്കാർക്ക് സേവനം നൽകുകയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെയും ഇക്കോ-ടൂറിസത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ശക്തമായ ഒരു ഗോത്ര സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ളള മന്ത്രാലയത്തിന്റെ 100 ദിവസത്തെ അജണ്ടയ്ക്ക് കീഴിലുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ അംഗീകാരം.

2.എൻഗുരി ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ്

ഐഐടി ഗുവാഹത്തിയിൽ ഇൻകുബേറ്റ് ചെയ്തു | മേഖല: അഗ്രിടെക് & ഓർഗാനിക് ഫാമിംഗ്

സുസ്ഥിര കൃഷിയിലെ പരിവർത്തന പ്രവർത്തനങ്ങൾക്ക് 'എൻഗുരി ഓർഗാനിക്' അഗ്രിടെക് പുരസ്കാരം നേടി. ഡാറ്റാധിഷ്ഠിത ഗവേഷണം, പ്രിസിഷൻ ഫാമിംഗ്, ബ്ലോക്ക്ചെയിൻ അധിഷ്ഠിത സുതാര്യ പ്രവർത്തനങ്ങൾ എന്നിവ ഉപയോഗിച്ച് കർഷകർക്ക് വിവിധ മേഖലകളിലായി ഇനി പറയുന്ന പരിഹാര മാർഗങ്ങൾ നൽകി ശാക്തീകരിക്കുന്ന സ്റ്റാർട്ടപ്പ് ആണിത്.

  • ജല ഉപയോഗം കുറയ്ക്കുക

  • മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക

  • വിള ഉൽപാദനം വർദ്ധിപ്പിക്കുക

  • പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുക

  • ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുക

വെബ്സൈറ്റ്: https://ngurie.com

ഗോത്ര സംരംഭകത്വത്തെക്കുറിച്ചുള്ള വീഡിയോ കോൺഫറൻസ് / ഏഞ്ചൽ നിക്ഷേപകരുടെ പ്രത്യേക സെഷനുകൾ

'ഭാരതത്തിൽ നിക്ഷേപം നടത്തുക: മെട്രോയ്ക്ക് അപ്പുറമുള്ള സ്റ്റാർട്ടപ്പ് സാധ്യതകൾ അനാവരണം ചെയ്യുന്നു ' എന്ന ശീർഷകത്തിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പ്, നിക്ഷേപ ആവാസവ്യവസ്ഥയിലെ പ്രമുഖർ പങ്കെടുത്ത ഒരു പാനൽ ചർച്ച പരിപാടിയിൽ ഉണ്ടായിരുന്നു.

ടി. റൗമുവാൻ പൈറ്റ്, ജോയിന്റ് സെക്രട്ടറി, ഗോത്ര കാര്യ മന്ത്രാലയം, വിക്രം ഗുപ്ത- ഐവിക്യാപ്പ് വെഞ്ച്വേഴ്സ്, സന്ദീപ് നാഗ്ഭൂഷൺ ഐതൽ- ഇൻഫോസിസ് ലിമിറ്റഡ്,വിനീത് ഖുറാന- എസ്എസിസി ഇന്ത്യ, തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചർച്ചയിൽ അമിത് പാണ്ഡെ-ഐവിസിഎ മോഡറേറ്റർ ആയി

കൂടാതെ, ഐഐടി ഡൽഹിയിലെ അധ്യാപകർ രൂപകല്പനയെ കുറിച്ചുള്ള ഒരു പ്രത്യേക ശില്പശാല നടത്തി.ഗോത്ര സ്റ്റാർട്ടപ്പുകളെ അവരുടെ ബിസിനസ്സ് ആശയങ്ങൾ പരിഷ്കരിക്കാനും വ്യാപിപ്പിക്കാനും ഇത് സഹായിച്ചു.

ഗോത്ര സംരംഭകരുടെ അടുത്ത തലമുറയെ ശാക്തീകരിക്കൽ

3 ദിവസത്തെ പരിപാടിയിൽ 45 ഗോത്ര സ്റ്റാർട്ടപ്പ് സ്ഥാപകർ, 100 ഇഎംആർഎസ് (ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ) വിദ്യാർത്ഥികൾ, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നേടിയ 150 ഗോത്ര വിദ്യാർത്ഥികൾഎന്നിവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഐഐടി ഡൽഹിയിൽ നടന്ന ഒരു ബൂട്ട്ക്യാമ്പിലും സ്റ്റാർട്ടപ്പ് മഹാകുംഭത്തിന്റെ വിവിധ സ്റ്റാർട്ടപ്പ് പ്രദർശനങ്ങളിലും ഇവർ പങ്കെടുത്തു.

ഒരു സ്വാശ്രയ ഗോത്ര ഇന്ത്യയിലേക്ക് - ധർതി ആബ ട്രൈബ്പ്രണേഴ്സ് 2025 പോലുള്ള സംരംഭങ്ങളിലൂടെ ഗോത്രകാര്യ മന്ത്രാലയം, മാർഗ്ഗനിർദ്ദേശങ്ങൾ , ധനസഹായം, ശേഷി വികസനം, പ്ലാറ്റ്ഫോം അവസരങ്ങൾ എന്നിവ സംയോജിപ്പിച്ച് കൊണ്ട് ഗോത്ര മേഖലയിലെ നൂതനാശയവിദഗ്ധർക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ ഗോത്ര സംരംഭകരുടെ സാന്നിധ്യവും അംഗീകാരവും ഗോത്ര ഇന്ത്യയെ, രാജ്യത്തിന്റെ വളർച്ചാ യാത്രയിൽ ഒരു പ്രധാന പങ്കാളിയാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയെ ആവർത്തിച്ചുറപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.